Site iconSite icon Janayugom Online

വിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ചാനല്‍ചര്‍ച്ചയ്ക്കിടെ മതവിദ്വേഷം വളര്‍ത്തുന്നതരത്തില്‍ പരാമര്‍ശം നടത്തിയെന്ന കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജ്ജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിതള്ളി. വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്ന ജോര്‍ജ്ജിന് ജാമ്യം നല്‍കാനാകില്ലെന്ന് പറഞ്ഞുകൊണ്ടാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. പരാമര്‍ശത്തില്‍ പ്രഥമദൃഷ്ടാ കുറ്റം നിലനില്‍ക്കുന്നുവെന്ന് നിരീക്ഷിച്ച് കോട്ടയം ജില്ലാ സെഷന്‍സ് കോടതി നേരത്തെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജോര്‍ജ്ജ് ഹൈക്കോടതിയെ സമീപിച്ചത്.

ഇന്ത്യയിലെ മുസ്‍ലിങ്ങള്‍ മുഴുവൻ വർഗീയവാദികളാണെന്നും അവർ പാകിസ്താനിലേക്ക് പോകണമെന്നുമാണ് ജനുവരി ആറിനുനടന്ന ചാനൽ ചർച്ചയിൽ പി സി ജോർജ് പറഞ്ഞത്. ഈരാറ്റുപേട്ടയിൽ മുസ്‍ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും അദ്ദേഹം ചർച്ചയിൽ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഈരാറ്റുപേട്ട മുനിസിപ്പൽ യൂത്ത് ലീ​ഗ് കമ്മിറ്റിയുൾപ്പെടെ വിവിധ സംഘടനകൾ പരാതി നൽകിയിരുന്നു. തുടർന്ന് പി സി ജോര്‍ജിനെതിരേ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരം ഈരാറ്റുപേട്ട പോലീസ് കേസെടുത്തിരുന്നു.

എന്നാല്‍, അറസ്റ്റ് വൈകുന്നതില്‍ വ്യാപക പ്രതിഷേധമുയരുകയും ചെയ്തു. ഇതിനിടെയാണ് പി സി ജോര്‍ജ് മുന്‍കൂര്‍ജാമ്യം തേടി കോടതിയെ സമീപിച്ചത്. എന്നാൽ കോട്ടയം ജില്ലാ സെഷന്‍സ് കോടതി തള്ളുകയായിരുന്നു. തുടർന്നാണ് മുൻകൂർജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. 

Exit mobile version