Site icon Janayugom Online

വെള്ളിക്കുളങ്ങരയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് കാട്ടാന ചരിഞ്ഞു

വെള്ളിക്കുളങ്ങര പോത്തന്‍ചിറ പ്രദേശത്ത് ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കില്‍ വീണ് കാട്ടാന ചരിഞ്ഞു. പഞ്ഞികാരന്‍ യോഹന്നാന്റെ ഉടമസ്ഥതയിലുള്ള പോത്തന്‍ചിറയിലെ പറമ്പിലാണ് ചൊവ്വാഴ്ച രാവിലെ കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടത്. തുമ്പിക്കൈയും മുന്‍കാലുകളും ഉള്‍പ്പെടെ കുഴിയിലേക്ക് കൂപ്പുകുത്തിയ നിലയിലായതിനാല്‍ ആനയുടെ ജഡത്തിന്റെ പിന്‍ഭാഗം മാത്രമാണ് മുകളിലേക്ക് കാണുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലമാണിത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പ്രദേശത്ത് കാട്ടാനയിറങ്ങി റബര്‍, തെങ്ങ് അടക്കമുള്ള കാര്‍ഷിക വിളകള്‍ നശിപ്പിച്ച് വന്‍തോതില്‍ കൃഷി നാശമുണ്ടാക്കിയിരുന്നു. പഴയ സെപ്റ്റിക് ടാങ്കിനു മുകളിലെ കോണ്‍ക്രീറ്റ് സ്ലാബുകളില്‍ ചവിട്ടിയപ്പോള്‍ സ്ലാബ് തകര്‍ന്നാണ് ആന കുഴിയിലേക്ക് വീണതെന്നാണ് കരുതുന്നത്. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജോബിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.

Eng­lish sum­ma­ry; wild ele­phant fell into the sep­tic tank at Vel­liku­lan­gara and died

You may also like this video;

Exit mobile version