Site iconSite icon Janayugom Online

ഭൂമി തരംമാറ്റം: സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ശരിവച്ച് സുപ്രീം കോടതി

ഭൂമി തരംമാറ്റത്തിന് വസ്തു 25 സെന്റില്‍ അധികമെങ്കില്‍ മൊത്തം ഭൂമിക്കും ഫീസ് നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ഭൂമി തരംമാറ്റ ഫീസില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു.
2008 കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 27 (എ) പ്രകാരം തരംമാറ്റം ഫീസ് കണക്കാക്കുന്നതില്‍ 25 സെന്റ് വരെയുള്ള ഭൂമിക്ക് സര്‍ക്കാര്‍ ഇളവ് അനുവദിച്ചിരുന്നു. ഇതോടെ ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വ്യവസ്ഥകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തത വരുത്തി ഉത്തരവും പുറത്തിറക്കി. വ്യവസ്ഥകളില്‍ ഇളവ് നല്‍കിയത് ചെറുകിടക്കാരെ ഉദ്ദേശിച്ചെന്നും മറ്റുള്ളവര്‍ നിയമത്തിലെ ഈ ഇളവ് ഉപയോഗപ്പെടുത്തിയാല്‍ അതിന് കൂടുതല്‍ ഫീസ് അടയ്ക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. 

25 സെന്റ് സ്ഥലം വരെയുള്ളവര്‍ക്കാണ് ഭൂമി തരം മാറ്റത്തിന് ഇളവ് ലഭിക്കുക. ഇതില്‍ അധികമുള്ള ഭൂമിക്ക് തരം മാറ്റത്തിന് ന്യായവിലയുടെ 10 ശതമാനം ഫീസ് ഒടുക്കണം. ഇതിനെതിരായ ഹര്‍ജിയില്‍ ഭൂമി വാണിജ്യ ആവശ്യത്തിനായി തരം മാറ്റുന്നവര്‍ക്ക് 25 സെന്റിലധികമുള്ള വസ്തുവിന് മാത്രം ഫീസ് നല്‍കിയാല്‍ മതിയെന്നും 25 സെന്റിന്റെ ഫീസ് സൗജന്യം എല്ലാവര്‍ക്കും ബാധകമാണെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഉയര്‍ന്ന വിസ്തീര്‍ണമുള്ള വസ്തു തരം മാറ്റത്തിന്റെ ഫീസില്‍ വര്‍ധനവുണ്ടാകും.

Exit mobile version