Site iconSite icon Janayugom Online

തദ്ദേശ തെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് സജ്ജം;വിജയം സുനിശ്ചിതമെന്നും ബിനോയ് വിശ്വം

തദ്ദേശ തെരഞ്ഞടുപ്പിന് എല്‍ഡിഎഫ് പൂര്‍ണ സജ്ജമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫ് സുനിശ്ചിതമായി വിജയം വരിക്കുമെന്നും ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയമായും ജനോപകാരപ്രദമായ നേട്ടങ്ങളാലും എല്‍ഡിഎഫിന് വിജയം അവകാശപ്പെട്ടതാണ്. കോണ്‍ഗ്രസും ബിജെപിയും ഒറ്റക്കെട്ടാണ്. അതിനെയെല്ലാം മറികടന്നുകൊണ്ടാണ് എല്‍ഡിഎഫ് മുന്നോട്ട് പോകുന്നത്. 

ഈ തെരഞ്ഞെടുപ്പിലും അന്ധമായ ഇടതുപക്ഷ വിരോധം മാത്രം കൈമുതലാക്കിയ ഈ ശക്തികള്‍ ഒന്നിച്ചായിരിക്കും എല്‍ഡിഎഫിനെ ചെറുക്കുക എന്ന് അറിഞ്ഞുകൊണ്ടാണ് തെരഞ്ഞെടുപ്പിന് സജ്ജമാകുന്നത്. അവര്‍ക്കാപ്പം അപ്രഖ്യാപിതമായി വര്‍ഗീയ ശക്തികളും ഉണ്ടാകും. ഈ പോരാട്ടത്തില്‍ രാഷ്ട്രീയമായും ആശയപരമായും മേല്‍ക്കൈ എല്‍ഡിഎഫിനാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.എല്‍ഡിഎഫ് നടപ്പിലാക്കിയ ജനോപകാരപ്രദമായ നടപടികളുടെ നീണ്ട പട്ടിക ഇവിടെയുണ്ട്. അടിസ്ഥാന പുരോഗതിയുടെ പാതയില്‍ നാം ബഹുദൂരം മുന്നോട്ട് പോയി. ഈ മുന്നേറ്റത്തെ തടയുവാന്‍ വേണ്ടിയുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി സര്‍ക്കാര്‍. അര്‍ഹതപ്പെട്ട വിഹിതം തരാതെ കേരളത്തെ ശ്വാസം മുട്ടിക്കാനാണ് അവരുടെ നീക്കം.

അതിനെയെല്ലാം മറികടന്നുകൊണ്ടാണ് കേരളത്തിന്റെ ജൈത്രയാത്ര. അതിദാരിദ്ര്യത്തെ ഇല്ലാതാക്കിയ ഒന്നാം സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. ഇതൊരു മഹത്തായ മുന്നേറ്റമാണ്. ആ ദിശയില്‍ മുന്നോട്ട് നീങ്ങി എല്ലാരംഗത്തും വളര്‍ച്ചയ്ക്ക് വഴിയൊരുക്കുവാന്‍ ഈ തെരഞ്ഞെടുപ്പിന്റെ വിധിയെഴുത്ത് നിര്‍ണായകമാണെന്ന് അറിഞ്ഞുകൊണ്ടാണ് പ്രവര്‍ത്തകര്‍ മുന്നോട്ട് നീങ്ങുന്നത്. അത്യപൂര്‍വ സ്ഥലങ്ങളില്‍ സീറ്റ് വിഭജനം ബാക്കിയുണ്ട്. വരും ദിവസങ്ങളില്‍ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുകൊണ്ട് ഒറ്റക്കെട്ടായി എല്‍ഡിഎഫ് മുന്നോട്ടുപോകും. താഴെത്തട്ടില്‍ മുതലുള്ള എല്ലാ പ്രവര്‍ത്തനപുരോഗതി വിലയിരുത്തിയതിന്റെ വെളിച്ചത്തിലാണ് എല്‍ഡിഎഫ് വിജയം ഉറപ്പിച്ചിരിക്കുന്നത്. പിഎംശ്രിയില്‍ സര്‍ക്കാര്‍ പറഞ്ഞ ഓരോ വാക്കും പാലിക്കപെടുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ബിനോയ് വിശ്വം പറഞ്ഞു.

Exit mobile version