തിരുവാങ്കുളത്തെ നാല് വയസുകാരി കല്യാണിയുടെ കൊലപാതകത്തില്‍ അമ്മ സന്ധ്യ കുറ്റം സമ്മതിച്ചെന്ന് ആലുവ റൂറല്‍ എസ്പി എം ഹേമലത. പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. എന്നാൽ കൊലപാതക കാരണം വ്യക്തമായിട്ടില്ല. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനുണ്ട്. അടുത്ത ബന്ധുക്കളെ ഉൾപ്പെടെ ചോദ്യം ചെയ്യുമെന്ന് റൂറൽ എസ്പി വ്യക്തമാക്കി.മുൻപും കൊലപാതക ശ്രമം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ആലുവ റൂറൽ എസ്പി എം ഹേമലത പറഞ്ഞു.
മാനസിക നില പരിശോധിക്കേണ്ടത് വിദഗ്ദ നിർദേശങ്ങൾക്ക് ശേഷമാകും. വൈദ്യപരിശോധന നടത്തും. പറഞ്ഞ് കേൾക്കുന്ന പരാതികൾക്ക് അനുസൃതമായി തെളിവ് ലഭിച്ചിട്ടില്ലെന്ന് ആലുവ റൂറൽ എസ്പി പറഞ്ഞു. കല്യാണിയുടെ കൊലപാതകത്തിൽ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കല്യാണിയെ പാലത്തിനു മുകളിൽ നിന്ന് പുഴയിലേക്ക് എറിഞ്ഞെന്ന് സന്ധ്യ പൊലീസിനോട് സമ്മതിച്ചു.
സന്ധ്യയ്ക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് കുടുംബം പറയുന്നു. കല്യാണിയെ കൊലപ്പെടുത്തിയതിന് പിന്നിൽ കുടുംബപ്രശ്നങ്ങളാണെന്ന സന്ധ്യയുടെയും കുടുംബത്തിന്റെയും വാദം തള്ളുകയാണ് ഭർത്താവ്. സന്ധ്യയുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഭർത്താവ് സുഭാഷ് പറഞ്ഞു. പുലർച്ചെ 2.20നാണ് മൂഴിക്കുളത്ത് ചാലക്കുടിപ്പുഴയിൽ കല്യാണിയുടെ മൃതദേഹം കണ്ടെടുത്തത്.

