23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 6, 2024
August 26, 2024
June 14, 2024
June 6, 2024
April 5, 2024
November 25, 2021
November 12, 2021
November 11, 2021

കര്‍ഷകസമരത്തെ അപമാനിച്ച് കങ്കണ റണൗട്ട്

Janayugom Webdesk
ഷിംല
August 26, 2024 11:05 pm

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തിയ സമരത്തെ അവഹേളിച്ച് ബോളിവുഡ് ചലച്ചിത്ര നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട്. കടുത്ത വിവാദ പരാമര്‍ശങ്ങളാണ് കങ്കണ നടത്തിയത്. കര്‍ഷക സമരത്തിനിടയില്‍ കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടന്നതായി കങ്കണ ആരോപിച്ചു. കർഷകര്‍ക്ക് പിന്നിൽ വിദേശ ശക്തികളാണെന്നും ബംഗ്ലാദേശില്‍ സംഭവിച്ചത് ഇന്ത്യയിലും സംഭവിച്ചേനേ എന്നും കങ്കണ റണൗട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മുമ്പും കര്‍ഷകസമരത്തിനെതിരെ നിരവധി വിവാദ പ്രസ്താവനകള്‍ നടത്തി കങ്കണ റണൗട്ട് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കര്‍ഷകസ്ത്രീകള്‍ 500 രൂപ ലഭിക്കുന്നതിന് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന പ്രസ്താവനക്ക് പിന്നാലെ വിമാനത്താവളത്തില്‍ വച്ച് സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിള്‍ കങ്കണയുടെ കരണത്തടിച്ച സംഭവമുണ്ടായിരുന്നു. 

കങ്കണയുടെ പരാമര്‍ശം വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. പഞ്ചാബിലെ പ്രതിപക്ഷ നേതാക്കൾ റണൗട്ടിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. കങ്കണയെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് രാജ് കുമാർ വെർക്ക ആവശ്യപ്പെട്ടു. പഞ്ചാബിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന പ്രസ്‌താവനകളാണ് ബിജെപി എംപി നിരന്തരം നടത്തുന്നതെന്ന് എഎപി ചൂണ്ടിക്കാട്ടി. കങ്കണ റണൗട്ട് മറ്റ് മതങ്ങൾക്കെതിരെയാണ് സംസാരിക്കുന്നതെന്ന് മുൻ എംപിയും ശിരോമണി അകാലിദൾ പ്രസിഡന്‍റുമായ സുഖ്ബീർ ബാദൽ പറഞ്ഞു.

അതേസമയം, കങ്കണ റണൗട്ടിന്റെ ഏറ്റവും പുതിയ ചിത്രമായ എമർജൻസി നിരോധിക്കണം എന്ന ആവശ്യവുമായി ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയും രംഗത്തെത്തി. കങ്കണയുടെ പ്രസ്താവനയോട് ബിജെപി അകലം പാലിക്കുകയാണ്. പാര്‍ട്ടി നിലപാട് പ്രഖ്യാപിക്കാന്‍ കങ്കണയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ബിജെപി ദേശീയ നേതൃത്വം പ്രസ്താവനയില്‍ അറിയിച്ചു. ഭാവിയില്‍ സമാനമായ പ്രസ്താവനകള്‍ നടത്തരുതെന്നും പാര്‍ട്ടി താക്കീത് നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.