കുറുക്കന്‍മൂലയില്‍ മൂന്നാഴ്ചയായി തുടരുന്ന കടുവ തിരച്ചിലില്‍ പങ്കെടുക്കുന്ന രണ്ടുപേര്‍ അല്‍പ്പം വ്യത്യസ്ഥരാണ്. ഒരുകാലത്ത് വനം വകുപ്പിന്റെ ഉറക്കം കളഞ്ഞ രണ്ട് ആനകളാണത്.നൂല്‍പ്പുഴയില്‍ അന്ന് ഇവരെ തിരഞ്ഞുനടന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം മറ്റൊരു തിരച്ചിലില്‍ പങ്കെടുക്കയാണ് കല്ലൂരില്‍ നിന്നും വടക്കനാട് നിന്നും വനം വകുപ്പ് പിടിച്ച ഈ കൊമ്പന്മാര്‍. പ്രത്യേക പരിശീലനം ലഭിച്ച കുങ്കിയാനകളായാണ് കൊമ്പന്മാര്‍ ഇവിടേക്കെത്തിയത്. കുറുക്കന്മൂലയിലെ കടുവാ ദൗത്യത്തിലെ പ്രധാനികളായ ഇവര്‍ ഒരുകാലത്ത് നൂല്‍പ്പുഴയെന്ന വനയോരഗ്രാമത്തിലെ പേടിസ്വപ്‌നങ്ങളായിരുന്നു. കാര്‍ഷിക ഗ്രാമങ്ങളിലെ ജനങ്ങള്‍ പൊറുതിമുട്ടി ദീര്‍നാള്‍ ഇവരെച്ചൊല്ലി സമരം ചെയ്തു. കൊമ്പന്മാര്‍ കാടിറങ്ങുന്നത് തടയാനും തുരത്താനും വനംവകുപ്പ് ഉറക്കമൊഴിച്ചത് ആഴ്ചകളോളമാണ്. ഇന്ന് അതേ ജീവനക്കാര്‍ക്കൊപ്പം കടുവയെ പിടികൂടാന്‍ പാടുപെടുന്നവരില്‍ പ്രധാനികളാണ് കല്ലൂര്‍, വടക്കനാട് കൊമ്പന്മാര്‍. ആദ്യം പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിക്കുകയും ശല്യം തുടര്‍ന്നതോടെ വീണ്ടും പിടികൂടി ആനപ്പന്തിയില്‍ എത്തിക്കുകയും ചെയ്തതാണിവരെ. പരാക്രമികളായ കൊമ്പന്മാരെ മെരുക്കാന്‍ വര്‍ഷങ്ങളെടുത്തു. മയക്കുവെടിവെച്ച് കടുവയെ പിടികൂടാന്‍ സ്ഥലത്തുള്ള വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയ തന്നെയാണ് ഇവരേയും അന്ന് മയക്കുവെടിവെച്ചത്.പ്രശ്‌നക്കാരായ ആനകളെ പിടികൂടി കുങ്കിയാനകളാക്കി വനം വകുപ്പിന്റെ ഭാഗമാക്കാന്‍ അന്ന് സര്‍ക്കാരിന് നിവേദനം നല്‍കിയത് വന്യമൃഗശല്യ പ്രതിരോധ ആക്ഷന്‍ കമ്മിറ്റി ചെയര്‍മ്മാര്‍ ടി സി ജോസഫായിരുന്നു. 2016 നവംബറില്‍ കല്ലൂര്‍ കൊമ്പനെയും 2019 മാര്‍ച്ചില്‍ വടക്കനാട് കൊമ്പനേയും പിടികൂടി.ഭരത്, വിക്രം എന്നിങ്ങനെയാണ് ഇപ്പോഴുള്ള ജീവിതത്തിലെ ഇവരുടെ പേരുകള്‍. മുത്തങ്ങയിലെ ആനപ്പന്തി പിന്നീട് കുങ്കിയാന പരിശീലന കേന്ദ്രമായി. ഇന്നിപ്പോള്‍ ഒന്‍പത് അംഗങ്ങളിലെ മുന്‍ നിരക്കാരാണിവര്‍. വനം വകുപ്പിന്റെ കുങ്കിയാനപ്പടയുടെ ആസ്ഥാനവും മുത്തങ്ങയായി.വന്യമൃഗശല്യം രൂക്ഷമായി തുടരുന്ന വയനാട്ടിലെ വനയോര ഗ്രാമങ്ങളില്‍ ഒരുകാലത്തെ ശല്യക്കാര്‍ ഇന്ന് ആശ്വാസമാണ്.കടുവ ഭീതിപരത്തിയ കുറുക്കന്മൂലയിലും പരിസര ഗ്രാമങ്ങളിലുമുള്ളവര്‍ ആദ്യം ആവശ്യപ്പെട്ടതും ഈ കൊമ്പന്മാരെ ഉപയോഗിച്ചുള്ള തിരച്ചിലാണ്. തിരച്ചില്‍ അവസാനിച്ചിട്ടില്ല. പാപ്പാന്മാരുടെ ശബ്ദമുയരുന്നുണ്ട്. അവര്‍ക്കൊപ്പം കാട്ടിലേക്ക് വീണ്ടും കയറിപ്പോവുകയാണിവര്‍. പഴയ കാടും പഴയ നടത്തവുമല്ല.കാലുകളേയും മനസ്സിനേയും ബന്ധിപ്പിക്കുന്ന ഒരു കുരുക്കിന്റെ അനുസരണയില്‍. പണ്ട് നാടിനെ വിറപ്പിച്ചവര്‍ ഇന്ന് നാടിനെ വിറപ്പിക്കുന്നവരെ തിരയുന്ന കുങ്കിയാനകള്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.