Site iconSite icon Janayugom Online

സ്ത്രീമുന്നേറ്റത്തില്‍ കേരളം മാതൃക

സ്ത്രീ മുന്നേറ്റത്തിലെ തടസങ്ങൾ നീക്കുന്നതിൽ കേരളം ഉജ്ജ്വല മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്തെ പരമ്പരാഗത പുരുഷാധിപത്യ മേഖലകളിൽ സ്ത്രീകളുടെ എണ്ണം വർധിക്കുകയാണെന്നും പുരാതന കാലം മുതൽ സ്ത്രീയേയും പുരുഷനേയും ഒന്നായി കാണുന്ന സംസ്കാരമാണ് രാജ്യം പിന്തുടരുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. കേരള നിയമസഭ സംഘടിപ്പിച്ച വനിതാ സാമാജികരുടെ ദേശീയ സമ്മേളനം ‘നാഷണൽ വിമെൻ ലെജിസ്ലേച്ചേഴ്സ് കോൺഫറൻസ് കേരള 2022’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ മേഖലകളിൽ സ്ത്രീകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് കേരളം പുതിയ പാതകൾ രൂപപ്പെടുത്തിയതായി രാഷ്ട്രപതി ചൂണ്ടിക്കാട്ടി. പല മേഖലകളിലും സ്ത്രീകൾ പ്രതിസന്ധികൾ മറികടന്ന് മുന്നേറുകയാണ്. ആരോഗ്യ പ്രവർത്തകരുടെ കാര്യത്തിൽ കേരളം വലിയ സംഭാവന നൽകിയിട്ടുണ്ടെന്നും കോവിഡ് പ്രതിസന്ധിയിൽ കേരളത്തിലെ വനിതകൾ നിസ്വാർത്ഥ പരിചരണത്തിന്റെ മാതൃക സൃഷ്ടിച്ചതായും രാഷ്ട്രപതി പറഞ്ഞു.
നാനാതുറകളിലുമുള്ള സ്ത്രീകൾ ഗാർഹിക ഇടങ്ങളിൽനിന്ന് പുറത്തുവരികയും പൊതുപ്രക്ഷോഭങ്ങളിൽ വലിയ തോതിൽ പങ്കുചേരുകയും ചെയ്തു. ആ പ്രക്ഷോഭങ്ങളുടെയെല്ലാം ആത്യന്തിക വിജയം സ്ത്രീകളുടെ പങ്കാളിത്തംകൊണ്ടായിരുന്നു. രാജ്യത്തിന്റെ ഭരണഘടന തയാറാക്കാൻ ഭരണഘടനാ അസംബ്ലി ചേർന്നപ്പോൾ അതിൽ 15 സ്ത്രീകൾ അംഗങ്ങളായിരുന്നു. അതിൽത്തന്നെ മൂന്നു പേർ കേരളത്തിൽനിന്നുള്ളവരായിരുന്നു. ലിംഗവ്യത്യാസമില്ലാതെ എല്ലാ പൗരൻമാർക്കും സാർവത്രിക സമ്മതിദാനാവകാശം നൽകുന്ന അപൂർവ നേട്ടം കൈവരിക്കാൻ തുടക്കത്തിലേ രാജ്യത്തിന് സാധിച്ചു. സ്ത്രീകൾ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുക മാത്രമല്ല, മത്സരിക്കുകയും ചെയ്തു. ആദ്യ ലോക്‌സഭയിലേക്ക് 24 പേർ തെരഞ്ഞെടുക്കപ്പെട്ടു. 

യുഎസിൽ സ്ത്രീകൾക്ക് വോട്ടവകാശം നേടിയെടുക്കാൻ സ്വാതന്ത്ര്യം ലഭിച്ച് ഒരു നൂറ്റാണ്ടിലേറെ കാത്തിരിക്കേണ്ടിവന്നു. ബ്രിട്ടനിലെ വനിതകളും ഏറെക്കാലം കാത്തിരുന്നു. എന്നാൽ ഇന്ത്യയിൽ പുരുഷൻമാർ വോട്ട് ചെയ്യുകയും സ്ത്രീകൾ വോട്ട് ചെയ്യാതിരിക്കുകയും ചെയ്ത ഒരു കാലവും ഉണ്ടായിട്ടില്ല. ഭരണഘടനാ ശില്പികൾ സ്ത്രീയെന്നോ ജാതിയിലെയോ വർഗങ്ങളിലെ അംഗമെന്നോ വേര്‍തിരിവ് കാണിച്ചില്ല. ഇതു പുരാതന കാലം മുതൽതന്നെ രാജ്യം പിന്തുടർന്നിരുന്നതായും രാഷ്ട്രപതി പറഞ്ഞു. 

ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ സ്പീക്കർ എം ബി രാജേഷ് രാഷ്ട്രപതിക്ക് ഉപഹാരം സമ്മാനിച്ചു. രാഷ്ട്രപതിയുടെ പത്നി സവിത കോവിന്ദ്, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ജെ ചിഞ്ചുറാണി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ പങ്കെടുത്തു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നായി 120 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഇന്ന് വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം ലോക്‌സഭാ സ്പീക്കർ ഓം ബിർള ഉദ്ഘാടനം ചെയ്യും.

Eng­lish Summary:Kerala is a mod­el in the wom­en’s movement
You may also like this video

Exit mobile version