22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 8, 2024
September 4, 2024
February 3, 2024
January 11, 2024
January 2, 2024
November 8, 2023
August 25, 2023
August 23, 2023
August 17, 2023
August 16, 2023

കൂറുമാറിയ എംഎൽഎമാർക്ക് പെൻഷൻ ലഭിക്കില്ല ; ഭേദഗതി ബില്ലുമായി ഹിമാചൽ പ്രദേശ്

ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു ബിൽ അവതരിപ്പിച്ചു
Janayugom Webdesk
ഷിംല
September 4, 2024 8:50 pm

കൂറുമാറിയ എംഎൽഎമാർക്ക് പെൻഷൻ തടയുന്ന ഭേദഗതി ബില്ലുമായി ഹിമാചൽ പ്രദേശ് സർക്കാർ . കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെട്ട അംഗങ്ങളുടെ പെൻഷൻ തടയുന്നതിനുള്ള ഭേദഗതി ബില്ലാണ് ഹിമാചൽ പ്രദേശ് നിയമസഭയിൽ പാസാക്കിയത്. കൂറുമാറുന്ന എംഎൽഎമാർക്കു മേലുള്ള കുരുക്കു മുറുക്കിക്കൊണ്ട് ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖുവാണ് ഭേദഗതി ബില്ല് അവതരിപ്പിച്ചത്. ഇതോടെ കൂറുമാറുന്ന നിയമസഭാ അംഗങ്ങളുടെ അലവൻസുകളും പെൻഷനും തടയപ്പെടും.

 

ഭരണഘടനയുടെ പത്താം ഷെഡ്യൂൾ (കൂറുമാറ്റ നിരോധന നിയമം) പ്രകാരം ഏതെങ്കിലും ഘട്ടത്തിൽ അയോഗ്യനാക്കപ്പെട്ടാൽ, നിയമപ്രകാരം ആ വ്യക്തിക്ക് പെൻഷന് അർഹതയില്ലെന്ന് ബില്ല് വ്യക്തമാക്കുന്നു. അനർഹരായ നിയമസഭാംഗങ്ങളുടെ പെൻഷൻ വീണ്ടെടുക്കുന്നതിനുള്ള വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടുന്നു. നിയമ പ്രകാരം, അഞ്ചു വർഷം വരെ സേവനമനുഷ്ഠിച്ച എല്ലാ നിയമസഭാംഗങ്ങൾക്കും പ്രതിമാസം 36,000 രൂപ പെൻഷനുള്ള അർഹതയുണ്ട്.

 

കൂടാതെ, ഓരോ നിയമസഭാംഗത്തിനും ആദ്യ ടേമിന്റെ കാലയളവിനേക്കാൾ കൂടുതലായി എല്ലാ വർഷവും പ്രതിമാസം 1,000 രൂപ അധിക പെൻഷൻ നൽകുമെന്നും വ്യവസ്ഥയുണ്ട്. നിർണായക ബജറ്റ് ചർച്ചകളിൽ പാർട്ടി വിപ്പ് ലംഘിച്ചതിന് ശിക്ഷിക്കപ്പെട്ട സുധീർ ശർമ, രവി താക്കൂർ, രജീന്ദർ റാണ, ഇന്ദർ ദത്ത് ലഖൻപാൽ, ചേതന്യ ശർമ, ദേവീന്ദർ കുമാർ എന്നീ ആറു കോൺഗ്രസ് എംഎൽഎമാരെ ഈ വർഷം ആദ്യം അയോഗ്യരാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബിൽ കൊണ്ടുവന്നിരിക്കുന്നത്. സുധീർ ശർമ്മയും ദത്ത് ലഖൻപാലും ഉപതിരഞ്ഞെടുപ്പിലൂടെ സ്ഥാനം തിരിച്ചുപിടിച്ചിരുന്നു. എന്നാൽ മറ്റു നാലു പേരും തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പാർട്ടി മാറുന്നത് തടയുന്നതിനായാണ് കൂറുമാറ്റ നിരോധന നിയമം നിലവിൽ കൊണ്ടുവന്നത്. 1985ലാണ് നിയമം പാർലമെൻ്റിൽ പാസാക്കിയത്.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.