Site iconSite icon Janayugom Online

എഐഎസ്എഫ് വിജയിച്ചതില്‍ അമര്‍ഷം; പ്രവര്‍ത്തകരെ ആക്രമിച്ച് എസ്എഫ്ഐ ഗുണ്ടകള്‍: 15 പേര്‍ക്ക് പരിക്ക്, കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ്

AISFAISF

കൊല്ലം എസ്എന്‍ കോളജില്‍ എസ്എഫ്ഐ ഗുണ്ടകള്‍ എഐഎസ്എഫ് പ്രവര്‍ത്തകരെ മാരകായുധങ്ങളുമായി ആക്രമിച്ചു. ആക്രമണത്തില്‍ എഐഎസ്എഫ് പ്രവര്‍ത്തകരായ 15 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലയില്‍ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.

ഇന്ന് ഉച്ചയോടെയാണ് മാരകായുധങ്ങളുമായി എത്തി ഒരു പറ്റം എസ്എഫ്ഐ ഗുണ്ടകള്‍ എഐഎസ്എഫ് പ്രവര്‍ത്തകരെ നിഷ്‌ഠൂരമായി ആക്രമിച്ചത്. കോളജിന് മുന്നില്‍ സംഘടിച്ച എസ്എഫ്ഐ ഗുണ്ടകള്‍ കത്തി, കമ്പിവടി, ഇടിവള എന്നിവ ഉപയോഗിച്ചാണ് ആക്രമണം അഴിച്ചുവിട്ടത്. ഗുരുതരമായി പരിക്കേറ്റ നിയാസ്, കാര്‍ത്തിക്, പ്രിയദര്‍ശന്‍, അസിന്‍ എബ്രഹാം എന്നിവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകാശ് പി, ആകാശ്, ഓസ്‌കര്‍, ധനുഷ്, ജ്യോതിഷ് എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

എഐഎസ്എഫ് പ്രതിനിധികള്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതില്‍ വിറളിപൂണ്ടാണ് എസ്എഫ്ഐക്കാര്‍ അക്രമം അഴിച്ചുവിട്ടത്. നോമിനേഷന്‍ നല്‍കിയപ്പോള്‍ തന്നെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള എഐഎസ്എഫ് പ്രവര്‍ത്തകരെ ഫോണിലൂടെയും, വീട്ടിലെത്തിയും ഭീഷണി മുഴക്കിയിരുന്നു. എസ്എന്‍ കോളജില്‍ എഐഎസ്എഫ് യൂണിറ്റ് രൂപീകരിച്ചത് മുതല്‍ എസ്എഫ്ഐക്കാര്‍ പ്രകോപനപരമായാണ് പെരുമാറി വന്നിരുന്നത്.

എസ്എന്‍ കോളജില്‍ എസ്എഫ്ഐ നടത്തുന്ന ഏക സംഘടനാവാദത്തെ എന്ത് വിലകൊടുത്തും നേരിടുമെന്ന് എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് അനന്തു എസ് പോച്ചയിലും സെക്രട്ടറി എ അധിനും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്ഐ അക്രമം അഴിച്ചുവിടുമ്പോള്‍ സിപിഐഎമ്മിന്റെ അധ്യാപക സംഘടനയില്‍ പെട്ടവര്‍ ഇതിന് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലയില്‍ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്നും ജില്ലാ നേതാക്കള്‍ അറിയിച്ചു.

എസ്എന്‍ കോളജില്‍ എഐഎസ്എഫ് പ്രവര്‍ത്തകരെ ആക്രമിച്ച ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ടി എസ് നിധീഷ്, സെക്രട്ടറി എസ് വിനോദ്കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Anger at AIS­F’s win; SFI goons attack activists

You may also like this video

Exit mobile version