Site iconSite icon Janayugom Online

ട്രെയിന്‍ അപകടം: പ്രധാനകാരണം മാനുഷിക പിഴവുകള്‍

രാജ്യത്തെ ട്രെയിന്‍ അപകടങ്ങള്‍ക്ക് പ്രധാനകാരണം മാനുഷിക പിഴവെന്ന് റെയില്‍വേ ബോര്‍ഡ്. 2014 മുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 485 അപകടങ്ങള്‍ക്കും വഴിതെളിച്ചത് മാനുഷിക പിഴവായിരുന്നുവെന്നും ബോര്‍ഡ്. ട്രാഫിക് വിഭാഗത്തിലെ ജീവനക്കാരുടെ അശ്രദ്ധയാണ് 11 വര്‍ഷങ്ങള്‍ക്കിടെ അപകടങ്ങള്‍ തുടര്‍ക്കഥയായി മാറിയതിന് പിന്നിലെന്നും ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഇതു സംബന്ധിച്ച് സോണല്‍ റെയില്‍വേ മാനേജര്‍മാരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായും ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. 

ഈമാസം 24ന് റെയില്‍വേ ബോര്‍ഡ് മെമ്പര്‍ ഹിതേന്ദ്ര മല്‍ഹോത്ര (ഓപ്പറേഷണല്‍ ആന്റ് ബിസിനസ് ഡെലവപ്പ്മെന്റ്) പുറത്തിറക്കിയ സര്‍ക്കൂലറിലാണ് ട്രെയിന്‍ അപകടങ്ങള്‍ക്ക് ജീവനക്കാരുടെ അശ്രദ്ധ പ്രധാന ഹേതുവായി മാറിയതായി ചൂണ്ടിക്കാട്ടുന്നത്. 2014 മുതല്‍ ഇതുവരെ സംഭവിച്ച അപകടങ്ങള്‍ നിരത്തുന്ന സര്‍ക്കുലറില്‍ പ്രശ്നപരിഹാരം ഉടനടി സാധ്യമാക്കണമെന്നും നിര്‍ദേശിക്കുന്നു.
ട്രാഫിക് പോയിന്റുകളുടെ അശാസ്ത്രീയമായ സജ്ജീകരണം, ഷണ്ടിങ്ങിലും മേല്‍നോട്ടത്തിലും കുറുക്കുവഴികള്‍ സ്വീകരിക്കുന്നത് വഴി ഉണ്ടാകുന്ന അപകടങ്ങള്‍, അമിത വേഗത, സിഗ്നല്‍ മറികടന്നുള്ള യാത്ര എന്നിവയാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഗുരുതര വീഴ്ച. ഇതിന്റെ ഫലമായി മനുഷ്യ ജീവനുകള്‍ പൊലിയുകയും റെയില്‍വേക്ക് കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്യുന്നു. അപകടങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള പരീശീലനം, ബോധവല്‍ക്കരണം എന്നിവ ട്രാഫിക് വിഭാഗം ജീവനക്കാര്‍ക്ക് ഉറപ്പ് വരുത്താന്‍ സോണല്‍ മാനേജര്‍മാര്‍ അതീവ ശ്രദ്ധ ചെലുത്തണമെന്നും ഹിതേന്ദ്ര മല്‍ഹോത്ര സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇതിനിടെ ട്രെയിന്‍ അപകടം ലഘുകരിക്കാന്‍ തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സംവിധാനം (എടിപി) കവച് നടപ്പിലാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന ഉദാസീന നിലപാടിനെ വിമര്‍ശിച്ച് റെയില്‍വേ പാര്‍ലമെന്ററി സമിതി രംഗത്തു വന്നു. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ബിജെപി എംപിയായ സി എം രമേഷിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് കവച് പദ്ധതിയുടെ മെല്ലപ്പോക്കിനെ രൂക്ഷമായി വിമര്‍ശിച്ചത്.

രാജ്യത്തെ മുഴുവന്‍ റെയില്‍ ശൃംഖലയിലും കവച് സംവിധാനം ഏര്‍പ്പെടുത്തി അപകടം നിശേഷം ഇല്ലാതാക്കുമെന്ന പ്രഖ്യാപനം ഇഴഞ്ഞ് നീങ്ങുകയാണെന്ന് സമിതി ചൂണ്ടിക്കാട്ടി. 2024–25 സാമ്പത്തിക വര്‍ഷം റെയില്‍വേ ഗവേഷണം-വികസനം എന്നിവയ്ക്കായി നീക്കി വെച്ച ബജറ്റ് വിഹിതം കേവലം 72.01 കോടി രൂപയാണ്. ഈ തുക ഗവേഷണത്തിനും ഭാവി വികസനത്തിനും പര്യാപ്തമല്ല. സൗത്ത് സെന്‍ട്രല്‍ സോണില്‍ 1,465 കിലോമീറ്ററില്‍ മാത്രമാണ് ഇതുവരെ കവച് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുള്ളത്. നോര്‍ത്ത് സെന്‍ട്രലില്‍ 80 കിലോമീറ്റര്‍ മാത്രമാണ് പൂര്‍ത്തിയായത്. 99.04 ശതമാനം ബ്രോഡ്ഗേജ് പാതയിലും കവച് സംവിധാനം ഏര്‍പ്പെടുത്താന്‍ സാധിച്ചിട്ടില്ല. ട്രെയിന്‍ അപകടം ഇല്ലാതാക്കാന്‍ അധിക ബജറ്റ് വിഹിതം അനുവദിച്ച് കവച് പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും സമിതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

Exit mobile version