Site iconSite icon Janayugom Online

റെയില്‍വേയില്‍ യു ടേണ്‍

അടിക്കടിയുണ്ടാകുന്ന ട്രെയിനപകടങ്ങളുടെയും മരണങ്ങളുടെയും പശ്ചാത്തലത്തില്‍ റെയില്‍വേ റിക്രൂട്ട്മെന്റ് രീതിയില്‍ വീണ്ടും അഴിച്ചുപണി. എട്ട് റെയില്‍വേ സര്‍വീസുകള്‍ ഒറ്റസര്‍വീസായി മാറ്റിയ നടപടിയില്‍ അഞ്ച് വര്‍ഷത്തിന് ശേഷമാണ് യുടേണ്‍. 

ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുക ലക്ഷ്യമിട്ടാണ് 2019ല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് മുന്‍കയ്യെടുത്ത് എട്ട് സര്‍വീസുകളായി തിരിച്ചുള്ള റിക്രൂട്ട്മെന്റിന് പകരം റെയില്‍വേ മാനേജ്മെന്റ് സര്‍വീസിലേക്ക് (ഐആര്‍എംഎസ്) എന്ന പരിഷ്കാരം കൊണ്ടുവന്നത്. എന്നാല്‍ ഇത് ഉപേക്ഷിച്ച് റെയില്‍വേ സേവനങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ് രണ്ട് വ്യത്യസ്ത പരീക്ഷകളിലൂടെ നടത്താനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം. സിവില്‍ സര്‍വീസസ് എക്സാമിനേഷന്‍ (സിഎസ്ഇ), എന്‍ജിനീയറിങ് സര്‍വീസ്, സാങ്കേതിക, സാങ്കേതികേതര സേവനങ്ങള്‍ക്കുള്ള (ഇഎസ്ഇ) പരീക്ഷ എന്നിവയാണ് നടത്തുക. ഇത് ഉടനടി വേണമെന്ന് പരീക്ഷയുടെ നോഡല്‍ ഏജന്‍സിയായ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന് റെയില്‍വേ മന്ത്രാലയം കത്തയച്ചു. 

വിവിധ വകുപ്പുകളായി തിരിഞ്ഞുള്ള റെയിൽവേയുടെ പ്രവർത്തനം ഏകോപനം അവതാളത്തിലാക്കുന്നുവെന്നും റെയിൽവേ വികസനത്തിനുള്ള വേഗം കുറയ്ക്കുന്നുവെന്നുമായിരുന്നു ബിബേക് ദെബ്റോയ് സമിതിയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇതുപ്രകാരമാണ് 2019ല്‍ എന്‍ജിനീയറിങ്, ട്രാഫിക്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ തുടങ്ങിയ എട്ട് ഗ്രൂപ്പുകളെ ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവീസസ് (ഐആര്‍എംഎസ്) എന്ന ഒറ്റ സർവീസാക്കി മാറ്റിയത്.
2022 മുതല്‍ രണ്ടുതവണ ഐആര്‍എംഎസ് സിവില്‍ സര്‍വീസ് പരീക്ഷ നടത്തിയെങ്കിലും കാര്യമായ നിയമനം നടത്തിയില്ല. ഇത് റെയില്‍വേയില്‍ ജീവനക്കാരുടെ അഭാവത്തിന് കാരണമായി. 150 പേര്‍ക്കായി അപേക്ഷ ക്ഷണിച്ച്, 130 പേരെ തിരഞ്ഞെടുത്തതില്‍ 40 പേര്‍ മാത്രമാണ് പരിശീലനത്തിനെത്തിയത്. രണ്ടാംഘട്ടത്തില്‍ 150 പേര്‍ക്കായി അപേക്ഷ ക്ഷണിച്ചപ്പോള്‍ 84 പേരെ മാത്രമാണ് തിരഞ്ഞെടുത്തത്. ഐആര്‍എംഎസ് വഴി നിയമനം ലഭിക്കുന്ന ഉദ്യോഗസ്ഥരില്‍ മിക്കവരും എന്‍ജിനീയറിങ് മേഖലയില്‍ അറിവ് കുറഞ്ഞവരാണെന്നതും റെയില്‍വേക്ക് തിരിച്ചടിയായി. അടിസ്ഥാനപരമായി എന്‍ജിനീയറിങ് മേഖലയായ റെയില്‍വേയില്‍ വൈദഗ്ധ്യം നേടിയ ജീവനക്കാര്‍ കുറയുന്നതിന് ഇത് ഇടയാക്കിയെന്നാണ് വിലയിരുത്തല്‍. 

അടുത്ത വര്‍ഷം നടക്കുന്ന ഇഎസ്ഇ റിക്രൂട്ട്മെന്റില്‍ സാങ്കേതിക ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തണമെന്ന് ഈ മാസം അഞ്ചിന് അയച്ച കത്തില്‍ റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം 2025ലെ ഇഎസ്ഇ വിജ്ഞാപനം ഇതിനകം പുറപ്പെടുവിച്ചതിനാല്‍, ടെക്നിക്കല്‍ ഓഫിസര്‍മാരായി 225 എന്‍ജിനിയര്‍മാരുടെ തസ്തിക വിജ്ഞാപനത്തില്‍ അനുബന്ധമായി ചേര്‍ക്കണമെന്ന് റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ടു. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നീട്ടാനും യുപിഎസ‍്സിയുടെ വെബ്സൈറ്റില്‍ അറിയിക്കാനും കത്തില്‍ നിര്‍ദേശിച്ചു. സിവിൽ എൻജിനീയറിങ് (75), മെക്കാനിക്കൽ എൻജിനീയറിങ് (40), ഇലക്ട്രിക്കൽ എൻജിനീയറിങ് (50), സിഗ്നൽ & ടെലികമ്യൂണിക്കേഷൻസ് (40), സ്റ്റോഴ്സ് (20) എന്നീ വിഭാഗങ്ങളിലാണ് 225 തസ്തികകൾ നികത്തുക. പുതിയ പരിഷ്കാരത്തിലൂടെ വീണ്ടും കാര്യക്ഷമത കൈവരിക്കാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ.
അതേസമയം ആദ്യം മണ്ടന്‍ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുക, പിന്നീട് തിരുത്തുക എന്ന രീതിയിലാണ് മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എക്സില്‍ പറഞ്ഞു.

Exit mobile version