പത്തുവയസുകാരി വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവ് സനു മോഹന് ജീവപര്യന്തം തടവ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കേസുകൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ സോമൻ ആണ് വിധിപറഞ്ഞത്.
പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം അടക്കമുള്ള എല്ലാ വകുപ്പുകളും തെളിഞ്ഞു. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും, ലഹരി പദാർത്ഥങ്ങൾ നൽകി അപായപ്പെടുത്താൻ ശ്രമിച്ചതിന് 10 വർഷം കഠിന തടവും 25,000 രൂപ പിഴയും ജുവനൈൽ ജസ്റ്റിസ് ആക്ട് വകുപ്പുകൾ പ്രകാരം 13 വർഷം തടവും കോടതി വിധിച്ചു. എല്ലാം ചേർത്ത് 28 വർഷം ശിക്ഷ അനുഭവിക്കണം. പ്രായമായ അമ്മയെ പരിചരിക്കാൻ വധശിക്ഷ ഒഴിവാക്കണമെന്ന് പ്രതി കോടതിയിൽ ആവശ്യപ്പെട്ടു.
1200 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. 98 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും വധശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ വച്ച് സനു മോഹൻ മകൾ വൈഗയെ ശീതളപാനീയത്തിൽ മദ്യം കലർത്തി നൽകി കഴുത്തിൽ ബെഡ് ഷീറ്റുകൊണ്ട് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മുട്ടാർ പുഴയിൽ എറിഞ്ഞെന്നാണ് കേസ്.
2021 മാർച്ച് 21നാണ് സംഭവം. 22ന് പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തി. ആലപ്പുഴയിലെ ഭാര്യയുടെ വീട്ടിൽനിന്ന് ബന്ധുവിന്റെ വീട്ടിലേക്ക് എന്നു പറഞ്ഞായിരുന്നു സനു മോഹൻ മകളുമായി ഇറങ്ങിയത്. പിന്നീട് ഇവരെ കാണാതായതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. തിരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഒരു മാസത്തിന് ശേഷം കർണാടകയിലെ കാർവാറിൽ നിന്നാണ് സനു മോഹൻ പിടിയിലായത്. കൊലപാതകം നടന്ന് 81-ാം ദിവസം അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. സനു മോഹനെതിരെ മഹാരാഷ്ട്രയിൽ സാമ്പത്തിക തട്ടിപ്പ് കേസുകളുണ്ടായിരുന്നു. കടബാധ്യതകളുള്ള താൻ ഏറെക്കാലം ഒളിവിൽ കഴിയാൻ തീരുമാനിച്ചിരുന്നെന്നും, ഈ സമയം മകളെ മറ്റാരും നോക്കില്ലെന്ന് കരുതിയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നുമായിരുന്നു സനുമോഹന്റെ മൊഴി.
English Summary;Vaiga murder case: Accused father gets life imprisonment, Rs 1.75 lakh fine
You may also like this video