നരേന്ദ്ര മോഡിയുടെയും ബിജെപിയുടെയും ഏകാധിപത്യ മോഹങ്ങള്‍ക്ക് തടയിട്ട് ഇന്ത്യയുടെ ജനവിധി. 543 സീറ്റുള്ള ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 240 സീറ്റുകളില്‍ ഒതുങ്ങി. കേവലഭൂരിപക്ഷത്തിന് ആവശ്യമായ 272ന് 32 സീറ്റിന്റെ കുറവ്. 2019ല്‍ 303, 2014ല്‍ 282 സീറ്റുകളിലുമാണ് ബിജെപി വിജയിച്ചത്. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാര്‍ട്ടി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് എന്നിവരുമായി ചേര്‍ന്നാണ് മോഡി ഇത്തവണ സര്‍ക്കാര്‍ രൂപീകരിച്ചത്. കടുത്ത സര്‍ക്കാര്‍ വിരുദ്ധവികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് ഫലങ്ങള്‍ വ്യക്തമാക്കുന്നു. മോഡിയും പരിവാരങ്ങളും എഴുന്നള്ളിച്ച ഊതിപ്പെരുപ്പിച്ച വികസന നേട്ടങ്ങളുടെ കണക്കുകള്‍ ജനം തള്ളി. ഹിന്ദുത്വ അജണ്ടയെ ഉപേക്ഷിച്ച ജനം രാമക്ഷേത്രം പണിത അയോധ്യയില്‍ പോലും ബിജെപിയെ തോല്പിച്ചു.
രാജ്യത്ത് അസഹിഷ്ണുതയ്ക്ക് വിത്തുപാകി ജനുവരി 22ന് ഉത്തർപ്രദേശിലെ അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തു. വിദ്വേഷത്തിനും രക്തച്ചൊരിച്ചിലിനും കാരണമായ ബിജെപി-സംഘ്പരിവാർ ലക്ഷ്യമാണ് ഇതുവഴി നടപ്പിലായത്. ബാബറി മസ്ജിദ് തകർത്ത സ്ഥലത്ത് ബിജെപി-ആർഎസ്എസ് നേതാക്കളുടെ മുഖ്യ കാർമികത്വത്തിലായിരുന്നു രാമപ്രതിഷ്ഠ നടന്നത്.
സുതാര്യതയില്ലാത്തതും അഴിമതിയുടെ കൂടെപ്പിറപ്പുമായ ഇലക്ടറല്‍ ബോണ്ട് വിലക്കി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇലക്ടറല്‍ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന സുപ്രധാന വിധി പ്രസ്താവിച്ചത്. ഇലക്ടറല്‍ ബോണ്ടിന്റെ നിയമ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരായിരുന്നു മറ്റംഗങ്ങള്‍. മൂന്നു ദിവസം വാദം കേട്ട ബെഞ്ച് നവംബറില്‍ കേസ് വിധിപറയാനായി മാറ്റിയിരുന്നു. കേസില്‍ രണ്ട് സുപ്രധാന ചോദ്യങ്ങള്‍ക്കാണ് സുപ്രീം കോടതി ഉത്തരം നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വമേധയാ നല്‍കുന്ന സംഭാവനകളുടെ സ്രോതസ് വെളിപ്പെടുത്തേണ്ടതില്ല, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനെ ഇലക്ടറല്‍ ബോണ്ട് സംവിധാനം ബാധിക്കും എന്ന വിഷയങ്ങള്‍ക്കാണ് ഉത്തരവിലൂടെ മറുപടി നല്‍കിയിരിക്കുന്നത്. ഇലക്ടറല്‍ ബോണ്ട് ഭരണഘടനയുടെ അനുച്ഛേദം 19 ഉപ വകുപ്പ് ഒന്ന് എ പ്രകാരം ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ ലംഘനമെന്നാണ് വിധിയില്‍ പറയുന്നത്. ഇലക്ടറല്‍ ബോണ്ട് സംവിധാനം നടപ്പിലാക്കാന്‍ ജനപ്രാതിനിധ്യ നിയമം 29 സി, കമ്പനീസ് ആക്ട് 183 (3), ഇന്‍കം ടാക്‌സ് ആക്ട് 13 എ (ബി) എന്നീ ഭേദഗതികള്‍ അറിയാനുള്ള ജനങ്ങളുടെ അവകാശത്തിന്റെ ലംഘനമാണ്. ഇതിനു പുറമെ കമ്പനീസ് ആക്ട് 182 (1) ഭേദഗതി സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് തത്വങ്ങള്‍ക്ക് എതിരെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇലക്ടറല്‍ ബോണ്ട് സംവിധാനത്തിനായി വിവിധ നിയമങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ ഭരണഘടനാ വിരുദ്ധമെന്നും വിധിയിലുണ്ട്.
