Site iconSite icon Janayugom Online

ട്രേഡ്‌ യൂണിയന്‍ ഐക്യത്തിന് മുന്‍കൈ എടുത്തത്‌ ഗുരുദാസ്‌ ദാസ്‌ ഗുപ്‌ത: കാനം

രാജ്യചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ദിനമാണ് തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന് രൂപം നല്‍കിയ ഒക്ടോബര്‍ 31 എന്ന് എഐടിയുസി ദേശീയ വൈസ് പ്രസിഡന്റും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ കാനം രാജേന്ദ്രന്‍. രാജ്യത്തെ ഭരണാധികാരികളുടെ തൊഴിലാളി വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചുള്ള സമരങ്ങള്‍ക്ക്‌ ഒരു ട്രേഡ്‌ യൂണിയന്‍ ഐക്യനിര കെട്ടിപ്പടുക്കാന്‍ മുന്‍കൈയെടുത്തത്‌ എഐടിയുസി ജനറല്‍ സെക്രട്ടറിയായിരുന്ന ഗുരുദാസ്‌ ദാസ് ഗുപ്‌തയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എഐടിയുസി 102-ാം സ്ഥാപകദിനവും, ഗുരുദാസ്‌ ദാസ്‌ ഗുപ്‌ത അനുസ്‌മരണവും ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീര്‍ഘകാലങ്ങളായി നടത്തിയ പോരാട്ടങ്ങളിലൂടെ തൊഴിലാളി വര്‍ഗം നേടിയെടുത്ത അവകാശങ്ങളെല്ലാം, ഭരണകൂടം ഭൂരിപക്ഷം ഉപയോഗിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. അതിനെതിരെയുള്ള തുടര്‍പ്രക്ഷോഭങ്ങളുമായി കേന്ദ്ര ട്രേഡ് യൂണിയനുകളെല്ലാം ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നുവെന്നത് ചെറിയ പ്രവര്‍ത്തനമല്ല. എഐടിയുസിയുടെ നേതൃത്വത്തില്‍, രാജ്യത്ത് തൊഴിലാളി സംഘടനകളുടെ ഐക്യം വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ഗുരുദാസ് ദാസ് ഗുപ്തയായിരുന്നു. 90കളില്‍ ആരംഭിച്ച ആഗോള — ഉദാരവല്‍ക്കരണ നയങ്ങള്‍ തൊഴിലാളികളെ എങ്ങനെ ബാധിക്കുമെന്ന്‌ മുന്‍കൂട്ടി കണ്ട ദീര്‍ഘദൃഷ്ടിയുള്ള നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്നുകൊണ്ട് പോരാട്ടത്തില്‍ ശക്തമായി മുന്നോട്ട് പോകണമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.
പട്ടം പിഎസ് സ്‌മാരകത്തില്‍ നടന്ന പൊതുയോഗത്തില്‍ എഐടിയുസി ജില്ലാ പ്രസിഡന്റ്‌ സോളമന്‍ വെട്ടുകാട്‌ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ വി ബി ബിനു, കെ പി ശങ്കരദാസ്‌, എം ജി രാഹുല്‍, ആര്‍ പ്രസാദ്‌, ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, മീനാങ്കല്‍ കുമാര്‍, പി കെ രാജു, വട്ടിയൂര്‍ക്കാവ്‌ ശ്രീകുമാര്‍, പി എസ് നായിഡു, എം ശിവകുമാര്‍, സുനില്‍ മതിലകം, പട്ടം ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു. വട്ടിയൂര്‍ക്കാവ്‌ ജയകുമാര്‍ സ്വാഗതവും, പി ജെ സന്തോഷ്‌ നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: Trade union uni­ty was ini­ti­at­ed by Guru­das Das Gup­ta: Kanam Rajendran

You may also like this video

Exit mobile version