Site iconSite icon Janayugom Online

വിക്രാന്ത് കമ്മീഷണിങ്ങിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി, ചിത്രങ്ങള്‍

vikrantvikrant

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി ഐഎന്‍എസ് വിക്രാന്ത് കമ്മീഷണിങ്ങിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി . കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിര്‍മ്മാണ ഘട്ടങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഐഎന്‍എസ് വിക്രാന്ത് അവസാനഘട്ട സമുദ്ര പരീക്ഷണങ്ങള്‍ വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞ മൂന്ന് സമുദ്ര പരീക്ഷണങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയ വിമാനവാഹിനി ഇന്നലെ കൊച്ചിയിൽ തിരിച്ചെത്തി. ചെറു യുദ്ധക്കപ്പലുകളുടെ അകമ്ബടിയോടെയാണുവിക്രാന്ത് കടലിലേക്കു യാത്ര തിരിച്ചത്. 10 ദിവസത്തിലേറെയാണ് വിവിധ പരീക്ഷണങ്ങളുമായി കടലില്‍ തുടർന്നത് . 1500 അംഗ ക്രൂ കപ്പലിലുണ്ടായിരുന്നു . കമ്മിഷനിങ്ങിനു മുന്‍പു ചെയ്തു തീര്‍ക്കേണ്ട ജോലികളില്‍ 95 ശതമാനവും പൂര്‍ത്തിയായി കഴിഞ്ഞു.

രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഓഗസ്റ്റ് ആദ്യ വാരമോ രണ്ടാം വാരമോ പ്രധാനമന്ത്രി വിമാനവാഹിനി നാടിനു സമര്‍പ്പിക്കും. നിലവില്‍ ഇന്‍ഡിജിനസ് എയര്‍ക്രാഫ്റ്റ് കാരിയര്‍ (ഐഎസി1) എന്നറിയപ്പെടുന്ന വിമാനവാഹിനി കമ്മിഷന്‍ ചെയ്യുന്നതോടെ ഔദ്യോഗിക രേഖകളിലും ഐഎന്‍എസ് വിക്രാന്ത് എന്ന പേരിലാകും. തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍, ദിശാനിര്‍ണയ ഉപകരണങ്ങള്‍, ഗതി നിയന്ത്രണ സംവിധാനങ്ങള്‍, സെന്‍സറുകള്‍, ആശയവിനിമയ സംവിധാനങ്ങള്‍, റഡറുകള്‍, ശീതീകരണ ഉപകരണങ്ങള്‍ തുടങ്ങി ഭൂരിഭാഗവും കപ്പലില്‍ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങളാകും അവസാനഘട്ട പരീക്ഷണത്തില്‍ പ്രധാനമായും വിലയിരുത്തിയത്.

പ്രൊപ്പല്‍ഷന്‍ ആന്‍ഡ് സ്റ്റിയറിങ് ട്രയല്‍സിന് ഇക്കുറി കൂടുതല്‍ പ്രാമുഖ്യം നല്‍കും. വേഗം, കടലില്‍ വളരെ വേഗം തിരിയാനും മറ്റുമുള്ള കഴിവ് എന്നിവയെല്ലാം പരിശോധിക്കും. പല വേഗത്തില്‍ കപ്പല്‍ ഓടിച്ചുള്ള പരീക്ഷണങ്ങളും നടക്കും. കപ്പല്‍ കമ്മിഷന്‍ ചെയ്തു കഴിഞ്ഞ ശേഷമാകും യുദ്ധവിമാനങ്ങള്‍ ലാന്‍ഡ് ചെയ്തും പറന്നുയര്‍ന്നുമുള്ള പരീക്ഷണങ്ങള്‍ നടക്കുക.

 

ഫൈറ്റര്‍ പ്ലെയിന്‍ സ്‌ക്വാഡ്രന്‍ ഗോവയില്‍ ആയതിനാല്‍ ഈ പരീക്ഷണങ്ങള്‍ക്കായി കപ്പല്‍ ഗോവയിലേക്കു കൊണ്ടുപോകാനും സാധ്യതയുണ്ട്. കപ്പലിലിറങ്ങുന്ന വിമാനങ്ങളുടെ വേഗം കുറയ്ക്കാനുള്ള അറസ്റ്റിങ് ഗിയര്‍ ഉള്‍പ്പെടെയുള്ളവ മൂന്നാം ഘട്ട പരീക്ഷണ സമയത്തു പരിശോധിച്ചിരുന്നു. ഹെലികോപ്റ്റര്‍ ഇറക്കിയുള്ള പരീക്ഷണം ആദ്യ ഘട്ടത്തില്‍ത്തന്നെ പൂര്‍ത്തിയായി. രാജ്യത്തു നിര്‍മ്മിച്ചിട്ടുള്ളവയില്‍ ഏറ്റവും വലിയ യുദ്ധക്കപ്പലാണു വിക്രാന്ത്.

 

Eng­lish Sum­ma­ry: Vikrant has com­plet­ed prepa­ra­tions for commissioning

You may like this video also

Exit mobile version