മത്സരാർത്ഥികളായ കുട്ടികളുടെയും മാതാപിതാക്കളുടെയും വര്‍ധിച്ച പങ്കാളിത്തത്താൽ ശ്രദ്ധേയമായി എകെഎസ്‌ടിയു-ജനയുഗം സഹപാഠി സംസ്ഥാനതല അറിവുത്സവം. ഇടപ്പള്ളി ഹയർ സെക്കന്‍ഡറി സ്കൂളിൽ നടന്ന എട്ടാം സീസൺ അറിവുത്സവം നാടിന്റെ മഹോത്സവമായി മാറി. അറിവുത്സവത്തിൽ 14 ജില്ലകളിൽ നിന്നും എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ ജില്ലാതലത്തിലുള്ള മത്സരങ്ങളിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങൾ നേടി വിജയിച്ചെത്തിയ നൂറോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ഉദ്ഘാടനം പ്രശസ്ത പ്രഭാഷകൻ വി കെ സുരേഷ് ബാബു നിർവഹിച്ചു. സ്വാഗതസംഘം ചെയർമാനും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയുമായ എൻ അരുൺ അധ്യക്ഷനായിരുന്നു. ജനയുഗം കൊച്ചി യൂണിറ്റ് മാനേജർ ജി മോട്ടിലാൽ സ്വാഗതം ആശംസിച്ചു. എകെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് കെ കെ സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. ജനയുഗം ജനറൽ മാനേജർ സി ആർ ജോസ് പ്രകാശ്, എകെഎസ്ടിയു ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ, ഇടപ്പള്ളി ഗവ. ഹയർസെക്കന്‍ഡറി സ്കൂൾ പ്രിൻസിപ്പൽ എ ശങ്കരനാരായണൻ, അറിവുത്സവം കോ-ഓർഡിനേറ്റർ ബിനു പട്ടേരി എന്നിവർ സംസാരിച്ചു. എകെഎസ്ടിയു എറണാകുളം ജില്ലാ പ്രസിഡന്റ് സിബി അഗസ്റ്റിൻ നന്ദി രേഖപ്പെടുത്തി.
തുടർന്ന് രക്ഷാകർത്താക്കൾക്കായി വളരുന്ന ബുദ്ധിയും തളരുന്ന മനസും എന്ന വിഷയത്തിൽ വി കെ സുരേഷ് ബാബു ക്ലാസ് നയിച്ചു. കുട്ടികളുടെ മനസിനെ വളർത്തുന്ന സർവകലാശാല കുടുംബം ആയിരിക്കണമെന്ന് അദ്ദേഹം രക്ഷാകർത്താക്കളെ ഓർമ്മിപ്പിച്ചു. ജനയുഗം ജനറൽ മാനേജർ സി ആർ ജോസ് പ്രകാശ്, യൂണിറ്റ് മാനേജർ ജി മോട്ടിലാൽ, സിപിഐ ജില്ലാ അസി. സെക്രട്ടറി എം എം ജോർജ്, സിപിഐ നേതാവ് ബീന കോമളൻ, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഹോച്ച്മിന്‍ എന്‍ സി എന്നിവർ സന്നിഹിതരായിരുന്നു. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും പ്രശസ്ത സംവിധായകൻ വിനയൻ നിർവഹിച്ചു. എൽപി വിഭാഗത്തിൽ അഥർവ് ധനേഷ് (സെന്റ് മൈക്കിൾസ് എഎച്ച്എസ്എസ്എസ്, കണ്ണൂർ) ഒന്നാം സ്ഥാനം നേടി. ഇഷാൽ ഇബ്രാഹിം കെ (എഎൽപിഎസ്, പാതിരാമണ്ണ്, മലപ്പുറം), ഗഗന എസ് കുമാർ (സെന്റ് ജോസഫ് എൽപിജിഎസ്, ആലപ്പുഴ) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. യുപി വിഭാഗത്തിൽ ആകാശ് എം ശ്രീധർ (ജിയുപിഎസ്, ചുനക്കര, ആലപ്പുഴ) ഒന്നാമതെത്തി, പാർത്ഥിവ് സഞ്ജയ് (ടിആർകെ യുപിഎസ് വളാഞ്ചേരി, മലപ്പുറം), ട്രിക്ക ലെജന്റ് (ഡയറ്റ് ആറ്റിങ്ങൽ, തിരുവനന്തപുരം) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. എച്ച്എസ് വിഭാഗത്തില്‍ ആഗ്നേയ് എം ശ്രീധർ (ജിവിഎച്ച്എസ്എസ്, ചുനക്കര, ആലപ്പുഴ) ഒന്നാം സ്ഥാനം നേടി. ദിൽനാഥ് ജെ (ജിഎച്ച്എസ്എസ്, വളാട്, വയനാട്), ചന്ദനു എസ് ആർ (ജിവിഎച്ച്എസ്എസ്, കടക്കൽ, കൊല്ലം) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. എച്ച്എസ്എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നികേത് കുമാർ എൻ നടുവിൽ എച്ച് എസ് എസ്, കണ്ണൂർ) നേടി. ഷാനിദ് എ (എഎസ്എം എച്ച്എസ്എസ്, വെള്ളിയഞ്ചേരി, മലപ്പുറം) രണ്ടാം സ്ഥാനത്തും അഭിനവ് യു കെ (ജിഎച്ച്എസ്എസ്, അട്ടേങ്ങാനം, കാസർകോട്) മൂന്നാം സ്ഥാനത്തുമെത്തി.

