ബലാത്സംഗക്കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ സ്ഥാനം പോകുമോ എന്ന് ഇന്നറിയാം. രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന പരാതി ഇന്ന് ചേരുന്ന പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി പരിഗണിക്കും. ഡി കെ മുരളി നൽകിയ പരാതിയാണ് പ്രിവിലേജ് കമ്മിറ്റി പരിഗണിക്കുന്നത്. നിയമസഭയുടെ പെരുമാറ്റച്ചട്ടങ്ങൾ പ്രകാരം ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതിയാകുന്ന അംഗത്തെ അയോഗ്യനാക്കാനുള്ള വ്യവസ്ഥയുണ്ട്.
രാഹുലിനെതിരായ പരാതി സ്പീക്കർ പരിഗണിച്ച് പ്രിവിലേജ് ആന്റ് എത്തിക്സ് കമ്മിറ്റി പരിശോധിച്ച് സഭയ്ക്ക് അയോഗ്യനാക്കാം. രാഹുലിന്റെയും പരാതിക്കാരനായ ഡി കെ മുരളിയുടെയും വാദങ്ങൾ കേൾക്കും. ഇതിനുശേഷമാണ് നടപടിയുണ്ടാവുക. നിരന്തരം പീഡനക്കേസുകളിൽ പ്രതിയാകുന്ന ഒരാൾക്ക് നിയമനിർമ്മാണ സഭയിൽ തുടരാൻ അർഹതയില്ലെന്ന ആക്ഷേപം ശക്തമാണ്.

