2022 ഫെബ്രുവരി ഒന്നാം തീയതി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ 2022–23 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് ഇന്ത്യയിലെ സാമ്പത്തിക വിദഗ്ധരും രാഷ്ട്രീയ നേതൃത്വവും പൊതുസമൂഹവും ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. മുന്‍കാല ബജറ്റില്‍ പ്രഖ്യാപിച്ച പൊതുമേഖലാ ആസ്തികളുടെ സ്വകാര്യവല്‍ക്കരണമുള്‍പ്പെടെയുളള സാമ്പത്തികനയങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന കോവിഡ് കാലത്തും തുടരുമോയെന്നതാണ് ഇതിന് പിന്നിലെ കാരണം. കോവിഡ് സൃഷ്ടിച്ച സാമൂഹ്യസാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍, സമ്പത്ത് സൃഷ്ടിക്കുന്ന കാര്യത്തില്‍ മാത്രമല്ല സുസ്ഥിരമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ദുര്‍ബലര്‍ക്ക് സാമൂഹ്യസുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഇന്ത്യക്ക് ഇത് അവസരമായി വിനിയോഗിക്കുമോയെന്നതും വളരെ പ്രധാനമാണ്.
2022–23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ഇന്ത്യയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കാര്‍ഷികോല്പാദനം വര്‍ധിപ്പിക്കുമെന്നും, അടിസ്ഥാന സൗകര്യങ്ങള്‍ക്കായി സര്‍ക്കാര്‍ പണം ചെലവഴിക്കുമെന്നും ഉറപ്പു വരുത്തേണ്ടതായിട്ടുണ്ട്. കോവിഡിന്റെ പുതിയ വകഭേദങ്ങളായ ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള വൈറസിന്റെ വ്യാപനംമൂലം ചില വ്യാപാര നിയന്ത്രണങ്ങള്‍ വരുമെന്നതിനാല്‍ സേവനമേഖലയെ ദോഷകരമായി ബാധിക്കുകയും ഏറ്റവും കുറഞ്ഞത് തടസം ഒഴിവാക്കുന്നതിനായി ചില നയങ്ങളും പദ്ധതികളും സര്‍ക്കാര്‍ തലത്തില്‍ കൊണ്ടുവരേണ്ടതായിട്ടുമുണ്ട്. നിലവിലെ സാഹചര്യങ്ങളില്‍ ഫെബ്രുവരി, മാര്‍ച്ച് മാസത്തില്‍ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ചില ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കാനും സാധ്യതയേറെയാണ്.
ഇതുകൂടി വായിക്കൂ: ഭക്ഷ്യോല്പന്നങ്ങളുടെ വില കുതിച്ചുയരുന്നു; അടുക്കള ബജറ്റ് താളംതെറ്റി
ലോക്ഡൗണാണ് ഇന്ത്യയില്‍ നിലനിന്നിരുന്ന സാമ്പത്തിക പ്രതിസന്ധിയെ കൂടുതല്‍ രൂക്ഷമാക്കിയത്. അതിന്റെ പ്രതിഫലനമാണ് 2020–21 സാമ്പത്തിക വര്‍ഷത്തെ നെഗറ്റീവ് വളര്‍ച്ചാ നിരക്ക് (7.3 ശതമാനം). എന്നാല്‍ 2021–22 വര്‍ഷത്തില്‍ 9.2 ശതമാനമായി വര്‍ധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദമെങ്കിലും ഒന്നാം (ഏപ്രില്‍, ജൂണ്‍) പാദത്തില്‍ 18.8 ശതമാനവും രണ്ടാം പാദത്തില്‍ (ജൂലൈ, സെപ്റ്റംബര്‍) 8.5 ശതമാനവും ജിഡിപി വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നു. 2020–21 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നാം പാദത്തില്‍ 22.4 ശതമാനവും, രണ്ടാം പാദത്തില്‍ 7.3 ശതമാനവുമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ മൂന്നാം പാദത്തിലും നാലാം പാദത്തിലും ഒമിക്രോണ്‍ വ്യാപനം ഇന്ത്യയിലെ വ്യാപാര രംഗത്ത് സ്ഥിതി സങ്കീര്‍ണമാക്കാനാണ് സാധ്യത.
