Site iconSite icon Janayugom Online

ബം​ഗ്ലാദേശ് ജനതയുടെ താല്പര്യം സംരക്ഷിക്കും: ഇന്ത്യ

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകിയ നടപടിയില്‍ പ്രതികരിച്ച് ഇന്ത്യ. ബം​ഗ്ലാദേശിലെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നതിന് ഇന്ത്യ പ്രതിബദ്ധമാണെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. അയല്‍രാജ്യമെന്ന നിലയില്‍ ബം​ഗ്ലാദേശിന്റെ സ്ഥിരത, സമാധാനം, ജനാധിപത്യം എന്നിവയ്ക്ക് എല്ലാ കക്ഷികളുമായും ആശയവിനിമയം തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയെയും മുൻ ആഭ്യന്തര മന്ത്രി അസദുസമാൻ ഖാൻ കമാലിനെയും ഇന്ത്യ കൈമാറണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നു. കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം ഇന്ത്യക്ക് ഇരുവരെയും കെെമാറാനുള്ള ബാധ്യതയുണ്ടെന്നും ബംഗ്ലാദേശ് പറയുന്നു.
എന്നാൽ ഇതുണ്ടാവില്ല എന്ന സൂചനയാണ് ഇന്ത്യ നല്‍കുന്നത്. രാഷ്ട്രീയ കാരണങ്ങളാലുള്ള കേസിന് കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി ബാധകമല്ല എന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഹസീനയെ കൈമാറണമെന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യ അനുകൂലമായി പ്രതികരിച്ചിട്ടുണ്ടായിരുന്നില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളിക്കൈമാറ്റ കരാർ ഇന്ത്യ പാലിക്കണമെന്നാണ് യൂനസ് ഭരണകൂടത്തിന്റെ ആവശ്യം. ഹസീനയുടെ കെെമാറ്റം സംബന്ധിച്ച് ബംഗ്ലാദേശ് സമ്മര്‍ദം തുടര്‍ന്നാല്‍ ഇന്ത്യക്ക് ബുദ്ധിമുട്ടുള്ള നയതന്ത്ര തീരുമാനമായിരിക്കും നേരിടേണ്ടിവരിക. ഇത് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടവുമായുള്ള ബന്ധം വഷളാക്കാൻ സാധ്യതയുണ്ട്. ബംഗ്ലാദേശിലെ രാഷ്ട്രീയ സ്ഥിതി സുസ്ഥിരമാകുന്നതുവരെ ഇന്ത്യ തീരുമാനം വെെകിപ്പിക്കാന്‍ താൽപ്പര്യപ്പെടുമെന്ന് വിശകലന വിദഗ്ധർ കരുതുന്നു. ഷെയ്ഖ് ഹസീന അധികാരത്തിലിരിക്കെ 2013 ജനുവരിയിലാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി ഒപ്പുവച്ചത്. ഈ ഉടമ്പടി പ്രകാരം ചില സാഹചര്യങ്ങളിൽ കൈമാറ്റത്തിനുള്ള അപേക്ഷ നിരസിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്.

Exit mobile version