Site iconSite icon Janayugom Online

അഞ്ചലിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്: രണ്ടുപേർ അറസ്റ്റിൽ

ഓൺലൈൻ ട്രേഡിങ് ബിസിനസ് വഴി പണം സാമ്പാദിക്കാം എന്ന വ്യാജേന അഞ്ചൽ ഇടമുളയ്ക്കൽ സ്വദേശിയിൽ നിന്നും പതിനാലര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം സ്വദേശി ഷംനാസ് (39), ഇടുക്കി സ്വദേശി ലിജോ (37) എന്നിവരെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഹെയിസ് ബർഗ് ഡയമണ്ട് എന്ന കമ്പനിയുടെ പേരിൽ ഓൺലൈൻ ട്രേഡിങ് വ്യാപാരത്തിലൂടെ പണം നേടാം എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പലപ്പോഴായി പണം തട്ടിയത്. തട്ടിയെടുത്ത പണം ഇപ്പോൾ പിടിയിലായ രണ്ടുപേരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയതായി പൊലീസ് കണ്ടെത്തിയിടുണ്ട്. അറസ്റ്റിലായ ഷംനാസ് സിനിമാ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നയാളാണ്. ഓൺലൈൻ ആപ്പ് വഴി ആദ്യം ചെറിയ തുകകൾ നല്‍കി ബിസിനസിൽ ചേർക്കുകയും ഇത് കൃത്യമായി തിരികെ നല്‍കയും ചെയ്തു വിശ്വാസം നേടിയെടുത്ത ശേഷം വലിയ തുക നിക്ഷേപിക്കാൻ ആവശ്യപ്പെടുകയാണ് സംഘം ചെയ്യുന്നത്. പലരും തട്ടിപ്പ് മനസിലാക്കി വരുമ്പോഴേക്കും വലിയ തുകകൾ സംഘത്തിന് നൽകിയിട്ടുണ്ടാകും.

കേസിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ട്. തട്ടിപ്പ് നടത്തി സമ്പാദിക്കുന്ന പണം സിനിമ മേഖലയിലേക്ക് എത്തിയതയുള്ള വിവരമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ഇപ്പോൾ ചിത്രീകരണം നടക്കുന്ന സിനിമയിൽ ഉൾപ്പടെ പണം ചെലവഴിച്ചതായും പൊലീസ് സംശയിക്കുന്നുണ്ട്. അന്വേഷണം തുടരുകയാണ് എന്നും തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകൾ പിടിയിലാകുമെന്നും അഞ്ചൽ പൊലീസ് അറിയിച്ചു.

അഞ്ചൽ എസ്എച്ച്ഒ ഹരീഷ്, എസ്ഐ പ്രജീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വിനോദ്കുമാർ, അനിൽകുമാർ, അബീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Exit mobile version