ഇന്ത്യയുടെ ആദ്യ എക്സ്-റേ പോളാരിമീറ്റര്‍ ഉപഗ്രഹമായ എക്സ്പോസാറ്റ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്ന് എക്സ് പോസാറ്റിനെയും വഹിച്ചുകൊണ്ട് ജനുവരി ഒന്നിന് രാവിലെ 9.10ന് പിഎസ്എല്‍വി-സി58 കുതിച്ചുയർന്നു. പിഎസ്എൽവി യുടെ അറുപതാം വിക്ഷേപണമായിരുന്നു ഇത്. അഞ്ച് വർഷം നീണ്ട പഠനങ്ങൾ ഇവിടെ നടത്തും. ജ്യോതിര്‍ഗോളങ്ങളുടെയും നക്ഷത്രങ്ങളുടെയും സമഗ്ര പഠനമാണ് എക്സ്‌പോസാറ്റ് ദൗത്യത്തിന്റെ ലക്ഷ്യം. ഐഎസ്ആർഒയും ബംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (ആർആർഐ) സഹകരിച്ചാണ് എക്സ്‌പോസാറ്റ് നിർമ്മിച്ചത്.തീവ്ര ശോഭയുള്ള ജ്യോതിശാസ്ത്ര എക്സ്റേ സ്രോതസുകളുടെ വിവിധ ചലനാത്മകത പഠിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ധ്രുവരേഖാ ദൗത്യമാണ് എക്സ്പോസാറ്റ്. പ്രകാശ രശ്മികളുടെ ഉറവിടങ്ങളുടെ താല്കാലികമായ സ്‌പെക്ട്രല്‍, ധ്രുവീകരണ സവിശേഷതകള്‍ ഒരേസമയം പഠിക്കാന്‍ ഇത് എക്സ്പോസാറ്റിനെ പ്രാപ്തമാക്കുന്നു. തമോഗർത്തങ്ങൾ, ന്യൂട്രണ്‍ നക്ഷത്രങ്ങൾ അടക്കമുള്ളവയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഈ പഠനം സഹായിക്കും.
മുൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, നർത്തകിയും നടിയുമായ വൈജയന്തിമാല ബാലി, നർത്തകി പത്മ സുബ്രഹ്മണ്യം, തെലുങ്ക് നടൻ ചിരഞ്ജീവി, സാമൂഹിക പ്രവർത്തകൻ അന്തരിച്ച ബിന്ദേശ്വർ പാഠക് എന്നിവർക്ക് പത്മവിഭൂഷൺ ബഹുമതി. മലയാളികളായ സുപ്രീം കോടതി മുൻ ജഡ്ജി എം ഫാത്തിമാ ബീവി (മരണാനന്തരം), ബിജെപി നേതാവ് ഒ രാജഗോപാൽ, ഗായിക ഉഷാ ഉതുപ്പ് എന്നിവരടക്കം 17 പേർക്ക് പത്മഭൂഷൺ. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി (സാഹിത്യം, വിദ്യാഭ്യാസം), കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ പി നാരായണൻ, കാസർകോട്ടെ പരമ്പരാഗത നെൽക്കർഷകൻ സത്യനാരായണ ബെലരി, പി ചിത്രൻ നമ്പൂതിരിപ്പാട് (സാഹിത്യം, മരണാനന്തരം), മുനി നാരായണ പ്രസാദ് (സാഹിത്യം) എന്നീ മലയാളികളടക്കം 110 പേർക്ക് പത്മശ്രീ. അന്തരിച്ച തമിഴ് നടൻ വിജയകാന്ത്, ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തി, മഹാരാഷ്ട്രയിലെ മാധ്യമപ്രവർത്തകരായ ഹോർമുസ്ജി എൻ കാമ, കുന്ദൻ വ്യാസ്, തയ്‌വാൻ കമ്പനി ഫോക്സ്കോൺ സിഇഒ യങ് ലിയു എന്നിവരും പത്മഭൂഷൺ പട്ടികയിലുണ്ട്. കായികതാരങ്ങളായ രോഹൻ ബൊപ്പണ്ണ (ടെന്നിസ്), ജോഷ്ന ചിന്നപ്പ (സ്ക്വാഷ്), തമിഴ് സാഹിത്യകാരൻ ജോ ഡിക്രൂസ്, ഇന്ത്യയിലെ ആദ്യ വനിതാ പാപ്പാൻ അസമിലെ പാർബതി ബറുവ എന്നിവർക്കും പത്മശ്രീയുണ്ട്. പത്മ പുരസ്കാരങ്ങളിൽ ഒമ്പതെണ്ണം മരണാനന്തര ബഹുമതിയാണ്. ജേതാക്കളിൽ 30 പേർ വനിതകളും എട്ടുപേർ വിദേശ ഇന്ത്യക്കാരുമാണ്.
