Site iconSite icon Janayugom Online

കേരളത്തിനെതിരെ ആദിത്യനാഥിന്റെ വിദ്വേഷ പ്രസംഗം

ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് അഭ്യര്‍ത്ഥിക്കുന്ന വീഡിയോയിൽ കേരളത്തെക്കുറിച്ച്‌ വിദ്വേഷ പരാമര്‍ശം. ബിജെപിക്ക് വോട്ട് നൽകിയില്ലെങ്കിൽ യുപി കേരളവും ബംഗാളും കശ്മീരും പോലെയാകുമെന്ന ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വന്‍ പ്രതിഷേധം ഉയര്‍ന്നു. യുപി മുഖ്യമന്ത്രിക്ക് കേരളത്തിന്റെ നേട്ടങ്ങള്‍ അണിനിരത്തി മറുപടി നല്‍കി രാഷ്ട്രീയഭേദമന്യേ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളും രംഗത്തെത്തി.
നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം ആരംഭിക്കുന്നതിന് മുന്നോടിയായി വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തായിരുന്നു ആദിത്യനാഥിന്റെ പരാമര്‍ശം. അതേസമയം യുപി ജനത ആദിത്യനാഥ് ഭയക്കുന്നതാണ് ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചടിച്ചു.
കേരളം കൈവരിച്ച നേട്ടങ്ങള്‍ ബിജെപിയെയും ആദിത്യനാഥിനെയും എത്രത്തോളം ഭയപ്പെടുത്തുന്നുവെന്ന് വിദ്വേഷ പരാമര്‍ശത്തില്‍ നിന്ന് വ്യക്തമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ആ നേട്ടങ്ങള്‍ ലോകം അംഗീകരിച്ചതാണ്. വികസനരാഷ്ട്രീയത്തിന് പകരം വിദ്വേഷ രാഷ്ട്രീയമാണ് തങ്ങളുടെ വഴിയെന്ന് ഒരിക്കല്‍കൂടി തെളിയിക്കുകയാണ് ആദിത്യനാഥിന്റെ പരാമര്‍ശമെന്നും കാനം പറ‍ഞ്ഞു.
യുപി കേരളമായി മാറിയാൽ മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനം, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ കൈവരിക്കുവാനാകും, ജാതി മതങ്ങളുടെ പേരിലുള്ള കൊലപാതകങ്ങൾ ഇല്ലാതാകും. ഇതാണ് യുപി ജനത ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്റ് ചെയ്തു. വർഗീയരാഷ്ട്രീയത്തിനു വളരാനാകാത്ത വിധം മതേതരത്വവും ജനാധിപത്യവും ആധുനികമൂല്യങ്ങളും കൊണ്ടു തീർത്ത ശക്തമായ സാമൂഹിക അടിത്തറയുള്ള കേരളം സംഘപരിവാറിന് അപ്രാപ്യമായ ഇടമാണ്. അതുകൊണ്ടു തന്നെ കേരളത്തിനെതിരെ ദുഷ്പ്രചരണം നടത്തുക എന്നത് അവരുടെ പ്രധാന അജണ്ടകളിലൊന്നാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
യുപി കേരളമായാല്‍ മികച്ച വിദ്യാഭ്യാസമുണ്ടാകും, കശ്മീരായാല്‍ പ്രകൃതി ഭംഗിയുണ്ടാകും, ബംഗാളായാല്‍ മികച്ച സംസ്‌കാരവുമുണ്ടാകും എന്ന് ശശി തരൂര്‍ എംപി ട്വിറ്ററില്‍ കുറിച്ചു. കേരളം പോലെയാകാന്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ വോട്ട് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

കേരളത്തിനെതിരെ ആദിത്യനാഥിന്റെ വിദ്വേഷ പ്രസംഗം

നിതി ആയോഗിന്റെ ദാരിദ്ര്യ സൂചിക പ്രകാരം രാജ്യത്ത് ഏറ്റവും കുറച്ചു ദരിദ്രർ ഉള്ള സംസ്ഥാനം കേരളമാണ്. 2020–21ലെ നിതി ആയോഗിന്റെ തന്നെ സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനത്തും കേരളമാണ്. സംസ്ഥാനത്ത് 98.1 ശതമാനം വീടുകളിലും ശുചിത്വ സൗകര്യങ്ങളുണ്ട്, 97.9 ശതമാനം സ്ത്രീകൾ സാക്ഷരരാണ്. രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തിലാണ്. കേരളത്തിലെ ശിശുമരണ നിരക്ക് ആറ് ആണ്. വികസിതരാജ്യമായ അമേരിക്കൻ ഐക്യനാടുകൾക്കൊപ്പം നിൽക്കുന്ന കണക്കാണിത്.

2019–20ലെ നിതി ആയോഗ് ആരോഗ്യസൂചികയിൽ കേരളത്തിന്റെ ഹെൽത്ത് ഇൻഡക്സ് സ്കോർ 82.2 ആണ്. 2021ലെ പബ്ലിക് അഫയേഴ്സ് ഇൻഡക്സ് അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും മികച്ച രീതിയിൽ ഭരണനിർവഹണം നടപ്പാക്കുന്ന സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടതും കേരളമാണ്. പൊതു വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ തുടങ്ങിയ മേഖലകളിലും രാജ്യത്ത് ഒന്നാം സ്ഥാനത്ത് കേരളമാണുള്ളത്.

Eng­lish sum­ma­ry; Adityanath’s hate speech against Kerala

you may also like this video;

Exit mobile version