
എറണാകുളം ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ പത്തുവർഷമായി യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണമാണ് നടക്കുന്നത്. വ്യവസായ, മലയോര, തീരദേശ, കാർഷിക മേഖലകള്‍ എല്ലാം ഉൾപ്പെടുന്ന ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന യാതൊരു പദ്ധതിയും ഈ കാലയളവില്‍ നടപ്പാക്കാൻ ജില്ലാ പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞില്ല. അതേസമയം കോൺഗ്രസിലെയും യുഡിഎഫിലെയും അധികാര തർക്കവും സ്ഥാനമാനങ്ങൾക്കുള്ള വടംവലിയും മൂലം ജില്ലക്ക് നഷ്ടമായത് പത്തുവർഷങ്ങളാണ്. അത് വീണ്ടെടുക്കാനും ജില്ലയുടെ വളർച്ചക്ക് ഉതകുന്ന പദ്ധതികൾ യാഥാർഥ്യമാക്കാൻ കഴിയുന്ന നിർദേശങ്ങളും ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടോടും കൂടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ജില്ലാ പഞ്ചായത്ത് രൂപീകൃതമായിട്ട് 30 വർഷമായി. ഇതിൽ 1995 ‑2000 കാലയളവിൽ സി വി ഔസേഫ്, 2005–2010 കാലയളവിൽ പി എസ് ഷൈല എന്നിവരുടെ നേതൃത്വത്തിൽ എൽഡിഎഫ് ഭരണം ഉണ്ടായിട്ടുണ്ട്. തുടർച്ചയായി പത്തു വർഷം കൂടാതെ രണ്ടു തവണയായി പത്തു വർഷവും ഉൾപ്പടെ 20 വർഷമാണ് യുഡിഎഫ് ഭരിച്ചത്.
കേന്ദ്ര- സംസ്ഥാന ഏജൻസികളുടെ ഫണ്ട് പ്രയോജനപ്പെടുത്തി ജില്ലയുടെ വൈവിധ്യങ്ങൾ മനസിലാക്കി ഭാവനയോടുകൂടിയ ഒരു വികസന പദ്ധതി രൂപപ്പെടുത്താൻ ഈ കാലയളവിൽ യുഡിഎഫിന് കഴിഞ്ഞിട്ടില്ല.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന ജില്ലയിൽ വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായും ആവശ്യമായ ഫണ്ട് ചിലവഴിക്കാൻ ജില്ലാ പഞ്ചായത്ത് ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. ജില്ലയിൽ ഏറെ വികസന സാധ്യതയും തൊഴിൽ സാധ്യതയുമുള്ള ടൂറിസം വളർച്ചക്ക് വേണ്ടിയും തീരദേശ മേഖലയും പ്രദേശ വാസികളും അഭിമുഖീകരിക്കുന്ന വിഷയങ്ങളിലും കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ല. കാർഷിക മേഖലയും, പരമ്പരാഗത മേഖലയും പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോൾ പ്രതീക്ഷകളോടെ ഈ മേഖലയിൽ ജില്ലാ പഞ്ചായത്തിന് യാതൊരു സംഭാവനയും ചെയ്യാനായിട്ടില്ല.
പ്രാദേശിക വികസനം എന്നതും വാർഡുകൾ കേന്ദ്രീകരിച്ചു മാത്രമാണ് നടന്നിട്ടുള്ളത്. യുഡിഎഫിന്റ ഭരണം സമ്പൂർണ പരാജയമായിരുന്നു. സംസ്ഥാന സർക്കാർ അനുവദിച്ച പദ്ധതി വിഹിതത്തിൽ 100 കോടി രൂപയാണ് പത്തു വർഷത്തിനിടയിൽ ചിലവഴിക്കാതെ പാഴാക്കിയത്. വികസനത്തിന് ഊന്നൽ നൽകിയുള്ള പദ്ധതികൾ നടപ്പാക്കാതെ 100 കോടി രൂപയോളം പ്രാദേശിക വികസന രംഗത്തും നഷ്ടമാക്കി. മറ്റു വിവിധ മേഖലകളിലും അവസ്ഥക്ക് വ്യത്യാസമില്ല. ഈ സാഹചര്യത്തിൽ എൽഡിഎഫ് അധികാരത്തിൽ വന്നാൽ ജില്ലയുടെ സമ്പൂർണ വികസനത്തിന് ലക്ഷ്യമിട്ടുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് സിപിഐ (എം) ജില്ലാ സെക്രട്ടറി എസ് സതീഷ്, സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ എന്നിവർ വ്യക്തമാക്കി.
ജില്ലാപഞ്ചായത്തിൽ ആകെ 28 ഡിവിഷനുകളാണുള്ളത്. സിപിഐ (എം) ‑18 സീറ്റിലും സിപിഐ അഞ്ചു സീറ്റിലും കേരള കോൺഗ്രസ്സ് (എം) രണ്ടു സീറ്റിലും എൻസിപി, കേരള കോൺഗ്രസ് (എസ്), കേരള കോൺഗ്രസ് (ബി) ഓരോ ഡിവിഷനുകളിലും മത്സരിക്കും. യുഡിഎഫ് 28 ഡിവിഷനിൽ കോൺഗ്രസ്സ് ‑22,മുസ്ലിം ലീഗ്, കേരള കോൺഗ്രസ് (ജോസഫ്) എന്നീ കക്ഷികൾ രണ്ടു ഡിവിഷനിലും കേരള കോൺഗ്രസ്സ് (ജേക്കബ്), ആർഎസ്പി എന്നിവർ ഓരോ ഡിവിഷനുകളിലും മത്സരിക്കും. ഇരു മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കൊണ്ട് തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.