Site iconSite icon Janayugom Online

പി സി ജോര്‍ജ്ജ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ; ആശുപത്രിയില്‍ പൊലീസ് കാവല്‍

ചാനല്‍ചര്‍ച്ചയില്‍ മത വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ റിമാന്‍റിലായതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പി സി ജോര്‍ജ്ജ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുന്നു. ഇസിജി വേരിയേഷനെ തുടര്‍ന്നാണ് പി സി ജോര്‍ജിനെ ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നത്. 48മണിക്കൂര്‍ നിരീക്ഷണമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

നിലവില്‍ ജോര്‍ജ്ജിന്റെ ആരോഗ്യം തൃപ്തികരമാണ്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തും. അതേ സമയം അടുത്ത ദിവസം പി സി ജോര്‍ജ്ജ് വീണ്ടും ജാമ്യാപേക്ഷ നല്‍കും.മത വിദ്വേഷ പരാമർശ കേസില്‍ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ പി സി ജോർജിനെ ഇന്നലെ വൈകിട്ട് 6 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടശേഷമാണ് പാല സബ് ജയിലിലേക്ക് അയച്ചത്. മുൻപ് നടത്തിയ വിദ്വേഷ പരമാർശങ്ങൾ അടക്കം ചൂണ്ടികാട്ടിയാണ് പി സി ജോർജിന്റെ ജാമ്യപേക്ഷ കോടതി തള്ളിയത്. പാലാ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് വൈദ്യ പരിശോധനയ്ക്കായി കോട്ടയം മെഡ‍ിക്കൽ കോളേജിൽ എത്തിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ഇസിജിയിൽ വേരിയേഷൻ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Exit mobile version