ഹിന്‍ഡന്‍ബര്‍ഗിന്റെ വെളിപ്പെടുത്തലില്‍ ഉലഞ്ഞ് ഇന്ത്യന്‍ കോര്‍പറേറ്റ്-രാഷ്ട്രീയം. ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൺ മാധബി പുരി ബുച്ചും ഭർത്താവ് ധവല്‍ ബുച്ചും വിദേശ ഫണ്ടുകളില്‍ നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ ഹിൻഡൻബർഗ് പുറത്തുവിട്ടു. അഡാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നരേന്ദ്ര മോഡി സര്‍ക്കാരും അഡാനിയും തമ്മിലുള്ള ബന്ധവും അത് സംരക്ഷിക്കാനുള്ള സെബിയുടെ ഇടപെടലുമാണ് ഹിന്‍ഡന്‍ബര്‍ഗ് ചൂണ്ടിക്കാട്ടുന്നത്. ബെർമുഡയിലും മൗറീഷ്യസിലുമായുള്ള കടലാസ് കമ്പനികളിൽ 2015 കാലത്തായിരുന്നു ഇരുവരുടെയും നിക്ഷേപം. 2017ലാണ് മാധബി പുരി ബുച്ച് സെബി മുഴുസമയ അംഗമാകുന്നത്. 2022ൽ അധ്യക്ഷയായി. സെബിയിൽ ചുമതലയേൽക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ് ഇരുവരുടെയും പേരിലെ നിക്ഷേപങ്ങൾ പൂർണമായി തന്റെ പേരിലാക്കാൻ ഭർത്താവ് അപേക്ഷിച്ചിരുന്നതായും റിപ്പോർട്ട് ആരോപിക്കുന്നു. അഡാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ വൻ തട്ടിപ്പ് നടത്തുന്നതായി കഴിഞ്ഞ വർഷം ജനുവരിയിൽ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.
സെപ്റ്റംബര്‍ 20ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരണകാലത്ത് തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്ന ലഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പരാമര്‍ശം വിവാദങ്ങള്‍ക്ക് തിരി കൊളുത്തി. ലഡു വിവാദം അന്വേഷിക്കാനായി ഒക്ടോബര്‍ നാലിന് സുപ്രീം കോടതി സ്വതന്ത്ര അന്വേഷണ സംഘത്തിന് രൂപം നല്‍കി.
ജനുവരി അഞ്ചിന് റേഷന്‍ വിതരണ അഴിമതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ ചോദ്യം ചെയ്യാനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത സംഭവം ഏറെ വിവാദങ്ങളിലേക്ക് വഴി തുറന്നു, സംഭവത്തിനുശേഷം ഒളിവില്‍പോയ ഷാജഹാനെതിരെ സന്ദേശ്ഖാലിയിലെ നിരവധി സ്ത്രീകള്‍ ലൈംഗിക പരാതിയുമായി രംഗത്തുവന്നു. ഇതിനു പുറമെ തങ്ങളുടെ ഭൂമി ഷാജഹാന്‍ കൈവശപ്പെടുത്തിയെന്നും പരാതിക്കാര്‍ ഉന്നയിച്ചു. ഇതേ തുടര്‍ന്നുണ്ടായ വിവാദം പശ്ചിമബംഗാളിനെ തന്നെ പിടിച്ചുലച്ചു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാക്കള്‍ക്ക് നേരെ ഇഡി വേട്ട. മാർച്ച് 21ന് മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. മദ്യവില്പനയും വിതരണവും 2021 നവംബറിൽ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള തീരുമാനത്തിൽ അഴിമതി നടന്നുവെന്നാണ് ഇഡി ആരോപണം. വിവാദ മദ്യനയം പിന്നീട് റദ്ദാക്കിയിരുന്നു. ഇടപാടിലെ അഴിമതിയിലൂടെ ലഭിച്ച 100 കോടി രൂപ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഗോവയിൽ ചെലവഴിച്ചുവെന്നാണ് ഇഡി ആരോപിക്കുന്നത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ജനുവരി 31ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊരേനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പദം രാജിവച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ്. വ്യാജ രേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് റാഞ്ചിയില്‍ 0.88 ഏക്കര്‍ ഖനിയുടെ പാട്ടക്കരാര്‍ നേടി എന്നിവയായിരുന്നു സൊരേനെതിരെയുള്ള ആരോപണങ്ങള്‍.
