ഭരണഘടനാ സ്ഥാപനങ്ങളെ പോലും സ്വകാര്യവൽക്കരിക്കാനുള്ള നീക്കമാണ് നരേന്ദ്രമോഡി സർക്കാർ നടത്തുന്നതെന്ന് എഐടിയുസി ജനറൽ സെക്രട്ടറി അമർജീത് കൗർ പറഞ്ഞു. സിഐഎസ്എഫ് പോലുള്ള സേനാവിഭാഗങ്ങൾ സർക്കാരിനുകീഴിൽ ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറയുന്നു. അഗ്നിവീർ പദ്ധതിയിലൂടെ സേനാവിഭാഗങ്ങളിൽ കരാർ തൊഴിലിന് തുടക്കം കുറിച്ച് കഴിഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
തൊഴിലാളികളും ട്രേഡ് യൂണിയൻ സംഘടനകളും ഇത്തരം നയങ്ങൾക്കെതിരാണ്. ഭരണഘടനയും അടിസ്ഥാന മൂല്യങ്ങളും സംരക്ഷിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ തൊഴിലാളി സംഘടനകൾ ഒരുമിച്ചുമുന്നോട്ടുപോകും. തൊഴിൽ നിയമ പരിധിയിൽ നിന്ന് 70 ശതമാനം തൊഴിലാളികൾ പുറത്തുപോകുന്ന സവിശേഷ സാഹചര്യമാണ് ഇപ്പോൾ ഉരുത്തിരിയുന്നത്, ആ സാഹചര്യത്തിലാണ് എഐടിയുസിയുടെ നാല്പത്തിരണ്ടാമത് ദേശീയ സമ്മേളനം ആലപ്പുഴയിൽ നടക്കുന്നതെന്ന് അമർജീത് കൗർ പറഞ്ഞു.
എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, വൈസ് പ്രസിഡണ്ട് പി രാജു, സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി, ജില്ലാ സെക്രട്ടറി കെ എൻ ഗോപി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
English Summary: Modi will privatize constitutional institutions too: Amarjeet Kaur
You may also like this video