Site iconSite icon Janayugom Online

കോട്ടയത്തിന്റെ നാടകരാവുണർന്നു; കെപിഎസി നാടകോത്സവത്തിന് തുടക്കമായി

കൊടിയ പട്ടിണിയിലും കെടുതിയിലും കഴിഞ്ഞ ജനതയെ പരിവർത്തനത്തിന്റെ പാതയിലേക്ക് കൈപിടിച്ച് ഉയർത്തിയ പ്രസ്ഥാനമാണ് കെപിഎസി എന്ന് റെവന്യൂ മന്ത്രി കെ രാജൻ. കോട്ടയം പബ്ലിക് ലൈബ്രറിയുടെ സാംസ്കാരിക വിഭാഗം ആയ കെപിഎൽ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കെപിഎസി നാടകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവോത്ഥാനത്തിലേക്കുള്ള കേരളത്തിന്റെ വഴികാട്ടിയായി കെപിഎസി യും അവരുടെ നാടകങ്ങളും മാറി. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം നിരോധിച്ചിരുന്ന കാലത്താണ് ‘എന്റെ മകനാണ് ശരി’ എന്ന നാടകവുമായി കെപിഎസി വേദിയിൽ എത്തുന്നത്. കേരളത്തിന്റെ സാമൂഹിക മാറ്റത്തിന് വേദിയൊരുക്കിയ ചാലകശക്തിയായി ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകം മാറി. ഒരു നാടകം എങ്ങനെയാണ് സമൂഹ മനസ്സുകളിൽ കുടിയേറുക എന്ന് കാട്ടിത്തന്ന നാടകം ആയിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യനന്മയുടെ ലോകത്തേക്ക് പുതുതലമുറയെ നയിക്കാൻ കഴിയുന്ന ഒരുപാട് പ്രവർത്തനങ്ങൾ ഇനിയും കെപിഎസിക്ക് നിര്‍വഹിക്കാനുണ്ട്. അതിന് വരുംകാലങ്ങളിൽ കെപിഎസിക്ക് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷനായിരുന്നു. അഡ്വ. വി ബി ബിനു സ്വാഗതം ആശംസിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെപിഎസി സെക്രട്ടറി അഡ്വ. എ ഷാജഹാൻ, ഫാ. എം പി ജോർജ്, ആർട്ടിസ്റ്റ് സുജാതൻ, കെ സി വിജയകുമാർ, ഷാജി വേങ്കടത്ത് എന്നിവർ പങ്കെടുത്തു.

ഈ മാസം 28 വരെ കെപിഎസ് മേനോൻ ഹാളിലാണ് നാടകോത്സവം നടക്കുന്നത്. പ്രവേശനം സൗജന്യമാണ്.

Exit mobile version