
എൻഡിടിവി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അഡാനി കുടുംബാംഗങ്ങൾ ഇൻസൈഡർ ട്രേഡിങ് (രഹസ്യ വിവരങ്ങൾ ഉപയോഗിച്ചുള്ള ഓഹരി ഇടപാട്) നടത്തിയെന്ന് സെബിയുടെ കണ്ടെത്തൽ. ഗൗതം അഡാനിയുടെ അനന്തരവനും അഡാനി ഗ്രൂപ്പ് ഡയറക്ടറുമായ പ്രണവ് അഡാനിക്കെതിരെ സെബി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. എൻഡിടിവി ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പ്രഖ്യാപനത്തിന് മുൻപേ തന്നെ പ്രണവ് അഡാനി തന്റെ ബന്ധുക്കളായ കുനാൽ ഷാ, നൃപാൽ ഷാ, ധൻപാൽ ഷാ എന്നിവർക്ക് ചോർത്തി നൽകി എന്നാണ് സെബിയുടെ പ്രാഥമിക കണ്ടെത്തൽ. 2022 ഓഗസ്റ്റ് 23‑നാണ് അഡാനി ഗ്രൂപ്പ് എൻഡിടിവി ഏറ്റെടുക്കുന്ന വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. എന്നാൽ ഈ വിവരം പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതിന് മുൻപ് തന്നെ പ്രണവ് അഡാനിയും ബന്ധുക്കളും തമ്മിൽ നിരന്തരമായി ആശയവിനിമയം നടത്തിയതായും ഫോൺ കോളുകൾ കൈമാറിയതായും സെബി നിരീക്ഷിച്ചു.
ഏറ്റെടുക്കൽ വാർത്ത പുറത്തുവരുന്നതോടെ ഓഹരി വില കുതിച്ചുയരുമെന്ന രഹസ്യ വിവരം ഉപയോഗിച്ച് ബന്ധുക്കൾ എൻഡിടിവി ഓഹരികൾ വൻതോതിൽ വാരിക്കൂട്ടി എന്നാണ് റിപ്പോർട്ട്. വാർത്ത പുറത്തുവന്നതിന് ശേഷം ഓഹരി വില ഉയർന്നപ്പോൾ ഈ ഓഹരികൾ വിറ്റഴിച്ച് ഇവർ ലാഭം നേടി. കുനാൽ ഷാ ഏകദേശം 78,000 ഓഹരികളാണ് വാങ്ങിയത്. ഒരു ദിവസം വിപണിയിൽ നടന്ന ആകെ എൻഡിടിവി ഓഹരി വ്യാപാരത്തിന്റെ ഒമ്പത് ശതമാനവും ഇദ്ദേഹമായിരുന്നു നടത്തിയത്. ഇതിലൂടെ 52.89 ലക്ഷം രൂപ നിയമവിരുദ്ധ ലാഭമുണ്ടാക്കിയെന്ന് സെബി ആരോപിക്കുന്നു. നൃപാൽ ഷാ, ധൻപാൽ ഷാ എന്നിവർ യഥാക്രമം 52.7 ലക്ഷം രൂപയും 32.6 ലക്ഷം രൂപയും ഇത്തരത്തിൽ ലാഭമുണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. നേരത്തെ അഡാനി ഗ്രീന്‍ എനര്‍ജിയുമായി ബന്ധപ്പെട്ട സമാനമായ ഒരു കേസ് തെളിവുകളുടെ അഭാവത്തില്‍ സെബി തള്ളിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.