19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

എസ് ഈശ്വരപ്പയുടെ രാജി ;കര്‍ണ്ണാടകയില്‍ ബിജെപി പ്രതിസന്ധിയില്‍

Janayugom Webdesk
April 15, 2022 4:08 pm

കരാറുകാരനായ സന്തോഷ് പാട്ടീലിന്റെ ആത്മഹത്യയില്‍ പ്രതിരോധത്തിലായ കര്‍ണാടക ഗ്രാമ വികസന വകുപ്പ് മന്ത്രി കെ എസ് ഈശ്വരപ്പയുടെ രാജി ബിജെപി സംസ്ഥാനത്ത് നേരിടുന്നത് വന്‍ പ്രതിസന്ധി. റോഡ് പണി പൂര്‍ത്തിയാക്കാനായി നാല് കോടി രൂപ കൈയില്‍ നിന്ന് മുടക്കി. 

ഒടുവില്‍ ഈശ്വരപ്പയും കൂട്ടാളികളും ശതമാനം കമ്മിഷന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് പറഞ്ഞ് കരാറുകാരനായ സന്തോഷ് പാട്ടീല്‍ ആത്മഹത്യ ചെയ്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ തുടക്കം. കമ്മീഷന്‍ നല്‍കാത്തതിന്റെ പേരില്‍ റോഡ് പണി പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ലെന്നാണ് മന്ത്രിക്കെതിരായ ആരോപണം. ഈശ്വരപ്പ നല്‍കിയ ഉറപ്പിലാണ് ഹിന്ദളഗ ഗ്രാമത്തില്‍ 108 പ്രവൃത്തികള്‍ താന്‍ പൂര്‍ത്തിയാക്കിയതെന്നും കരാര്‍ സംബന്ധിച്ച് ഉത്തരവ് കൈമാറുകയോ പണം നല്‍കുകയോ ചെയ്യാത്തതിനാല്‍ താന്‍ കടക്കെണിയിലെന്നുമാണ് സന്തോഷ് തന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. 

ജാതി രാഷ്ട്രീയത്തിന് വലിയ പ്രാധാന്യമുള്ള കര്‍ണാടകയില്‍ ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള ആളാണ് ബി ജെ പി മന്ത്രിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച് ആത്മഹത്യ ചെയ്തത് എന്നത് നിര്‍ണായകമാണ്. ബി ജെ പിയ്ക്ക് കാര്യമായ സ്വാധീനമുള്ള വോട്ട് ബാങ്കാണ് ലിംഗായത്തുകള്‍. അതോടൊപ്പം ആര്‍ എസ് എസിന്റെയും ലിംഗായത്ത വിഭാഗത്തിന്റെയും പിന്തുണയുള്ള പാര്‍ട്ടിയിലെ അനിഷേധ്യനായ നേതാവാണ് ഈശ്വരപ്പ. ലിംഗായത്തുകള്‍, വൊക്കലിഗകള്‍, ബ്രാഹ്മണര്‍ എന്നിവരുടെ സംഘടനയെന്ന ടാഗില്‍ നിന്ന് പാര്‍ട്ടിയെ അകറ്റാന്‍ ബി ജെ പി നേതൃത്വം ശ്രമിക്കുന്ന കര്‍ണാടകയിലെ പിന്നോക്ക വിഭാഗമായി തരംതിരിക്കുന്ന കുറുബ (ഇടയന്‍) ജാതിയില്‍ നിന്നുള്ളയാളാണ് അദ്ദേഹം.

മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയും ഈ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് എന്നതിനാല്‍ ഈശ്വരപ്പ ഈ വിഭാഗത്തിന്റെ വോട്ട് പിടിക്കാന്‍ കഴിവുള്ള ഒ ബി സി നേതാവാണ്. ഇത് തന്നെയാണ് ബി ജെ പിയെ പ്രതിസന്ധിയിലാക്കുന്നത്. യെദ്യൂരപ്പയെ കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ഒരു വിഭാഗം ലിംഗായത്തുകള്‍ അസ്വസ്ഥരാണ്. അതിന് പിന്നാലെ ഈശ്വരപ്പയ്‌ക്കെതിരായ പുതിയ ആരോപണവും അദ്ദേഹം സ്വീകരിക്കുന്ന നിലപാടും കുറുബ വിഭാഗത്തിലെ വോട്ടിനെ സാരമായി ബാധിച്ചേക്കും എന്നാണ് ബി ജെ പി ഭയക്കുന്നത്.

74 കാരനായ ഈശ്വരപ്പ ബി എസ് യെദ്യൂരപ്പയുടെയും മുതിര്‍ന്ന ബിജെപി നേതാവ് ഡി എച്ച് ശങ്കരമൂര്‍ത്തിയുടെയും അനന്ത് കുമാറിന്റേയുമെല്ലാം സമകാലീനനാണ്. 2014 ല്‍ കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് ബി ജെ പി നാമനിര്‍ദേശം ചെയ്യുകയും കൗണ്‍സിലില്‍ പ്രതിപക്ഷ നേതാവാകുകയും ചെയ്തു. 2012 മുതല്‍ 2013 വരെ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായും ഈശ്വരപ്പ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശിവമോഗ മണ്ഡലമാണ് ഈശ്വരപ്പയുടെ തട്ടകം. അവിടെനിന്ന് പലതവണ ജയിച്ച് നിയമസഭയിലെത്തി. 

