Site iconSite icon Janayugom Online

സ്വർണ വിലയ്ക്കൊപ്പം കുതിച്ച് കളളക്കടത്തും

വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ കള്ളക്കടത്തു കേസുകൾ സംസ്ഥാനത്ത് വന്‍തോതിൽ വർധിക്കുന്നതിൽ ആശങ്കയുമായി സ്വർണ വ്യാപാരികൾ. വില എത്ര കൂടിയാലും കുറഞ്ഞാലും സ്വർണം സുരക്ഷിത നിക്ഷേപമായി കാണുന്ന മലയാളികളെ ലക്ഷ്യം വച്ചാണ് കേരളത്തിലെ സ്വർണ കള്ളക്കടത്തുകൾ വർധിക്കുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളറിന്റെയും രൂപയുടെയും വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണത്തിന്റെ വില നിർണയിക്കുന്നത്.
ഒരു പവൻ സ്വർണത്തിന് 55,120 രൂപയോളം വില വരുമ്പോൾ 1 ഗ്രാമിന് 6625 രൂപയാണ് വില. നിക്ഷേപ മൂല്യം എന്നതിന് പുറമെ സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനുമുള്ള ജനങ്ങളുടെ താല്പര്യവും കള്ളക്കടത്ത് സംഘങ്ങൾ നിരുപാധികം ചൂഷണം ചെയ്യുകയാണ്.

2023–24 സാമ്പത്തിക വർഷത്തിൽ മാത്രം കേരളത്തിൽ നിന്ന് 487.57 കിലോ ഗ്രാം സ്വർണം കണ്ടെത്തിയെന്നാണ് കസ്റ്റംസിന്റെ കണക്കുകൾ. സ്ത്രീകൾക്ക് ലഭിക്കുന്ന നിയമപരമായ പരിരക്ഷയുടെ മറവിൽ വൻ റാക്കറ്റുകൾ ഇപ്പോൾ കൂടുതലും സ്ത്രീകളെ ഉപയോഗിച്ചാണ് സ്വർണക്കടത്തുകൾ ആസൂത്രണം ചെയ്യു­ന്നത്. കൃത്യമായിട്ടുള്ള രഹസ്യ വിവരങ്ങളുടെ അടിസ്ഥാ­നത്തിൽ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്തുകൾ കസ്റ്റംസ് പിടികൂടുന്നതിനാൽ വൻ സംഘങ്ങൾ ഇപ്പോൾ കപ്പലുകൾ വഴിയും കള്ളക്കടത്തുകൾ വ്യാപിച്ചിട്ടുണ്ട്.
ജലഗതാഗതം വഴിയുള്ള സ്വർണ കടത്തുകേസുകൾ പിടികൂടുവാനും സംസ്ഥാനത്തിന് ലഭ്യമാകേണ്ട നികുതി നഷ്ടപ്പെടാതിരിക്കാനും ജാഗ്രത പുലർത്തണമെന്ന് സ്വർണ വ്യാപാരികൾ ആവശ്യപ്പെടുന്നു. 

കള്ളക്കടത്ത് കേസുകൾ കുറയ്ക്കുവാൻ സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കണമെന്ന നിലപാടിലാണ് സ്വർണ വ്യാപാരികൾ. അടുത്തിടെ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 7.5 ശതമാനത്തിൽ നിന്ന് 15 ശതമാനം ആയി ഉയർത്തിയത് ഉല്പാദനച്ചെലവിനെ സാരമായി ബാധിച്ചതായും സ്വർണക്കടത്ത് കേസുകൾ വർധിച്ചത് വ്യാപാരികളെ പ്രതിസന്ധിയിലാക്കിയെന്നും ഇന്ത്യ ജം ആന്റ് ജ്വല്ലറി ഡോമസ്റ്റിക്ക് കൗൺസിൽ ഡയറക്ടർ അഡ്വ. എസ് അബ്ദുൾ നാസർ പറഞ്ഞു.
സ്വർണത്തിന്റെ ആഭ്യന്തര ഉല്പാദനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിന് അടിസ്ഥാന കസ്റ്റംസ് തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ കേന്ദ്ര ധനകാര്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. 

Eng­lish Sum­ma­ry ;Smug­gling will rise along with the price of gold

you may also like this video

Exit mobile version