Site iconSite icon Janayugom Online

ആര്യാടൻ ഷൗക്കത്തിനെതിരെ അൻവറിന്റെ പടയൊരുക്കം; നിലമ്പൂരിൽ വി എസ് ജോയി കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെതിരെ അൻവറിന്റെ പടയൊരുക്കം ശക്തം. കോൺഗ്രസിലെ ഒരു വിഭാഗവും മുസ്ലിം ലീഗ് നേതൃത്വവും ഷൗക്കത്തിനെതിരെ രംഗത്തുണ്ട്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അൻവറിനെ പിണക്കിയാൽ തിരിച്ചടിയാകുമെന്ന ഭയവും കോൺഗ്രസ് നേതൃത്വത്തിനുണ്ട് .അങ്ങനെ വന്നാൽ ഡിസിസി പ്രസിഡന്റ് വി എസ് ജോയ് സ്ഥാനാർത്ഥിയാകാനുള്ള സാധ്യതകളേറും. ഇക്കാര്യത്തിൽ നേതാക്കൾക്കിടയിൽ ധാരണയായെന്നാണ് സൂചന. 

സര്‍വേ അടിസ്ഥാനമാക്കിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്നത്. രണ്ട് സര്‍വേകളാണ് കോണ്‍ഗ്രസ് മണ്ഡലത്തില്‍ നടത്തിയത്. ഈ സര്‍വേകളിലും വി എസ് ജോയിക്ക് മുന്‍തൂക്കം ലഭിച്ചുവെന്നാണ് സൂചനകൾ. ഈ ആഴ്ച തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാനുള്ള സാധ്യതയേറെയാണ്. അത് കൊണ്ട് തന്നെ ഒറ്റ പേരിലേക്ക് വളരെ പെട്ടെന്ന് എത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. നിലമ്പൂരില്‍ 34 വര്‍ഷം എംഎല്‍എയായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകനും കെപിസിസി ജനറല്‍ സെക്രട്ടറിയുമാണ് ആര്യാടന്‍ ഷൗക്കത്ത്. എന്നാൽ രാഷ്ട്രീയത്തിനപ്പുറത്ത് സാംസ്‌ക്കാരിക രംഗത്തുമുള്ള ഷൗക്കത്തിന്റെ ബന്ധം ഗുണം ചെയ്യുമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. സാമുദായിക സമവാക്യമാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നതെങ്കിൽ ഷൗക്കത്തിന് നറുക്ക് വീണേക്കും. 

Exit mobile version