Site iconSite icon Janayugom Online

രാഹുൽ ഗാന്ധിയുടെ ശിക്ഷയും അയോഗ്യതയും ജനാധിപത്യത്തിന്റെ ഭാവിയെയും വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യുന്നത്

ആർഎസ്എസിന്റെ ഭിന്നിപ്പിക്കൽ അജണ്ടയാൽ നിയന്ത്രിക്കപ്പെടുന്ന ഭരണമാണ് കേന്ദ്രത്തിലും ചില സംസ്ഥാനങ്ങളിലും നിലവിലുള്ളതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. സ്വാതന്ത്ര്യസമര പ്രസ്ഥാനം നേടിയെടുത്ത എല്ലാ മൂല്യങ്ങളെയും നശിപ്പിക്കുന്നതാണ് ആര്‍എസ്എസ് പ്രത്യയശാസ്ത്രം. അവര്‍ സ്പോൺസർ ചെയ്യുന്ന ഹിന്ദുത്വം പിടിമുറുക്കിയതിനാൽ നാടിന്റെ മതേതരത്വവും സോഷ്യലിസവും പോലുള്ള അടിസ്ഥാന മൂല്യങ്ങൾ ചവിട്ടിമെതിക്കപ്പെടുകയാണെന്ന് സിപിഐ ദേശീയ കൗണ്‍സില്‍ ആഹ്വാനം ചെയ്ത രാഷ്ട്രീയ പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി ജനയുഗത്തില്‍ എഴുതിയ ലേഖനത്തില്‍ ഡി രാജ പറഞ്ഞു.

ചങ്ങാത്ത മുതലാളിത്തം രാജ്യത്തിന്റെ വിലയേറിയ വിഭവങ്ങൾ ഭരണകൂട ഒത്താശയോടെ കവരുകയാണ്. തെരഞ്ഞെടുപ്പിലൂടെയാണ് ബിജെപി അധികാരത്തിലെത്തിയതെങ്കിലും അവരുടെ പ്രത്യയശാസ്ത്രത്തിന്റെ ഉറവിടമായ ആർഎസ്എസ് രൂപീകരണം മുതൽ ജനാധിപത്യ വിരുദ്ധമാണ്. ആ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനത്തിൽ, സർക്കാർ തന്നെ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.


ഡി രാജയുടെ ലേഖനം: ബിജെപിയെ തോല്പിക്കുക,രാജ്യത്തെ രക്ഷിക്കുക


രാജ്യത്ത് പൗരാവകാശങ്ങൾ പതിവായി ലംഘിക്കപ്പെടുകയും ഭരണഘടനാ തത്വങ്ങള്‍ അട്ടിമറിക്കപ്പെടുകയും ചെയ്യുകയാണ്. പാർലമെന്റിലെ ഭൂരിപക്ഷം ദുരുപയോഗം ചെയ്തുകൊണ്ട് പാർലമെന്റിനെത്തന്നെ നോക്കുകുത്തിയാക്കുകയും പ്രതിപക്ഷത്തെയാകെ ദേശവിരുദ്ധരായി ചിത്രീകരിക്കുകയും ചെയ്യുന്നു. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി, ചൊല്‍പ്പടിയിലാക്കി. അവ സർക്കാരിനൊപ്പം നിൽക്കുകയും പ്രതിപക്ഷത്തെ കളങ്കപ്പെടുത്തുകയും ചെയ്യുന്നു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം പോലും എക്സിക്യൂട്ടീവിലൂടെ നിരന്തരം വെല്ലുവിളിക്കപ്പെടുന്നു. ഹിന്ദുത്വ ശക്തികളുടെ ആക്രമണത്തിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ എല്ലാ മതേതര-ജനാധിപത്യ ശക്തികളെയും ഒന്നിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഈ വിഷയങ്ങൾ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് ജനറല്‍ സെക്രട്ടറി ആഹ്വാനം ചെയ്തു.

കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ശിക്ഷയും അയോഗ്യതയും ജനാധിപത്യത്തിന്റെ ഭാവി, വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം, ഭരണഘടനാ സ്ഥാപനങ്ങളുടെ നിലനില്പ് എന്നിവയുമായി ബന്ധപ്പെട്ട് നിരവധി നിർണായക ചോദ്യങ്ങൾ ഉയർത്തുന്നു. പ്രതിപക്ഷത്തെ ഭയപ്പെടുത്താനും സ്വേച്ഛാധിപത്യ ഫാസിസ്റ്റ് ഭരണം സ്ഥാപിക്കാനുമുള്ള ബിജെപി-ആർഎസ്എസ് കൂട്ടുകെട്ടിന്റെ കുതന്ത്രമാണ് ഇത് കാണിക്കുന്നത്. ഈ സാഹചര്യത്തിൽ പാര്‍ട്ടി ദേശീയ കൗൺസിൽ ഏപ്രിൽ 14 മുതൽ മേയ് 15 വരെ നിർദേശിച്ചിട്ടുള്ള രാഷ്ട്രീയ പ്രചാരണം ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതില്‍ അതിനിർണായകമാണെന്നും സിപിഐ ജനറല്‍ സെക്രട്ടറി തന്റെ ലേഖനത്തില്‍ കുറിച്ചു.

 

Eng­lish Sam­mury: gen­er­al sec­re­tary d raja’s arti­cle for cpi polit­i­cal cam­paign, April 14 to May 15 

 

Exit mobile version