10 January 2025, Friday
KSFE Galaxy Chits Banner 2

കേരളത്തിന് 1,228 കോടി ലോകബാങ്ക് വായ്പ

Janayugom Webdesk
തിരുവനന്തപുരം
June 17, 2023 11:44 pm

പ്രകൃതി ദുരന്തങ്ങളും പകർച്ചവ്യാധികളും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രത്യാഘാതങ്ങളും നേരിടാനുള്ള തയ്യാറെടുപ്പുകൾക്ക് ലോകബാങ്ക് കേരളത്തിന് 1,228 കോടി രൂപ വായ്പ അനുവദിച്ചു. മുമ്പ് അനുവദിച്ച 1,023 കോടിയുടെ ധനസഹായത്തിന് പുറമെയാണിത്. തീരശോഷണം തടയൽ, ജലവിഭവ പരിപാലനം തുടങ്ങിയ മേഖലകളിൽ സംസ്ഥാനത്തിന് ആശ്വാസമേകുന്നതാണ് നടപടി. 

കേരളത്തിൽ പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും ഉണ്ടാകാൻ സാധ്യത കൂടുതലാണെന്ന് ലോകബാങ്ക് വിലയിരുത്തി. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സംസ്ഥാനത്ത് ഒട്ടേറെപ്പേരുടെ മരണത്തിന് ഇടയാക്കി. ഇത്തരം ദുരന്തങ്ങൾ കർഷകര്‍ ഉൾപ്പെടെയുള്ളവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചതായും ലോകബാങ്ക് വിലയിരുത്തി. 

കേരളത്തിന്റെ 580 കിലോമീറ്റർ തീരപ്രദേശത്തിന്റെ 45 ശതമാനവും നശിക്കുന്നു. പമ്പാ നദീതടത്തിലെ ഉയർന്ന പ്രദേശങ്ങളിലും നദികളിലും കനത്ത മഴ നാശം വിതയ്ക്കുന്നു. 1925 നും 2012നും ഇടയിൽ വനവിസ്തൃതി 44 ശതമാനത്തിലധികം കുറഞ്ഞതായും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ടെന്ന് ലോകബാങ്ക് വിലയിരുത്തി.
വായ്പയ്ക്ക് ആറു വർഷത്തെ ഗ്രേസ് പിരീഡ് ഉൾപ്പെടെ 14 വർഷത്തെ കാലാവധിയുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രതിരോധം വർധിപ്പിക്കാൻ കേരളത്തെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് ലോകബാങ്കിന്റെ ഇന്ത്യാ ഡയറക്ടർ അഗസ്റ്റെ ടാനോ കൗമേ പറഞ്ഞു. കഴിഞ്ഞ ദിവസം അമേരിക്കയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ലോകബാങ്ക് മാനേജിങ് ഡയറക്ടർ അന്ന വെർദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

Eng­lish Summary:1,228 crore World Bank loan to Kerala

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.