Site iconSite icon Janayugom Online

കിട്ടാക്കനിയായി പിഎഫ് പെൻഷൻ

രാജ്യത്തെ സംഘടിത തൊഴിൽ മേഖലയിലെ അർഹരായവർക്ക് ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷൻ അനുവദിക്കണമെന്ന സുപ്രീം കോടതി വിധിക്ക് രണ്ട് വർഷം പ്രായമായിട്ടും അനക്കമില്ലാതെ എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ).
തൊഴിലെടുത്ത കാലം മുഴുവൻ പിഎഫ് ഫണ്ടിലേക്ക് വൻ തുക വിഹിതമായി അടച്ച ലക്ഷക്കണക്കിന് പേരാണ് അനുകൂല നടപടിക്കായി അപേക്ഷയും സമർപ്പിച്ച് കാത്തിരിക്കുന്നത്. ഇന്ന് ചേരാൻ നിശ്ചയിച്ചിട്ടുള്ള ഇപിഎഫ്ഒ യുടെ കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗത്തിൽ എന്തെങ്കിലും അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പെൻഷൻകാർ. 23ന് കൂടാൻ തീരുമാനിച്ചിരുന്ന യോഗമാണ് ഇന്നത്തേക്ക് മാറ്റിയത്.
വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് 2022 നവംബര്‍ നാലിന് വലിയൊരനുഗ്രഹമായി ഉയർന്ന പെൻഷന് വഴിവയ്ക്കുന്നതെന്ന് ആശ്വസിച്ച സുപ്രീം കോടതി ഉത്തരവുണ്ടായത്. എന്നിട്ടും, രണ്ട് വർഷത്തിനിടയിൽ ഒരു ശതമാനം പേർക്കു പോലും പെൻഷൻ അനുവദിക്കാൻ കഴിഞ്ഞിട്ടില്ലെന്ന പരാതി ശക്തമാണ്. 

വൈകുന്നതിന്റെ കൃത്യമായ കാരണമോ, എപ്പോൾ നൽകാൻ കഴിയുമെന്നോ പറയാതെ അധികൃതർ മൗനത്തിലാണ്. ഇതിനിടെ, ഉയർന്ന പെൻഷൻ കണക്കാക്കുന്ന നടപടികൾ ഇപിഎഫ്ഒയുടെ ബാംഗ്ലൂർ സോണൽ ഓഫിസ് നിർത്തി വച്ചത് സ്വതവേ ആശങ്കയിലായ വിഭാഗത്തെ സംബന്ധിച്ച് കൂനിന്മേൽ കുരു എന്ന പോലെയായി. നടപടി നിർത്തി വച്ചതിനെക്കുറിച്ചും വിശദീകരണമൊന്നുമില്ല. കേന്ദ്ര ഓഫീസിൽ നിന്നുള്ള നിര്‍ദേശം എന്ന് മാത്രമേ ഉത്തരമുള്ളൂ. പിഎഫ് ഓഫീസുകളിൽ അവശ്യത്തിന് ജീവനക്കാരില്ല, സോഫ്റ്റ‌്‌വേർ സംവിധാനം ഫലപ്രദമല്ല തുടങ്ങിയ അഴകൊഴമ്പൻ മറുപടികളാണ് ലക്ഷക്കണക്കായ തൊഴിലാളികളുടെ വൻനിക്ഷേപം കൈകാര്യം ചെയ്യുന്ന, കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനം നിരത്തുന്ന പരാധീനതകൾ. തൊഴിൽ മന്ത്രാലയത്തിനും കേന്ദ്ര സർക്കാരിനും ഇക്കാര്യത്തിൽ അഭിപ്രായങ്ങളുമില്ല.

സുപ്രീം കോടതി വിധിക്കു ശേഷം വർഷങ്ങൾക്കു മുമ്പ് വിരമിച്ച 17.5 ലക്ഷത്തിലധികം പേർ ഉയർന്ന പെൻഷനു വേണ്ടി അധിക വിഹിതമടയ്ക്കാൻ ഓപ്ഷൻ നൽകിയിട്ടുണ്ടെങ്കിലും ചുരുക്കം പേർക്ക് മാത്രമേ അതിനുള്ള അവസരം ലഭിച്ചിട്ടുള്ളൂ. അധിക വിഹിതമാക്കാനാവശ്യമായ വലിയ തുകകൾ ബാങ്ക് വായ്പകളിലൂടെയും മറ്റുമാണ് ഭൂരിഭാഗം പേരും കണ്ടെത്തുന്നത്. നടപടികൾ വൈകുന്നതിനനുസരിച്ച് വായ്പയെടുത്ത തുകയുടെ പലിശയും വർധിക്കും.
പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതമടയ്ക്കാൻ വൈകിയാൽ ഫൈൻ ചേർത്തടയ്ക്കണം. എന്നാൽ, പെൻഷൻ കുടിശിക എത്ര വൈകിയാലും അതിന് പലിശയില്ലതാനും. ഉയർന്ന പിഎഫ് ഫണ്ട് പെൻഷന്റെ പിപിഒ (പെൻഷൻ പേയ്മെന്റ് ഓർഡർ) ലഭിച്ചവർക്കു തന്നെ തുകയിൽ 25–30 ശതമാനം വരെ കുറവ് അനുഭവപ്പെടുന്ന സ്ഥിതിയുമുണ്ട്. ഇതിനെതിരെ തൊഴിലാളി സംഘടനകൾ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുകയും പ്രധാനമന്ത്രിക്കും കേന്ദ്ര തൊഴിൽ മന്ത്രിക്കും നിവേദനം സമർപ്പിക്കുകയും ചെയ്തെങ്കിലും ഇക്കാര്യത്തിലും പരിഹാരമില്ല. 

Exit mobile version