നിര്‍മ്മാണ മേഖലയില്‍— ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ‑1.5 ശതമാനം രേഖപ്പെടുത്തിയതെങ്കില്‍ രണ്ടാം പാദത്തില്‍ 5.5 ശതമാനമെന്ന പോസിറ്റീവ് വളര്‍ച്ചാ നിരക്ക് പ്രകടമാണ്. കൂടാതെ ഏറ്റവും പ്രവചനാതീതമായ ഓഹരി വിപണിയില്‍ ഈ വര്‍ഷം നിഫ്റ്റിയും സെന്‍സെക്‌സും യഥാക്രമം 15 ശതമാനവും 20 ശതമാനവും ഉയര്‍ന്നതോടെ ശക്തമായ നേട്ടം കൈവരിച്ചു. എങ്കിലും കോവിഡിന്റെ മൂന്നാം തരംഗം വ്യാപകമായ പശ്ചാത്തലത്തില്‍ മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ചാനിരക്ക് നിലനിര്‍ത്താന്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പാടുപെടും.
‘ഓഹരി വിറ്റഴിക്കലും തന്ത്രപരമായ വില്പനയും’ എന്ന ശീര്‍ഷകത്തോടെയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിനെ 2021–22 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് വിശദീകരിക്കുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും കേന്ദ്രസര്‍ക്കാര്‍ തന്ത്രപരമായ ഓഹരി വിറ്റഴിക്കല്‍ തുടരുന്നു. രാജ്യത്തിന്റെ പൊതുമേഖലയെ പൂര്‍ണമായി ഇല്ലാതാക്കുകയും, പൊതുമേഖലാ ആസ്തികള്‍ സ്വകാര്യ കുത്തക കമ്പനികള്‍ക്ക് അടിയറവ് വയ്ക്കുന്ന നയങ്ങളുമാണ് നിലവില്‍ കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നത്.
ഇതുകൂടി വായിക്കൂ: മൗലികാവകാശങ്ങളെ തച്ചുതകര്‍ത്ത ബജറ്റ്
റോഡ്, റയില്‍വേ, ടെലികോം, വിമാനത്താവളങ്ങള്‍, ഊര്‍ജ വിതരണം ഉള്‍പ്പെടെയുള്ള 13 തന്ത്രപ്രധാന മേഖലകളിലെ ഇരുപതിലധികം ആസ്തികള്‍ ഈ പൈപ്പ് ലൈനിലൂടെ സമാഹരിച്ച് ആറ് ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യം വച്ചിരിക്കുന്നു. കൂടാതെ 2021–22 വര്‍ഷത്തെ ബജറ്റില്‍ 2030 ഓടു കൂടി നേടിയെടുക്കുന്നതിനു വേണ്ടി ‘ഫ്യൂച്ചര്‍ റെഡി’ എന്ന പേരില്‍ ഒരു ദേശീയ റയില്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നു. പൂര്‍ണമായി പൊതുമേഖലയിലുള്ള ഇന്ത്യന്‍ റയില്‍വേയുടെ സ്വകാര്യവല്‍ക്കരണത്തിനുള്ള സൂചനയാണിത്. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വകാര്യ പങ്കാളിത്തവും അതിനൊടൊപ്പം വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയുടെ പൊതുമേഖല പൂര്‍ണമായും തീറെഴുതി കൊടുക്കുന്ന അവസ്ഥയിലേക്കും നയിക്കും. ഇതിന് ഉത്തേജനം നല്‍കുന്ന രീതിയായിരിക്കുമോ 2022–23 ലെ കേന്ദ്ര ബജറ്റ് എന്നത് ആശങ്കാജനകമാണ്. വ്യവസായങ്ങള്‍ അഭിമുഖീകരിക്കുന്ന ഘടനാപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും, സ്വകാര്യ നിക്ഷേപത്തെയും നിയമനത്തെയും പുനരുജ്ജീവിപ്പിക്കാനും വേണ്ടി കോര്‍പറേറ്റ് നികുതി നിരക്കുകള്‍ കുറയ്ക്കുന്നതിനും ഓട്ടോമൊബൈല്‍, റിയല്‍ എസ്റ്റേറ്റ് മേഖലകളെ പിന്തുണയ്ക്കുന്നതിനുമായി ചില നയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കോവിഡ് വ്യാപനത്തിനു മുന്‍പു തന്നെ പ്രഖ്യാപിച്ചിരുന്നു. കോര്‍പറേറ്റ് മേഖലയുടെ നികുതി കുറയ്ക്കല്‍ ഉള്‍പ്പെടെയുളള പ്രീണന നയങ്ങള്‍ നിര്‍ബാധം തുടരാനും കൂടാതെ ഇന്‍കം ടാക്‌സിലും ചില പരിഷ്‌കാരങ്ങള്‍ക്കും സാധ്യതയേറെയാണ്.
ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഗ്രാമപ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനുമാണ് കേന്ദ്രസര്‍ക്കാര്‍ ഭാവിയില്‍ ശ്രദ്ധ പതിപ്പിക്കേണ്ടത്. ഗ്രാമീണ മേഖലകളിലെ അടിസ്ഥാന സൗകര്യവികസനത്തിനായി എംജിഎന്‍ആര്‍ജിഎയുടെയും ഫിനാന്‍സ് കമ്മിഷന്റെയും ഫണ്ടുകള്‍ സംയോജിപ്പിച്ചു കൊണ്ട് 2022–23 വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഓരോ പഞ്ചായത്തിലും മികച്ച റോഡുകള്‍, കുടിവെള്ള ലഭ്യത, ഡ്രൈയിനേജ് സൗകര്യങ്ങള്‍, പൊതുജനാരോഗ്യ സംവിധാനങ്ങള്‍, പൊതുസേവന കേന്ദ്രം തുടങ്ങിയ ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം.
ഇതുകൂടി വായിക്കൂ: സാധാരണക്കാരോട് പുറംതിരിഞ്ഞ കേന്ദ്രബജറ്റ്
ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വ്യാപനത്തോടെ ഇന്ത്യയിലെ ഗ്രാമങ്ങളെ പരസ്പരം ബന്ധപ്പെടുത്താനും അവിടങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പൊതുമേഖലയില്‍ ഒരു ധനകാര്യ സ്ഥാപനം ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്രബജറ്റ് ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കൂടാതെ ഇത്തരത്തിലുള്ള സാമ്പത്തിക ഉള്‍പ്പെടുത്തലിന്റെ (ഫിനാന്‍ഷ്യല്‍ ഇന്‍ക്യൂഷന്‍) വിജയം പോസ്റ്റ് ഓഫീസുകള്‍, വാണിജ്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കിയായിരിക്കണം നടപ്പിലാക്കേണ്ടത്. സാര്‍വത്രികമായ അടിസ്ഥാന വരുമാനം (യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം) പ്രോത്സാഹിപ്പിക്കുന്നതിന് ‘ഫിനാന്‍ഷ്യല്‍ ഡിജിറ്റല്‍ ഇന്‍ക്യൂഷന്’ പ്രാധാന്യം നല്‍കണം. ഇന്ത്യയിലെ മൂന്നില്‍ രണ്ട് ഭാഗത്തിനെങ്കിലും സേവനം നല്‍കുന്നത് പോസ്റ്റ് ഓഫീസുകളും സഹകരണ ബാങ്കുകളുമാണ്. ഈ രണ്ടു മേഖലകളുടെയും ശാക്തീകരണമാണ് ഗ്രാമീണ ഇന്ത്യയെ കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഒരു പരിധി വരെ കരകയറാന്‍ സഹായിക്കുക. അടിസ്ഥാന സൗകര്യവികസനം പ്രാദേശിക തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. അതിനാല്‍ വരുമാനം വര്‍ധിപ്പിക്കുന്നതിനും സമ്പദ്വ്യവസ്ഥയില്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതിനുമുള്ള ഒരു ഉറപ്പായ മാര്‍ഗമാണ് ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളിലുള്ള നിക്ഷേപം. ഇതിനായി അധിക ഫണ്ടിങ്ങിന്റെ ആവശ്യമില്ല. മറിച്ച് മുന്‍ വര്‍ഷങ്ങളില്‍ മാറ്റിവച്ച ഫണ്ടുകളുടെ മികച്ച വിനിയോഗമാണ് വേണ്ടത്.
കഴിഞ്ഞ കേന്ദ്ര ബജറ്റ് കോവിഡ് വാക്‌സിനേഷനായി 35000 കോടി രൂപയാണ് മാറ്റിവച്ചത്. അടിക്കടി ഉണ്ടാകുന്ന വൈറസ് വകഭേദങ്ങളെ നേരിടാന്‍ ശക്തമായ വികേന്ദ്രീകൃത ആരോഗ്യ സംവിധാനം കൂടിയേ തീരൂ. ഇന്ത്യയിലെ ആരോഗ്യ മേഖലയുടെ ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ട് ആരോഗ്യ മേഖലയിലുള്ള പൊതുനിക്ഷേപം വര്‍ധിപ്പിക്കണം. പ്രതിസന്ധിയിലായ ജനസാമാന്യത്തെ കൈപിടിച്ചുയര്‍ത്താന്‍ സാമൂഹ്യ സുരക്ഷാ വലയങ്ങളെ (സോഷ്യല്‍ സേഫ്റ്റി നെറ്റ് ) ശക്തിപ്പെടുത്തുന്നതിനായി സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് ഫണ്ട് വിഹിതം വര്‍ധിപ്പിക്കുമെന്ന് 2022–23 കേന്ദ്ര ബജറ്റില്‍ പ്രതീക്ഷിക്കാം.
