Site iconSite icon Janayugom Online

കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു

കേരളം രാജ്യത്തെ മറ്റ്സ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. മാനവവികസന സൂചിക, സാക്ഷരത, വിദ്യാഭ്യാസം, വിജ്ഞാനം തുടങ്ങിയ ശക്തിയിലാണ് കേരളം മുന്നിട്ടു നില്‍ക്കുന്നതെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു.വിജ്ഞാനം സമൂഹത്തെ നവീകരണത്തിലേക്കും സ്വയംപര്യാപ്‌തതയിലേക്കും നയിക്കുന്നു. 21 –ാം നൂറ്റാണ്ട്‌ വിജ്ഞാന നൂറ്റാണ്ടാണ്‌. വികസനത്തിനും വളർച്ചയ്‌ക്കുമുള്ള അവസരങ്ങൾ കണ്ടെത്താനുള്ള താക്കോലാണ്‌ വിദ്യാഭ്യാസമെന്നും രാഷ്ട്രപതി മുര്‍മു പറഞ്ഞു.

പാലാ സെന്റ്‌ തോമസ്‌ കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവർ.വിദ്യകൊണ്ട്‌ പ്രബുദ്ധരാകാൻ പഠിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ ശിവഗിരിയിലെ മഹാസമാധി ശതാബ്‌ദിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. വിദ്യാഭ്യാസം വ്യക്തികളിലും സമൂഹത്തിലും പുരോഗതിയുണ്ടാക്കും.

100 വർഷം മുമ്പ് ‌ തൊട്ടൂകൂടായ്‌മ ഇല്ലാതാക്കാൻ വൈക്കം സത്യഗ്രഹം നടന്ന നാടാണിത്‌. സാക്ഷരതയ്‌ക്കും വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകിയതിനാലാണ്‌ കോട്ടയം അക്ഷരനഗരിയായത്‌. കേരളത്തിലെ ആദ്യത്തെ അച്ചടിശാല സ്ഥാപിച്ചത്‌ ഇവിടെയാണ്‌. വായിച്ചു വളരുക എന്ന സന്ദേശത്തോടെ പി എൻ പണിക്കർ ഗ്രന്ഥശാല പ്രസ്ഥാനത്തെ ശക്തമാക്കിയതും ഇവിടെയാണെന്നും രാഷ്‌ട്രപതി ദ്രൗപതി മുര്‍മു അഭിപ്രായപ്പെട്ടു 

Exit mobile version