Site iconSite icon Janayugom Online

അന്യസംസ്ഥാന തൊഴിലാളികൾക്ക് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച് നൽകും; പെരുമ്പാവൂരില്‍ മൂന്ന് മൊബൈല്‍ സ്ഥാപനങ്ങള്‍ കണ്ടെത്തി

പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച് നൽകുന്ന മൂന്ന് മൊബൈല്‍ സ്ഥാപനങ്ങള്‍ കണ്ടെത്തി. തട്ടിപ്പ് നടത്തിയ മൂന്ന് അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂര്‍ എ എസ് പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളികളെന്ന വ്യാജേനെ ബംഗ്ലാദേശില്‍ നിന്ന് നാടുകടത്തപ്പെട്ട കൊടും ക്രിമിനലുകളും ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം.

ഓരോ ദിവസവും നിരവധി പേര്‍ പുതിയതായി എത്തുന്നതിനാല്‍ തന്നെ ഇക്കൂട്ടര്‍ കേരളത്തില്‍ എത്രപേരാണുള്ളതെന്ന് കൃത്യമായി കണക്കെടുക്കുക അസാദ്ധ്യമാണ്.
സിം കാര്‍ഡ് എടുക്കാന്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് സ്‌കാന്‍ ചെയ്ത് മറ്റുള്ളവരുടെ പേരില്‍ വ്യാജ കാര്‍ഡ് നിർമ്മിക്കുന്ന സംഘമാണ് പൊലീസിന്റെ പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളികളായ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ലഹരി കേസുകളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പെരുമ്പാവൂരില്‍ പരിശോധന കൂടുതല്‍ ശക്തിപ്പെടുത്താനാണ് പൊലീസ് തീരുമാനം. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് അനുസരിച്ച് 32 ലഹരി കേസുകളാണ് ക്ലീന്‍ പെരുമ്പാവൂര്‍ പദ്ധതിയുടെ ഭാഗമായി പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

Exit mobile version