2012‑ലെ ജഗദീഷ് ഷെട്ടാര്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു ഈശ്വരപ്പ. 2008‑ലും 2019‑ലും യെദ്യൂരപ്പ മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു ഈശ്വരപ്പ. യെദ്യൂരപ്പ രാജിവെച്ചശേഷം ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റപ്പോഴും മന്ത്രിസ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിയിരുന്നില്ല എന്നത് അദ്ദേഹത്തിന്റെ സ്വാധീനം വിളിച്ചോതുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനില്‍ നിന്ന് ഉപമുഖ്യമന്ത്രിയിലേക്ക് വരെയെത്തി വളര്‍ച്ചയാണ് ഈശ്വരപ്പയുടേത്. കര്‍ഷകത്തൊഴിലാളികളുടെ മകനായാണ് ഈശ്വരപ്പ ജനിച്ചത്. ആര്‍ എസ് എസിലും എ ബി വി പിയിലും തുടങ്ങി ബി ജെ പിയില്‍ ചേരുകയായിരുന്നു.

കര്‍ണാടകയിലെ ബി ജെ പിയുടെ തുടക്കക്കാരില്‍ ഒരാളായി കണക്കാക്കപ്പെടുന്നയാളാണ് ഈശ്വരപ്പ. മെമ്പര്‍ഷിപ്പ് ഡ്രൈവുകളില്‍ യെദ്യൂരപ്പയ്ക്കൊപ്പം നിന്ന നേതാവ്, പിന്നീട് മുന്‍ ലിംഗായത്ത് ശക്തനെ ‘മെരുക്കാന്‍’ അദ്ദേഹം മറ്റ് ബി ജെ പി നേതാക്കളുമായി സഖ്യമുണ്ടാക്കിയതായും വിശ്വസിക്കപ്പെടുന്നു.ബി ജെ പിയിലെ ഏറ്റവും ഉയര്‍ന്ന പിന്നാക്ക വിഭാഗ നേതാവാണ് ഈശ്വരപ്പ. മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി സംസ്ഥാന ഘടകം മുന്‍ അധ്യക്ഷനുമായ ഈശ്വരപ്പ എപ്പോഴും യെദ്യൂരപ്പയേക്കാള്‍ ഒരു പടി പിന്നിലായിരുന്നു. 1983ല്‍ ശിഖാരിപുരയില്‍ നിന്നാണ് യെദ്യൂരപ്പ ആദ്യമായി നിയമസഭാ സീറ്റില്‍ വിജയിച്ചതെങ്കില്‍ 1989ല്‍ അയല്‍മണ്ഡലമായ ശിവമോഗയില്‍ നിന്നാണ് ഈശ്വരപ്പ വിജയിച്ചത്. 1988ല്‍ യെദ്യൂരപ്പ ബി ജെ പി സംസ്ഥാന അധ്യക്ഷ പദവി വഹിച്ച ശേഷം 1992ല്‍ അദ്ദേഹം ബി ജെ പി സംസ്ഥാന അധ്യക്ഷനായി. 2013ല്‍ യെദ്യൂരപ്പ ബി ജെ പി വിട്ട് കര്‍ണാടക ജനതാ പാര്‍ട്ടി (കെ ജെ പി) രൂപീകരിച്ചപ്പോള്‍, ഒരു വലിയ നേതാവായി ഉയര്‍ന്നുവരാനുള്ള ഈശ്വരപ്പയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.

ആ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയും പിന്നാലെ യെദ്യൂരപ്പ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയതും തിരിച്ചടിയായി. 2013ല്‍ യെദ്യൂരപ്പ ബി.ജെ.പിയില്‍ തിരിച്ചെത്തിയതിനുശേഷവും ബി.എല്‍ സന്തോഷിന്റെ പിന്തുണയോടെ ഈശ്വരപ്പ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ‘സങ്കൊല്ലി രായണ്ണ ബ്രിഗേഡ്’ എന്ന പേരില്‍ കലാപം ഉയര്‍ത്തി. യെദ്യൂരപ്പയുടെ ലിംഗായത്ത് പിന്തുണ മൂലം പാര്‍ട്ടിയിലെ സ്വാധീനം തകര്‍ക്കാന്‍ പിന്നാക്ക വിഭാഗങ്ങളെ ഏകീകരിക്കാനുള്ള ശ്രമമായി ഇത് കണക്കാക്കപ്പെട്ടു. വിവാദ സിഡിയുടെ പേരില്‍ പേഴ്സണല്‍ അസിസ്റ്റന്റുമാര്‍ ഏറ്റുമുട്ടിയതോടെ ഇരു നേതാക്കളും തമ്മിലുള്ള ഭിന്നത പുതിയ തലത്തിലെത്തി. പലതവണ, നേതാക്കള്‍ക്കിടയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് ഇടപെടേണ്ടി വന്നിട്ടുണ്ട്.

യെദ്യൂരപ്പ തന്റെ വകുപ്പില്‍ ഇടപെട്ടെന്ന് ആരോപിച്ച് 2021ല്‍ ഈശ്വരപ്പ അന്നത്തെ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് കത്തെഴുതി. പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ ദുര്‍ബലമായ നിലയിലായിരുന്ന യെദ്യൂരപ്പയ്ക്ക് ഈശ്വരപ്പയുടെ കത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അതേ വര്‍ഷം ജൂലൈയില്‍ യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു. എന്നാല്‍ രാജി കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്നാണ് പ്രതിപക്ഷനിലപാട് . ഈശ്വരപ്പയെ അറസ്റ്റ് ചെയ്യും വരെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് തീരുമാനം. സംഭവം ആളിക്കത്തിക്കാന്‍ സാധ്തഏറെയാണ് 

Eng­lish Sum­ma­ry: S Eeswarap­pa resigns, BJP in cri­sis in Karnataka

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.