Site iconSite icon Janayugom Online

രണ്ടാം വര്‍ഷവും നൂറുമേനി; 900ല്‍ 809 വാഗ്ദാനങ്ങള്‍ നടപ്പിലാകുന്നു

പ്രതിസന്ധി ഘട്ടങ്ങളില്‍ പതറാതെ, ജനങ്ങളെ കൈപിടിച്ചുയര്‍ത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന് ഭരണമികവിലും നൂറുമേനി. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണത്തിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുമ്പാകെ സമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ രാജ്യത്തിന് വീണ്ടും മാതൃകയാകുന്നു. ഈ സര്‍ക്കാര്‍ രണ്ട് വര്‍ഷം പിന്നിടുമ്പോള്‍, 2021ല്‍ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ മുന്നോട്ടുവച്ച 900 വാഗ്ദാനങ്ങളില്‍ 809 എണ്ണം നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്ന് പ്രോഗ്രസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


പ്രോഗ്രസ് റിപ്പോര്‍ട്ട് പൂര്‍ണമായും വായിക്കാം-  Progress Report 2023


കേന്ദ്ര ഗ്രാന്റുകളിലും നികുതി വിഹിതത്തിലുമുണ്ടായ ഗണ്യമായ കുറവ്, ജിഎസ്‌ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയത്, വായ്പാ പരിധി ചുരുക്കിയത് എന്നിങ്ങനെ നിരവധി വെല്ലുവിളികള്‍ നേരിട്ടാണ് സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയത്. എന്നാല്‍ തനത് വരുമാനം വര്‍ധിപ്പിച്ചും ചെലവുകള്‍ ക്രമീകരിച്ചും ധനകാര്യ പ്രതിസന്ധികള്‍ മറികടന്ന് മുന്നോട്ട് പോകാന്‍ സാധിച്ചു.

അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട് എന്ന സ്വപ്നത്തിലേക്ക് മുന്നേറുന്ന സര്‍ക്കാര്‍ 2017–18 മുതല്‍ ഇതുവരെ 3,42,156 വീടുകളാണ് ലൈഫ് മിഷനിലൂടെ നിര്‍മ്മിച്ചത്. അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം, കെ ഫോണ്‍, പരമ്പരാഗത വ്യവസായ മേഖല, കാര്‍ഷിക മേഖല, പൊതുവിതരണ രംഗം, അടിസ്ഥാന സൗകര്യ വികസനം, പൊതുമേഖലാ സ്ഥാപനങ്ങള്‍, ടൂറിസം തുടങ്ങിയ നിരവധി വിഭാഗങ്ങളിലായി നല്‍കിയ വാഗ്ദാനങ്ങളുടെ പ്രവര്‍ത്തന പുരോഗതി ജനങ്ങളുടെ കണ്‍മുന്നിലുണ്ട്.



അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ എന്ന വാഗ്ദാനം നടപ്പിലാക്കാനാണ് നടപടികള്‍ സ്വീകരിച്ചത്. 15,000 സ്റ്റാര്‍ട്ടപ്പുകള്‍ ലക്ഷ്യമിട്ടിരുന്നതില്‍ രണ്ട് വര്‍ഷം കൊണ്ട് 4200 സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചത് വലിയ നേട്ടമായി. 42,000 തൊഴിലവസരങ്ങളാണ് ഇതിലൂടെ ഉണ്ടായത്. ഐടി മേഖലയില്‍ 22,650 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.

കയര്‍, കശുവണ്ടി, കൈത്തറി തുടങ്ങിയ മേഖലകളെയെല്ലാം കൈപിടിച്ചുയര്‍ത്താനുള്ള നടപടികള്‍ ആരംഭിക്കുകയോ നടപ്പിലാക്കുകയോ ചെയ്തു. മത്സ്യത്തൊഴിലാളികള്‍ക്കായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുമായുള്ള പദ്ധതികളിലും വാഗ്ദാനം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

പൊതുവിതരണ സമ്പ്രദായം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന വാഗ്ദാനം നടപ്പിലാക്കുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. കൃഷിക്കാരുടെ വരുമാനം 50 ശതമാനം വര്‍ധിപ്പിക്കുന്നതിനും പദ്ധതികള്‍ ആരംഭിച്ചു.



പാലുല്പാദനത്തില്‍ സ്വയംപര്യാപ്തത, പൊതുവിദ്യാഭ്യാസ രംഗത്തെ പുരോഗതിയിലേക്ക് നയിക്കുക, ആരോഗ്യ മേഖലയില്‍ വിവിധ പദ്ധതികള്‍, എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളം, ഡിജിറ്റല്‍ സര്‍വേ തുടങ്ങിയ നിരവധി വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ അക്കമിട്ട് വിശദമാക്കുന്നു. ഈ കാലയളവില്‍ ദേശീയ‑അന്തര്‍ദേശീയ തലത്തില്‍ കേരളത്തിന് ലഭിച്ച അംഗീകാരങ്ങളും സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവിന്റെ സാക്ഷ്യപത്രമായി പ്രോഗ്രസ് റിപ്പോര്‍ട്ടിലുണ്ട്.

2016ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ 600 വാഗ്ദാനങ്ങളില്‍ അഞ്ച് വര്‍ഷം കൊണ്ട് 580 എണ്ണം പൂര്‍ത്തീകരിച്ച എല്‍ഡിഎഫ് സര്‍ക്കാരിന് ജനങ്ങള്‍ തുടര്‍ഭരണം നല്‍കുകയായിരുന്നു.

Eng­lish Sam­mury: Hun­dred years for the sec­ond year, gov­ern­ment progress report details

Exit mobile version