ഡൽഹി ചെങ്കോട്ടയിൽ ഉണ്ടായ സ്ഫോടനത്തിൽ ചാവേറായത് ഉമർ മുഹമ്മദ് എന്ന ഭീകരവാദിയെന്ന് സൂചന. സ്ഫോടനത്തിന് ഉപയോഗിച്ച ഹുണ്ടായ് ഐ20 കാർ ഓടിച്ചത് ഫരീദാബാദിൽ നിന്നുള്ള ഉമർ മുഹമ്മദ് ആണെന്ന് ഡൽഹി പൊലീസിന്റെ പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു.കാശ്‌മീരി ഡോക്ടറായ ഇയാളെ ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് മുൻപ് തന്നെ പൊലീസ് തെരഞ്ഞു വരികയായിരുന്നു.
കാർ ഓടിച്ച ഇയാളുടെ മൃതദേഹം ഡിഎൻഎ പരിശോധനക്ക് വിധേയമാക്കും. കറുത്ത മാസ്കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇത് ഉമര്‍ മുഹമ്മദാണെന്ന കാര്യമടക്കമാണ് പൊലീസ് പരിശോധിക്കുന്നത്. മാസ്ക് ധരിച്ച ഒരാള്‍ കാര്‍ ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്നു മണിക്കൂർ നിർത്തിയിട്ടു. ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്നാണ് സൂചന. സ്ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

