നായരമ്പലം കുടുങ്ങാശേരിയിൽ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിനായി എടുത്ത കുഴികൾ റോഡുകൾക്കും സമീപ കെട്ടിടങ്ങൾക്കും ഭീഷണിയായി മാറുന്നു. വിപി റോഡിനും കടേക്കുരിശിങ്കൽ റോഡിനും ഇടയിലെ പഞ്ചായത്ത് ഭൂമിയിലാണ് നിർമ്മാണം നടന്നു വരുന്നത്. അടിത്തറയൊരുക്കുന്നതിനായി മണ്ണ് നീക്കം ചെയ്ത്തോടെ പല ഭാഗത്തായി രൂപപ്പെട്ട കുഴികൾ അപകടത്തിന് വഴിവെച്ചേക്കാം. നിശ്ചിത താഴ്ചയിലധികം മണ്ണെടുത്ത് മാറ്റുമ്പോൾ പാലിക്കേണ്ട മുൻകരുതലുകളും സുരക്ഷാ നടപടികളും കരാറുകാർ പാലിക്കാത്തതാണ് വിനയായി മാറുന്നത്.
വി പി റോഡിന് സമീപത്ത് പഴയ ബസ് കാത്തിരിപ്പു കേന്ദ്രം നിന്നിരുന്ന ഭാഗത്ത് എടുത്ത കുഴിയിലേക്ക് റോഡിനോട് ചേർന്ന മണ്ണും ഇടിഞ്ഞു വീഴുന്നുണ്ട്. വി പി റോഡ് നവീകരണത്തിൻ്റെ ഭാഗമായി സ്ഥാപിച്ച നടപ്പാതയുടെ ടൈലുകൾ ഇളകിമാറുന്ന നിലയിലേക്ക് മണ്ണിളക്കം വഴിവെച്ചിട്ടുണ്ട്. കിഴക്കുഭാഗത്തെ സ്വകാര്യ വ്യക്തിയുടെ ചുറ്റുമതിലിനും കെട്ടിടത്തിനും കുഴികൾ ഭീഷണിയായി മാറിയിരിക്കുകയാണ്. ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിൽ കരാറുകാരൻ പാലിക്കേണ്ട മുൻകരുതൽ എടുപ്പിക്കാൻ പഞ്ചായത്ത് തയ്യാറാവണമെന്ന് സിപിഐ നായരമ്പലം ലോക്കൽ കമ്മറ്റി സെക്രട്ടറി എൻ കെ സജീവൻ ആവശ്യപ്പെട്ടു.

