വയനാട് ദുരന്തത്തില്‍ നാമമാത്രമായ സഹായം അനുവദിച്ച് കൈകഴുകി കേന്ദ്രം. സംസ്ഥാനം കണക്കുകള്‍ ഉദ്ധരിച്ച് ആവശ്യപ്പെട്ടത് 2219 കോടി രൂപ. കേന്ദ്രം അനുവദിച്ചത് 260.56 കോടി രൂപ മാത്രം.
വയനാട് ഉരുള്‍പൊട്ടലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര സര്‍ക്കാരും കേരളത്തോട് തുടരുന്ന ചിറ്റമ്മ നയത്തിന്റെ ഏറ്റവും ഉദാഹരണമായി വയനാട് ദുരിതാശ്വസ പ്രഖ്യാപനം മാറി. നഷ്ടങ്ങളുടെ കണക്കുകള്‍ക്കൊപ്പം പുനരധിവാസം ഉള്‍പ്പെടെ സംസ്ഥാനം നേരിടുന്ന വെല്ലുവളികള്‍ ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് ആവശ്യമായ മുഴുവന്‍ രേഖകളും സമര്‍പ്പിച്ചെങ്കിലും കേന്ദ്രം ഇക്കാര്യത്തില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചു. കേന്ദ്ര നിലപാടിനെതിര വ്യാപകമായ പ്രതിഷേധമാണ് ഇതിനോടകം ഉയര്‍ന്നിരിക്കുന്നത്. അസമിന് 1270.788 കോടി രൂപ ഉൾപ്പെടെ, 9 സംസ്ഥാനങ്ങൾക്കായി ആകെ 4645.60 കോടി രൂപ ദുരന്ത സഹായത്തിനായി കേന്ദ്രം അനുവദിച്ചു.
ഉത്സവകാലത്ത് മൂലധന ചിലവ് ത്വരിതപ്പെടുത്തി വികസനത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കാന്‍ ആവശ്യമായ ചിലവുകളിലേക്കായി നികുതി വിഹിതത്തിന്റെ മുന്‍കൂര്‍ ഗഡുവായി 1,01,603 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്ര ധനമന്ത്രാലയം തീരുമാനമെടുത്തു. ഈ ഇനത്തില്‍ കേരളത്തിന് 1956 കോടി രൂപയാണ് ലഭിക്കുക.
കേരളമുള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെ പ്രകൃതി ദുരന്തങ്ങളുടെ ആഘാത ലഘുകരണവും പുനരുദ്ധാരണ പുനര്‍ നിര്‍മ്മാണ പദ്ധതികള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ ഉന്നതാധികാര സമിതി 2444.42 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നല്‍കി. ദേശീയ ദുരന്ത ലഘൂകരണ ഫണ്ടില്‍ നിന്നാണ് തുക വകയിരുത്തുക. പദ്ധതിയില്‍ തിരുവനന്തപുരം ഉള്‍പ്പെടെ 11 നഗരങ്ങള്‍ ഉള്‍പ്പെടുന്നു. പദ്ധതിക്ക് 90 ശതമാനം തുക കേന്ദ്രം നല്‍കുമ്പോള്‍ പത്ത് ശതമാനം തുക സംസ്ഥാനങ്ങള്‍ വകയിരുത്തണം. എത്ര തുകയാണ് ഈ ഇനത്തില്‍ കേരളത്തിന് ലഭിക്കുകയെന്നത് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.
വയനാട് ദുരന്തം: അവഗണന തുടര്‍ന്ന് കേന്ദ്രം, സഹായം നാമമാത്രം

