ബിഹാറിലെ പെൺകുട്ടികളെക്കുറിച്ച് അധിക്ഷേപകരമായ പരാമർശം നടത്തിയ ഉത്തരാഖണ്ഡ് മന്ത്രിയുടെ ഭർത്താവിനെതിരെ വ്യാപക പ്രതിഷേധം. ഉത്തരാഖണ്ഡിലെ ബിജെപിയുടെ വനിതാ-ശിശുക്ഷേമ മന്ത്രി രേഖ ആര്യയുടെ ഭർത്താവ് ഗിർധാരി ലാൽ സാഹുവാണ് അധിക്ഷേപപരാമർശം നടത്തിയത്. ബിഹാറിൽ നിന്ന് പെൺകുട്ടികളെ 20,000 രൂപ മുതൽ 25,000 രൂപ വരെ നൽകിയാൽ വിവാഹത്തിനായി ലഭിക്കുമെന്നായിരുന്നു സാഹുവിന്റെ വാദം. അൽമോറയിൽ നടന്ന പൊതുപരിപാടിക്കിടെ യുവാക്കളോട് സംസാരിക്കുമ്പോഴാണ് സാഹു വിവാദ പരാമർശം നടത്തിയത്.
നിങ്ങൾക്ക് വിവാഹം കഴിക്കാൻ സാധിക്കുന്നില്ലെങ്കിൽ വിഷമിക്കേണ്ട, നമുക്ക് ബിഹാറിൽ നിന്ന് പെൺകുട്ടികളെ കൊണ്ടുവരാം. അവിടെ 20,000 മുതൽ 25,000 വരെ രൂപയ്ക്ക് പെൺകുട്ടികളെ കിട്ടുമെന്നായിരുന്നു വീഡിയോയിൽ സാഹു പറയുന്നത്.
സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് സാഹുവിന്റെ പ്രസ്താവനയെന്ന് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. സ്വന്തം ഭാര്യ വനിതാ ക്ഷേമ മന്ത്രിയായിരിക്കെയാണ് ഭർത്താവ് ഇത്തരത്തിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
എന്നാല്‍ സംഭവം വിവാദമായതോടെ തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും സുഹൃത്തുക്കളുമായി തമാശ രൂപേണ സംസാരിച്ചതാണെന്നുമായിരുന്നു സാഹുവിന്റെ വാദം. എന്നാൽ സാഹുവിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിഹാർ സംസ്ഥാന വനിതാ കമ്മീഷൻ നോട്ടീസ് അയക്കാൻ തീരുമാനിച്ചു.

