Site iconSite icon Janayugom Online

യുപിയിൽ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതിന് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്

വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. യുപിയിലാണ് ദാരുണ സംഭവം. വെള്ളിയാഴ്ച യുപിയിലെ ജദന്നാഥ്പൂരിൽ പൊലീസ് തലയില്ലാത്ത ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച വിവാഹശേഷം മാതാപിതാക്കളോടൊപ്പം താമസിക്കുന്ന 26കാരിയായ യുവതിയാണ് അതെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് എസ്പി ദുർഗ പ്രസാദ് തിവാരി പറഞ്ഞു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ കാമുകനും സ്ഥലത്തെ മോട്ടോർ സൈക്കിൾ മെക്കാനിക്കുമായ ആസിഫ് റാസ ഏലിയാസ് ഫൈസാൻ(24) ആണ് കുറ്റക്കാരനെന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

ചോദ്യം ചെയ്യലിനിടെ കുറ്റസമ്മതം നടത്തിയ ഫൈസാൻ യുവതി തന്നെ വിവാഹം ചെയ്യണമെന്ന് നിർബന്ധിച്ചതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തി. 

കൊലപാതകം നടത്തുന്നതിന് മുൻപ് പ്രതി തെലുങ്ക് ചിത്രമായ സലാർ കണ്ടിരുന്നതായും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 

മാർച്ച് 6ന് ഫൈസാൻ യുവതിയെ ഒരു കനാലിലേക്ക് കൊണ്ടുപോകുകയും അവിടെ വച്ച് മൂർച്ചയുള്ള ഒരു ആയുധം ഉപയോഗിച്ച് അവരുടെ കഴുത്തറുക്കുയും തല ഒളിപ്പിക്കുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. 

തലയും, കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങളും മറ്റ് തെളിവുകളും കണ്ടെടുത്ത പൊലീസ് ഞായറാഴ്ച നേപ്പാളിലേക്ക് രക്ഷപ്പെടാനൊരുങ്ങിയ പ്രതിയെ പിടികൂടുകയായിരുന്നു. 

നിലവിൽ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലേക്ക് അയച്ചിരിക്കുകയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

Exit mobile version