ഇതുകൂടി വായിക്കൂ: കോവിഡ്‌ദുരന്തകാലത്തും ജനങ്ങളെ ഇത്രത്തോളം ദ്രോഹിക്കുന്ന ബജറ്റ് അസാധാരണം: കേന്ദ്രബജറ്റിലെ ചതിക്കുഴികൾ
ഏറ്റവും പുതിയ സിഎംഐഇ ഡാറ്റ അനുസരിച്ച് ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 2021 ഡിസംബറില്‍ കഴിഞ്ഞ നാല് മാസത്തെ ഉയര്‍ന്ന നിരക്കായ 7.91 ശതമാനത്തിലെത്തി. നഗരങ്ങളിലും ഗ്രാമീണ മേഖലയിലും ലോക്ഡൗണിനു ശേഷം തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്ന നിലയിലാണ്.
കോവിഡ് 19 കേസുകളുടെ എണ്ണം കൂടുകയും ഒമിക്രോണ്‍ ഭീഷണി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിയന്ത്രണങ്ങള്‍ തൊഴിലില്ലായ്മ നിരക്ക് വീണ്ടും വര്‍ധിപ്പിക്കാനാണ് സാധ്യത. കോവിഡ് മഹാമാരിക്കു മുന്‍പു തന്നെ ഇന്ത്യയിലെ തൊഴിലവസരങ്ങളില്‍ ഇടിവ് പ്രകടമായിരുന്നു. 2019ല്‍ കോവിഡിനു മുന്‍പ് തന്നെ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു. നോട്ട് നിരോധനവും ജിഎസ്ടി പരിഷ്‌കാരവും സമ്പദ്വ്യവസ്ഥയെ പിന്നോട്ടടിക്കുന്നതിന് കാരണമാവുകയും അതിലൂടെ ധാരാളം തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു.
ഇന്ത്യയിലെ വരുമാന അസമത്വം ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ കീഴിലെന്നപോലെ ഉയര്‍ന്നതാണെന്ന് 2022ലെ ആഗോള അസമത്വ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. സമ്പന്നരായ വരേണ്യവര്‍ഗമുള്ള ഇന്ത്യയെ ദരിദ്ര്യവും കടുത്ത അസമത്വവുമുള്ള രാജ്യമായി മാറ്റിയെന്നത് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന 10 ശതമാനത്തിനും താഴെയുള്ള 50 ശതമാനത്തിനും ഇടയിലുള്ള വരുമാന അന്തരം 2021ല്‍ ഒന്ന് മുതല്‍ 22 വരെയാണ്. ലോകമെമ്പാടുമുള്ള ഏറ്റവും അസമത്വമുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യയെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ പോലും ശതകോടീശ്വരന്‍മാരുടെ സമ്പത്ത് വര്‍ധിപ്പിക്കുന്നതിലേക്കാണ് നയിച്ചത്.
തൊഴില്‍, വരുമാനം, ഡിമാന്‍ഡ് സൃഷ്ടിക്കല്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന സുസ്ഥിരമായ വികസന പദ്ധതികളാണ് ഇന്നത്തെ ഇന്ത്യയ്ക്ക് വേണ്ടത്. ഇത്തരം വിഷയങ്ങളെ കേന്ദ്രസര്‍ക്കാര്‍ അഭിമുഖീകരിക്കാതെ നിരന്തരമായ കോര്‍പറേറ്റ് പ്രീണന നയങ്ങള്‍ സ്വീകരിച്ചുകൊണ്ട് സൃഷ്ടിച്ച കപട ‘സമ്പന്ന ഇന്ത്യ’യില്‍ നിന്ന് ‘ദരിദ്ര ഇന്ത്യ’യിലേക്കുള്ള ദൂരം വളരെ കുറവായിരിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇന്ത്യയുടെ പൊതുമേഖലയുടെ ആസ്തി വിറ്റ് പണമാക്കുന്നതുപ്പെടെയുള്ള നവലിബറല്‍ സാമ്പത്തിക പരിഷ്‌കാരത്തിന്റെ തുടര്‍ച്ചയാണ് 2022–23 ലെ കേന്ദ്ര ബജറ്റ് ലക്ഷ്യമാക്കുന്നതെങ്കില്‍ കോവിഡ് 19 മഹാമാരി സൃഷ്ടിച്ച സാമൂഹ്യസാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ സാധിക്കുകയില്ലെന്ന് മാത്രമല്ല ഇന്ത്യയിലെ ജനസാമാന്യത്തിന്റെ അതിജീവനം പോലും ദുഷ്‌കരമായി മാറാനാണ് സാധ്യത.