മകളെ വിവാഹം ചെയ്യാൻ സമ്മതിക്കാത്തതിനെ തുടർന്ന് തിരുവനന്തപുരത്ത് ബന്ധുവിന്റെ കുത്തേറ്റ വൃദ്ധൻ മരിച്ചു. തിരുവനന്തപുരം മംഗലപുരം പാട്ടത്തിൽ സ്വദേശി താഹ (67) ആണ് മരിച്ചത്. സംഭവത്തില്‍ സമീപവാസിയായ താഹയുടെ ബന്ധു റാഷിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. വയറ്റിൽ ഒന്നിലധികം തവണ കുത്തേറ്റ താഹയുടെ കുടൽമാല പുറത്തുവന്ന നിലയിലായിരുന്നു.
ആക്രമണം തടയാനെത്തിയ താഹയുടെ ഭാര്യയെയും പ്രതി ആക്രമിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. താഹയുടെ ഭാര്യയെ അസഭ്യം പറഞ്ഞു പിടിച്ചുതള്ളിയ ശേഷമാണ് ഹാളിലിരുന്ന താഹയെ തടഞ്ഞുനിര്‍ത്തി വയറിലും നെഞ്ചിലും കുത്തിയത്. തുടര്‍ന്ന് റാഷിദ് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. ഈ മാസം 28ന് താഹയും ഭാര്യയും ഹജ്ജ് യാത്രയ്ക്ക് പുറപ്പെടാനിരിക്കുകയായിരുന്നു.

