ഇടവേളയ്ക്കുശേഷം കേരളവിഷയത്തില്‍ വിമര്‍ശനവുമായി കേന്ദ്ര ബിജെപി മന്ത്രി വി മുരളീധരന്‍. കൊച്ചി ബ്രഹ്മപുരം തീപിടിത്ത വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനത്തിലാണെന്നാണ് മുരളീധരന്റെ പുതിയ വിമര്‍ശനം. തീപിടിത്തമുണ്ടായത് ബന്ധുനിയമനം മൂലമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. മാലിന്യസംസ്‌ക്കരണത്തില്‍ ബന്ധുനിയമനം നടത്തിയതിനെ തുടര്‍ന്ന് വിളിച്ച് വരുത്തിയ ദുരന്തമാണ് ഇന്ന് കൊച്ചിയില്‍ കാണുന്നത് ‑വി മുരളീധരന്‍ പറഞ്ഞു.
ചിരട്ട കമഴ്ത്തിയിട്ടില്ലെങ്കില്‍ കൊതുകുവരുമെന്ന് മലയാളികളെ ഉപദേശിച്ച വ്യക്തിയാണ് പിണറായി വിജയന്‍. അദ്ദേഹം എവിടെപ്പോയി എന്ന് മാധ്യമങ്ങള്‍ അന്വേഷിച്ച് കണ്ടെത്തട്ടെ കേന്ദ്രമന്ത്രി പറയുന്നു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗ തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നഗരത്തിലും പരിസരങ്ങളിലുമുള്ള പുകപടലം ഏറെക്കുറെ കുറഞ്ഞമട്ടാണ്. ഇനിയും സമാനദുരിതങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള തയ്യാറെടുപ്പുകളും യോഗത്തിന്റെ ഭാഗമായാണ് തീരുമാനിച്ചിരിക്കുന്നത്.
മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് മാലിന്യങ്ങള്‍ മാന്ത്രി അതിനകത്തേക്ക് വെള്ളം പമ്പുചെയ്യുന്ന പ്രവൃത്തി തുടരുകയാണ്. പുക ഉയരുന്ന മേഖലകളിലാണ് ഇത്തരം പ്രവൃത്തികള്‍ നടക്കുന്നത്. മുപ്പതിലേറെ അഗ്നിശമനസേനാ യൂണിറ്റുകളാണ് ഇതിനായി യത്നിക്കുന്നത്. മുന്നൂറിലേറെ ഫയര്‍ഫോഴ്സ് ജീവനക്കാരും 70 തൊഴിലാളികളും മാലിന്യനീക്കത്തിനായി 50ഓളം ഹിറ്റാച്ചി, ജെസിബി ഓപ്പറേറ്റര്‍മാരും നാല് ഹെലികോപ്റ്ററുകളും 14 അതിതീവ്ര മര്‍ദ്ദശേഷിയുള്ള ജലവാഹക പമ്പുകളും ബ്രഹ്മപുരത്തെ പുക ശമിപ്പിക്കല്‍ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നുമുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. ബ്രഹ്മപുരത്തെ കമ്പനിക്കെതിരെ അന്വേഷണം നടത്തുമെന്ന് വ്യവസായ മന്ത്രി പി രാജീവ് ഇന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്.
English Sammury: Central Malayali Minister V Muralidharan Came with Criticism, Brahmapuram Issuess