ഏതെങ്കിലും കേസുകളില്‍ പ്രതികളോ ശിക്ഷിക്കപ്പെട്ടവരോ ആയ വ്യക്തികളുടെ വീടുകള്‍ അനധികൃത നിര്‍മ്മാണമെന്ന പേരില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്നത് ഭരണകൂട ഭീകരതയെന്ന് സുപ്രീം കോടതി. ബുള്‍ഡോസര്‍ രാജിനെതിരെ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ജമാഅത്ത് ഉലമ ഹിന്ദ് ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ണായക വിധി. ഇത്തരത്തില്‍ ഇടിച്ചുനിരത്തലിന് അനുമതി നല്‍കുന്നത് നിയമവാഴ്ചയ്ക്ക് എതിരും അധികാരത്തിന്റെ വിഭജന തത്വങ്ങളുടെ ലംഘനവുമാണ്. ഭരണ നേതൃത്വത്തിന് ഒരാള്‍ കുറ്റക്കാരനാണോ എന്ന് തീരുമാനിക്കാന്‍ കഴിയില്ല. അതിനുള്ള അധികാരം കോടതികള്‍ക്കാണ് എന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു. കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താന്‍ നിയമം അനുശാസിക്കുന്ന ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇത് ലംഘിച്ചുള്ള എക്സിക്യൂട്ടീവിന്റെ തീരുമാനങ്ങള്‍ സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്ക് കടകവിരുദ്ധമാണ്. നിയമവാഴ്ചയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരെയുള്ള നീക്കം നിയമവിരുദ്ധമാണ്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരണാധികാരികള്‍ക്ക് എതിരെ ശക്തമായ നടപടി വേണം. കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള സര്‍ക്കാരുകളുടെ ഏകപക്ഷീയമായ തീരുമാനം കോടതി വിലക്കി. പാര്‍പ്പിടം പൗരന്റെ മൗലികാവകാശമാണെന്നും ഉത്തരവില്‍ പറയുന്നു. അധികാര ദുര്‍വിനിയോഗത്തിലൂടെ നടത്തുന്ന ഇടിച്ചുനിരത്തലിന് ഉത്തരവു നല്‍കുന്ന ഉദ്യോഗസ്ഥരില്‍ നിന്നു തന്നെ പിഴ ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അന്താരാഷ്ട്ര പ്രാധാന്യമുള്ള അഞ്ച് പുതിയ തണ്ണീർത്തടങ്ങൾ (റാംസർ സൈറ്റുകൾ) കൂടി ഇന്ത്യ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ മൂന്ന് തണ്ണീർത്തടങ്ങൾ (കരിക്കിളി പക്ഷി സങ്കേതം, പള്ളിക്കരനൈ മാർഷ് റിസർവ് വനം, പിച്ചാവരം കണ്ടൽപ്രദേശം), മിസോറാമിലെ പാലാ തണ്ണീർത്തടം, മധ്യപ്രദേശിലെ സഖ്യ സാഗർ എന്നിവയാണ് ഇന്ത്യ പുതുതായി നിശ്ചയിച്ചിട്ടുള്ളത്. ഇതോടെ രാജ്യത്തെ മൊത്തം റാംസർ സൈറ്റുകളുടെ എണ്ണം 49ൽ നിന്ന് 54 ആയി.
ഓഗസ്റ്റ് ഒമ്പതിനാണ് കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഞ്ജയ് റോയിയെന്ന സിവിക് വോളണ്ടിയറെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. വനിതാ ഡോക്ടര്‍ക്ക് നീതി ലഭിക്കണമെന്നും ജോലി സ്ഥലത്ത് സുരക്ഷ വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍ രാജ്യവ്യാപക പ്രതിഷേധം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സഞ്ജയ് ഘോഷിനെ അറസ്റ്റ് ചെയ്തിരുന്നു.
കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനമായി ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്‘ന്റെ പ്രീമിയർ ഷോ അരങ്ങേറി. ഒരു ഇന്ത്യൻ ഫിലിം കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് മത്സരിക്കുന്നത് 30 വർഷങ്ങൾക്കുശേഷമാണ്. ആദ്യമായാണ് ഒരു ഇന്ത്യൻ വനിത കാനിലെ ഗ്രാൻഡ് പ്രൈസ് മത്സര വിഭാഗത്തിലേക്ക് യോഗ്യത നേടുന്നത്. സംവിധായക പായൽ കപാഡിയ, പ്രധാന താരങ്ങൾ ആയ ദിവ്യ പ്രഭ, കനി കുസൃതി, ഹൃദ്ദു ഹാറൂൺ, ഛായാ ഖദം എന്നിവരോടൊപ്പം രണബീർ ദാസ്, ജൂലിയൻ ഗ്രാഫ്, സീ ക്കോ മൈത്രാ, തോമസ് ഹക്കിം എന്നിവർ റെഡ് കാർപ്പറ്റിൽ ചുവടുവച്ചു. പായൽ കപാഡിയയുടെ ആദ്യ ഫിക്ഷൻ ഫീച്ചർ, ഇന്നത്തെ മുംബൈയിലെ രണ്ട് വ്യത്യസ്ത നഴ്‌സുമാരുടെ ജീവിതവുമായി ബന്ധപ്പെട്ട മനോഹരമായ പ്രമേയമാണ്.
രാജ്യത്തെ ഏറ്റവും നീളമേറിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് അഥവാ അടല്‍ സേതു 2024 ജനുവരി 12ന് തുറന്നു. മുംബൈ നഗരത്തെ നവി മുംബൈയിലെ നാവ്സേവയുമായി ബന്ധിപ്പിക്കുന്നതാണ് 22 കിലോമീറ്റര്‍ നീളമുള്ള ആറുവരിപ്പാത. 16.5 കിലോ മീറ്റര്‍ കടലിന് കുറുകേയാണ് പാലം കടന്നുപോകുന്നത്. പാലത്തിന്റെ വരവോടെ 90 മിനിറ്റ് യാത്രാസമയം 20 മിനിറ്റായാണ് കുറഞ്ഞത്. 2018ല്‍ നിര്‍മ്മാണമാരംഭിച്ച പദ്ധതി ആറു വര്‍ഷം സമയമെടുത്ത് 18,000 കോടി രൂപ ചെലവിലാണ് പൂര്‍ത്തിയാക്കിയത്. 6.5 വരെ തീവ്രതയുള്ള ഭൂമികുലുക്കത്തെ പ്രതിരോധിക്കാനുള്ള ശേഷി , തത്സമയ ട്രാഫിക് വിവരങ്ങള്‍ , സ്റ്റീല്‍ ഡെക് , നോയിസ് ബാരിയര്‍ തുടങ്ങി ഒട്ടേറെ സവിശേഷതകള്‍ ഈ പാതയ്ക്കുണ്ട്.
നവംബർ 13ന് സുപ്രീം കോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന അധികാരമേറ്റു. ചീഫ് ജസ്റ്റിസായിരുന്ന ഡി വൈ ചന്ദ്രചൂഡിന്റെ കാലവധി അവസാനിച്ചതിനെ തുടർന്നാണ് നിയമനം. ഏകദേശം ഏഴുമാസമാണ് ഇദ്ദേഹത്തിന്റെ സേ വന കാലാവധി. 2025 മേയ് 13ന് സഞ്ജീവ് ഖന്നയുടെ സേവനം പൂർത്തിയാകും.
നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർന്നുവെന്ന ആരോപണം രാജ്യത്ത് വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. 2024 മേയ് അഞ്ചിന് നടന്ന പരീക്ഷയുമായി ബന്ധപ്പെട്ടായിരുന്നു വിവാദങ്ങൾ. എന്‍ടിഎ ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും സമൂഹമാധ്യമങ്ങളിലടക്കം ചോദ്യ പേപ്പറുകൾ പ്രചരിച്ചിരുന്നു. സംഭവത്തില്‍ പതിമൂന്ന് പേർ അറസ്റ്റിലായി. ഇവരിൽ നാല് പേർ വിദ്യാർത്ഥികളായിരുന്നു. പരീക്ഷാ ഫലം വന്നപ്പോള്‍ മുഴുവൻ മാർക്കും നേടിയ കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ധന ആരോപണത്തിന് ശക്തികൂട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.