Site iconSite icon Janayugom Online

അടിസ്ഥാന ജീവിതപ്രശ്നങ്ങള്‍ ഉന്നയിച്ച് ശക്തമായ പ്രക്ഷോഭം

ബിജെപി-ആര്‍എസ്എസ് നയങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരെയും ജനങ്ങളുടെ അടിസ്ഥാന ജീവിതപ്രശ്നങ്ങള്‍ ഉന്നയിച്ചും പോരാട്ടം ശക്തമാക്കുന്നതിനൊപ്പം ഇടതുമതേതര ജനാധിപത്യ പാര്‍ട്ടികളുടെ ഐക്യം ഊട്ടിയുറപ്പിക്കണമെന്നും സിപിഐ ദേശീയ കൗണ്‍സില്‍. പഞ്ചാബ് സംസ്ഥാന സെക്രട്ടറി ബന്ത് സിങ് ബ്രാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഡി രാജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഭരണഘടന ഭേദഗതി ചെയ്യാന്‍ സാധിക്കുംവിധം ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം നല്‍കാതിരിക്കുകയും ഇന്ത്യ സഖ്യത്തെ നിര്‍ണായക പ്രതിപക്ഷമാക്കുകയും ചെയ്ത വിധിയെഴുത്ത് നടത്തിയ സമ്മതിദായകരെ യോഗം അഭിവാദ്യം ചെയ്തു.
മുന്നണിക്കുള്ളിലെ ആശയ വിനിമയങ്ങളും എല്ലാ ഘടക കക്ഷികളുമായും സീറ്റ് വിഭജനവും കൃത്യമായി നടത്തിയിരുന്നുവെങ്കില്‍ ഇന്ത്യ സഖ്യത്തിന് കൂടുതല്‍ മെച്ചപ്പെട്ട വിജയം നേടാനാകുമായിരുന്നുവെന്ന് ദേശീയ കൗണ്‍സില്‍ യോഗ തീരുമാനങ്ങള്‍ അറിയിക്കാന്‍ അജോയ് ഭവനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു.

പ്രതിപക്ഷ ഐക്യനിരയായ ഇന്ത്യ സഖ്യത്തിന് ലഭിച്ച ജനകീയ പിന്തുണ വര്‍ധിപ്പിക്കാന്‍ അവസരമൊരുക്കണം. ബിജെപി സര്‍ക്കാരിന്റെ കോര്‍പറേറ്റ് അനുകൂല നയങ്ങള്‍ക്ക് എതിരെയുള്ള പോരാട്ടം, മോഡി സര്‍ക്കാരിനുമേല്‍ ജനകീയ വിഷയങ്ങളില്‍ പാര്‍ലമെന്റിനകത്തും പുറത്തും കൂടുതല്‍ സമ്മര്‍ദം എന്നിവ ശക്തമാക്കണമെന്നും യോഗം തീരുമാനിച്ചു. അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധവും ആക്രമണോത്സുകവുമായ നടപടികള്‍ തുടരുമെന്ന ആശങ്ക യോഗം രേഖപ്പെടുത്തി. പ്രധാനപ്പെട്ട എല്ലാ വകുപ്പുകളും ബിജെപി തന്നെ കൈവശംവച്ചതും ജൂലൈ ഒന്ന് മുതല്‍ മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയതും ഇതിന്റെ തെളിവാണ്. പ്രതിപക്ഷ പാര്‍ട്ടികളെ ദ്രോഹിക്കുന്നതിനും വിയോജിപ്പുകളെ തടയുന്നതിനും കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം തുടരുമെന്ന് മാത്രമല്ല കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും കരുതാവുന്നതാണെന്ന് രാജ പറഞ്ഞു.
ഇടതുപാര്‍ട്ടികള്‍ക്ക് 543 അംഗ സഭയില്‍ സിപിഐ രണ്ട്, സിപിഐ(എം) നാല്, സിപിഐ(എംഎല്‍) രണ്ട് എന്നിങ്ങനെയാണ് പ്രാതിനിധ്യം ലഭിച്ചത്. ഈ സാഹചര്യത്തില്‍ പ്രസ്ഥാനത്തെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കണം. യോജിച്ച പോരാട്ടങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരണമെന്നും യോഗം ആഹ്വാനം ചെയ്തു.
സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ നാരായണ, ബാല്‍ ചന്ദ്ര കാംഗോ എന്നിവരും വാര്‍ത്താ സമ്മേളത്തില്‍ പങ്കെടുത്തു.

ആനി രാജ, ഗിരീഷ് ചന്ദ്ര ശര്‍മ്മ സെക്രട്ടേറിയറ്റ് അംഗങ്ങള്‍

സിപിഐ ദേശീയ സെക്രട്ടേറിയറ്റില്‍ ഒഴിവുവന്ന സ്ഥാനങ്ങളിലേക്ക് മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ, ഗിരീഷ് ചന്ദ്ര ശര്‍മ്മ (യുപി) എന്നിവരെയും എക്സിക്യൂട്ടീവിലേക്ക് കെ പി രാജേന്ദ്രന്‍, അരവിന്ദ് രാജ് സ്വരൂപ് എന്നിവരെയും തെരഞ്ഞെടുത്തു.
കെ ഡി സിങ്, ശ്രീകുമാര്‍ മുഖര്‍ജി, ദിനേശ് ശ്രീരംഗനാഥ്, വിരാജ് ദേവാങ് (കാന്റിഡേറ്റ്) എന്നിവരെ ദേശീയ കൗണ്‍സില്‍ അംഗങ്ങളായും തീരുമാനിച്ചു.

നൂറാം വാര്‍ഷികത്തിന്  വിപുലമായ പരിപാടികള്‍

സിപിഐ രൂപീകരണത്തിന്റെ നൂറാം വര്‍ഷത്തിലേയ്ക്ക് കടക്കുന്ന 2024 ഡിസംബര്‍ 26 മുതല്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. വാര്‍ഷിക ദിനമായ 2025 ഡിസംബര്‍ 25 വരെ ഒരുവര്‍ഷക്കാലം പാര്‍ട്ടിയെ കൂടുതല്‍ പ്രവര്‍ത്തന സജ്ജമാക്കുന്ന പരിപാടികള്‍ വിവിധ തലങ്ങളില്‍ നടത്തും.

Eng­lish Sum­ma­ry: Vio­lent agi­ta­tion on basic life issues
You may also like this video

Exit mobile version