Site icon Janayugom Online

രാജ്യം വലിയ പ്രതിസന്ധിയില്‍: ഡി രാജ

രാജ്യം വലിയ പ്രതിസന്ധിയിലാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അഭിപ്രായപ്പെട്ടു. സിപിഐ മണിപ്പൂർ ഘടകം രൂപീകരിച്ചതിന്റെ 75ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണിപ്പൂരിൽ മാത്രമല്ല പ്രതിസന്ധിയുള്ളത്. ഹരിയാനയിലും ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലുമെല്ലാം പ്രശ്നങ്ങളുണ്ട്. ദളിതരും ന്യൂനപക്ഷങ്ങളും സ്ത്രീകളും കുട്ടികളുമെല്ലാം അതിക്രമങ്ങൾക്കിരയാകുന്നു. അവ വർധിച്ചുകൊണ്ടിരിക്കുന്നു. ഈ സാമൂഹ്യ ദുരന്തങ്ങൾ എന്തുകൊണ്ടാണ് സംഭവിക്കുന്നത്. മണിപ്പൂരിൽ നടക്കുന്നത് ആഭ്യന്തര യുദ്ധമാണെന്നാണ് അക്കാദമിക് വിദഗ്ധരും സാമൂഹ്യ പ്രവർത്തകരും അഭിപ്രായപ്പെടുന്നത്.

മണിപ്പൂരിനെ കുറിച്ച് ഒന്നും മിണ്ടുന്നില്ലെങ്കിലും രാജ്യത്തെ കുറിച്ച് വസ്തുതാ വിരുദ്ധമായാണ് നരേന്ദ്ര മോഡി സംസാരിക്കുന്നതെന്ന് രാജ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ ഇന്ത്യയെ സംരക്ഷിച്ചു നിർത്താനും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ജനാധിപത്യം നിലനിർത്താനുമുള്ള യോജിച്ച പോരാട്ടങ്ങൾ വളർന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു. അതിനുള്ള ശ്രമങ്ങളാണ് ‘ഇന്ത്യ’യുടെ ആവിർഭാവമെന്ന് രാജ കൂട്ടിച്ചേർത്തു. മാസങ്ങളായി തുടരുന്ന മണിപ്പൂർ കലാപം പരിഹരിക്കുന്നതിന് സാധിക്കാത്ത ബിരേൻ സിങ്ങിന് മുഖ്യമന്ത്രി പദത്തിൽ തുടരാൻ അര്‍ഹതയില്ലെന്നും രാജ അഭിപ്രായപ്പെട്ടു.

സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ബിനോയ് വിശ്വം എംപി, കെ നാരായണ, രാമകൃഷ്ണ പാണ്ഡ, സംസ്ഥാന സെക്രട്ടറി തോറെയ്ൻ സിങ്, അസോമി ഗോഗോയ്, എൽ സോത്തിൻ കുമാർ, നാരാസിങ് തുടങ്ങിയവർ സംസാരിച്ചു. നാലു ദിവസത്തെ മണിപ്പൂർ സന്ദർശനത്തിനെത്തിയ രാജയുടെ നേതൃത്വത്തിലുള്ള സംഘം വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ അനുസൂയ ഉകെയ്‌യെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ ധരിപ്പിച്ചു.

Eng­lish Sam­mury: Coun­try in big cri­sis: D Raja

Exit mobile version