കേന്ദ്ര ബജറ്റ് യാഥാര്‍ത്ഥ്യബോധമില്ലാത്തതെന്ന് സിപിഐ. ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ യാതൊന്നും ബജറ്റ് പ്രസംഗത്തില്‍ ഇല്ലെന്ന് ദേശീയ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ആഗോള അനിശ്ചിതത്വം, ഭൗമരാഷ്ട്രീയ അസന്തുലിതാവസ്ഥ, വ്യാപാര കരാര്‍ വിഷയങ്ങള്‍ എന്നിവ അഭിസംബോധന ചെയ്യുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ല. രാജ്യത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ക്ക് പകരം ഊതിവീര്‍പ്പിച്ച പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്. പ്രധാന പദ്ധതികള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കാത്ത ബജറ്റ്, വികസനവും സാമൂഹ്യ സുരക്ഷാ ക്ഷേമ പദ്ധതികളെയും വിസ്മരിച്ചുള്ളതാണ്.
എംഎന്‍ആര്‍ഇജി പദ്ധതിയെ ഇല്ലായ്മ ചെയ്ത് നടപ്പാക്കുന്ന വിബിജി ആര്‍എഎംജി തൊഴിലുറപ്പ് പദ്ധതിയിലെ വേതനം, തൊഴിലാളികളുടെ അവകാശം എന്നിവ നിഷേധിക്കുന്ന തരത്തിലാണ്. രാജ്യത്തെ കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും ജീവിതം മെച്ചപ്പെടുത്തുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്താത്തത് നിരാശാജനകമാണ്. താങ്ങുവില പ്രഖ്യാപനം ഇപ്പോഴും മിഥ്യയായി തുടരുകയാണ്. നാല് വിവാദ ലേബര്‍ കോഡുകള്‍ നടപ്പിലാകുന്നതോടെ തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണമാകും. തൊഴില്‍ സുരക്ഷാ, സാമൂഹ്യ ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ലേബര്‍ കോഡ് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും. നിര്‍മ്മാണ മേഖലയിലെ സ്തംഭനം ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴിലവസരം നഷ്ടപ്പെടുന്നതിന് ഇടവരുത്തും. എഐ സാങ്കേതിക വിദ്യ പ്രോല്‍സാഹിപ്പിക്കുന്ന ധനമന്ത്രിയുടെ പ്രഖ്യാപനം ഭരണപരമായ മേഖലകളിലെ തൊഴില്‍ നഷ്ടത്തിന് വഴിയൊരുക്കും. ജനങ്ങളുടെ ക്ഷേമം, വികസനം എന്നിവയെ ബജറ്റ് അഭിസംബോധന ചെയ്യുന്നില്ലെന്നും സിപിഐ സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.

