Site iconSite icon Janayugom Online

ശബരിമല സ്വർണ കൊള്ള കേസ്: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ശ്രീകുമാര്‍ അറസ്റ്റില്‍

ശബരിമല സ്വർണ കൊള്ള കേസിൽ വീണ്ടും ഒരു അറസ്റ്റ്. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാർ ആണ് അറസ്റ്റിലായത്. കേസിലെ ആറാം പ്രതിയാണ് ശ്രീകുമാർ. ദ്വാരപാലക ശില്പപാളിയിലെയും ശ്രീകോവിലിന്റെ വാതിലിന്റെ കട്ടിളപ്പടിയിലെയും സ്വർണം മോഷണംപോയ കേസിൽ ചെമ്പ് പാളി എന്ന് രേഖപ്പെടുത്തിയ മഹസറിൽ സാക്ഷിയായി ഒപ്പിട്ടത് ശ്രീകുമാറായിരുന്നു. മേലുദ്യോഗസ്ഥനായ എക്‌സിക്യൂട്ടീവ് ഓഫീസറുടെ നിര്‍ദേശപ്രകാരമാണ് മഹസറിൽ ഒപ്പിട്ടതെന്ന് ശ്രീകുമാർ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു.

ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കളുടെ ചുമതല തനിക്കുണ്ടായിരുന്നില്ല. സ്വർണം പൂശാനുള്ള തീരുമാനം താൻ സ്ഥാനം ഏൽക്കുന്നതിന് മുൻപ് എടുത്തതെന്നും ശ്രീകുമാർ പറഞ്ഞു. ഉദ്യോഗസ്ഥനെന്ന നിലയിൽ മേൽത്തട്ടിൽ നിന്നുളള നിർദേശം അനുസരിച്ച് ഫയൽ നീക്കുകമാത്രമാണ് ചെയ്തതെന്നായിരുന്നു ശ്രീകുമാറിന്റെ വാദം.2009ൽ ദേവസ്വം കമ്മിഷണറായിരുന്ന വാസു നൽകിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പാണെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. മുരാരി ബാബു നൽകിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോർഡിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും താൻ വിരമിച്ചതിനുശേഷമാണ് പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നുമായിരുന്നു എൻ വാസുവിന്റെ വാദം.

Exit mobile version