Site icon Janayugom Online

ബിജെപിയുടെ എല്ലാ ജനവിരുദ്ധ നയങ്ങളും എടുത്തുകളയും

ബ്രീട്ടീഷ് കോളനി വാഴ്ചയ്ക്ക് എതിരെ രാജ്യത്തെ ജനങ്ങള്‍ ഒന്നിച്ചതുപോലെ മോഡി ഭരണം രാജ്യത്തു നിന്നും തൂത്തെറിയാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടു വരേണ്ട സമയമാണിതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. പാര്‍ട്ടി പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും മതേതര, ജനാധിപത്യ, ജനകീയ ബദലിനും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാനും കൂട്ടായ ശ്രമമാണ് അനിവാര്യം. ഇതിനായി 18-ാം ലോക്‌സഭയില്‍ സിപിഐക്കൊപ്പം ഇടതുപക്ഷത്തെയും ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് വോട്ടര്‍മാര്‍ പിന്തുണ നല്‍കണമെന്നും പ്രകടന പത്രിക പുറത്തിറക്കി അജോയ് ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാജ അഭ്യര്‍ത്ഥിച്ചു.

പൗരത്വ ഭേദഗതി നിയമവും (സിഎഎ) യുഎപിഎ അടക്കമുള്ള കരിനിയമങ്ങളും പിൻവലിക്കുമെന്നും ഗവർണർ പദവി എടുത്ത് കളയുമെന്നും പറയുന്ന പ്രകടന പത്രിക സുതാര്യമായ തെരഞ്ഞെടുപ്പിന് ഇന്ദ്രജിത്ത് ഗുപ്ത കമ്മിറ്റി റിപ്പോർട്ട്‌ നടപ്പിലാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. നഗര തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും, മണിപ്പുരിന് പ്രത്യേക പദവി നൽകും, തൊഴിലുറപ്പ് വേതനം 700 ആയി ഉയർത്തും, സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട്‌ നടപ്പിലാക്കും, സച്ചാർ കമ്മിഷന്‍ റിപ്പോർട്ടും രംഗനാഥൻ കമ്മിഷൻ റിപ്പോർട്ടും നടപ്പിലാക്കും, കേന്ദ്ര അന്വേഷണ ഏജൻസികളെ പാർലമെന്റിന്റെ നിരീക്ഷണത്തിന് വിധേയമാക്കും, പി എം കെയേഴ്സ് ഫണ്ടിലേക്കെത്തിയ പണത്തിന്റെ ഉറവിടങ്ങള്‍ അന്വേഷിക്കും തുടങ്ങിയ ഗ്യാരന്റികള്‍ പ്രകടന പത്രിക മുന്നോട്ടുവയ്ക്കുന്നു. ജമ്മു കാശ്മീരിനും പുതുച്ചേരിക്കും ഡൽഹിക്കും സംസ്ഥാന പദവി നൽകും, പാർലമെന്റ് വർഷത്തിൽ 120 ദിവസമെങ്കിലും കൂടും എന്ന് ഉറപ്പ് വരുത്തും, സമ്പദ് നികുതി, പൈതൃകസ്വത്ത് നികുതി പരിധി ഉയർത്തും എന്നീ ഘടനാപരമായ നടപടികള്‍ ഉറപ്പ് നല്‍കുന്ന പ്രകടന പത്രിക പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നുറപ്പ് നല്‍കുന്നു. മോഡി ഭരണം രാജ്യത്തിനേറ്റ ദുരന്തമാണെന്നും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ജനജീവിതം ദുസ്സഹമാക്കിയെന്നും തൊഴിലില്ലായ്മയും വിലക്കയറ്റവുംകൊണ്ട് സാധാരണക്കാരും പാവപ്പെട്ടവരും പൊറുതിമുട്ടിയെന്നും രാജ അഭിപ്രായപ്പെട്ടു.

രാജ്യത്തെ പാവപ്പെട്ടവനെയും സാധാരണക്കാരനെയും കര്‍ഷകരെയും തൊഴിലാളികളെയും വനിതകളെയും എന്തിന് യുവാക്കളെ പോലും വെറുതെ വിടാത്ത സര്‍ക്കാര്‍ പൊള്ളയായ അവകാശ വാദങ്ങളുടെ ഗ്യാരന്റി ബലത്തില്‍ സ്വന്തം വീഴ്ചകള്‍ മറയ്ക്കാനാണ് കൊണ്ടു പിടിച്ച് ശ്രമിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ജനകീയ സര്‍ക്കാരെന്ന പരിവേഷം സൃഷ്ടിക്കാനുള്ള നീക്കത്തിനപ്പുറം മോഡി സര്‍ക്കാര്‍ സമസ്ത മേഖലകളിലും സമ്പൂര്‍ണ പരാജയമായിരുന്നെന്നും രാജ ചൂണ്ടിക്കാട്ടി. മോഡി ഭരണം തുടരുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ മരണ മണിയാകുമെന്ന് രാജ പറഞ്ഞു. മോഡി ഭരണത്തുടര്‍ച്ച ജനങ്ങളെ കൂടുതല്‍ കഷ്ടതയിലേക്ക് തള്ളിവിടുമെന്നതില്‍ രണ്ടഭിപ്രായമില്ല. വികസിത ഭാരതവും മോഡി ഗ്യാരന്റിയും ഉയര്‍ത്തിക്കാട്ടുന്ന മോഡി സര്‍ക്കാര്‍ ഒരു നല്ല ദിനം (അച്ഛാ ദിന്‍) വരുമെന്ന വാഗ്ദാനം നല്‍കിയത് എത്രത്തോളം ഫലപ്രദമായെന്ന് മോഡി തന്നെ വ്യക്തമാക്കാന്‍ രാജ വെല്ലുവിളിച്ചു.
ഇന്ത്യാ മുന്നണി വിവിധ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങള്‍ പുരോഗമിച്ച് വരികയാണ്. ആന്ധ്ര, ഝാര്‍ഖണ്ഡ്, തെലങ്കാന, ബംഗാള്‍, ബിഹാര്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ധാരണയായെന്ന് ഡി രാജ പറഞ്ഞു. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡോ. ബാല്‍ചന്ദ്ര കാംഗോ, അസീസ് പാഷ, ഡല്‍ഹി സംസ്ഥാന സെക്രട്ടറി ദിനേഷ് വാര്‍ഷ്ണെ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

പുതിയ ഇന്ത്യയെ പടുത്തുയര്‍ത്താന്‍

Eng­lish Sum­ma­ry: All anti-peo­ple poli­cies of BJP will be removed

You may also like this video

Exit mobile version