
യുപിഐയും മറ്റ് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളും നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിട്ടും ഇന്ത്യയിൽ ഇളക്കം തട്ടാതെ കറൻസി നോട്ടുകളുടെ ആധിപത്യം. രാജ്യത്തെ പണമിടപാടുകളിൽ ഇപ്പോഴും സിംഹഭാഗവും നടക്കുന്നത് നോട്ടുകൾ വഴിയാണെന്ന് മുൻ കേന്ദ്ര ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് ചൂണ്ടിക്കാട്ടി. ഡിജിറ്റൽ ഇടപാടുകളുടെ വളർച്ചാനിരക്കിൽ കഴിഞ്ഞ രണ്ട് വർഷമായി പ്രകടമായ കുറവുണ്ടായതായും അദ്ദേഹം നിരീക്ഷിച്ചു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡിജിറ്റൽ റീട്ടെയിൽ പേയ്‌മെന്റുകളിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ വളർച്ചയുടെ വേഗത കുറയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2021–22 സാമ്പത്തിക വർഷത്തിൽ 105.80% ആയിരുന്ന യുപിഐ വളർച്ചാ നിരക്ക് 2024–25ൽ 41.74% ആയി കുറഞ്ഞു. 2025–26 വർഷത്തിൽ ഇത് വീണ്ടും താഴ്ന്ന് 20% ലേക്ക് എത്തിയേക്കാമെന്നും സുഭാഷ് ചന്ദ്ര ഗാർഗ് പറഞ്ഞു. നിലവിൽ പ്രതിമാസം ശരാശരി 2,000 കോടി യുപിഐ ഇടപാടുകളാണ് രാജ്യത്ത് നടക്കുന്നത്.
ഡിജിറ്റൽ വിപ്ലവം നടക്കുമ്പോഴും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നാല് നിർണായക മേഖലകൾ ഇപ്പോഴും കറൻസി നോട്ടുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഭൂമി, കെട്ടിടം എന്നിവയുടെ വാങ്ങൽ, വിൽക്കൽ, രജിസ്ട്രേഷൻ ഇടപാടുകളിൽ ഇപ്പോഴും പണം കൈമാറുന്നതിനാണ് മുൻഗണന. കാർഷികോല്പന്നങ്ങൾ വിൽക്കുമ്പോൾ കർഷകർ വരുമാനം നേരിട്ട് പണമായി വാങ്ങാനാണ് താല്പര്യപ്പെടുന്നത്. അനൗദ്യോഗിക വ്യവസായ മേഖലയിലെ നിക്ഷേപങ്ങളും ദൈനംദിന ഇടപാടുകളും ഭൂരിഭാഗവും കറന്‍സി വഴിയാണ് നടക്കുന്നത്. ഗ്രാമീണ മേഖലയിലെ ചെറുകിട കച്ചവടക്കാർ ഇപ്പോഴും ക്യുആർ കോഡ് അധിഷ്ഠിത ഇടപാടുകളെക്കാൾ കറൻസി കൈമാറ്റത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
റിസർവ് ബാങ്കിന്റെ കറൻസി ഇൻ സർക്കുലേഷൻ രേഖകൾ പ്രകാരം, ചെക്കുകളിൽ നിന്നും ഡിജിറ്റൽ മോഡുകളിലേക്ക് ഇടപാടുകൾ മാറിയിട്ടുണ്ടെങ്കിലും വിപണിയിലുള്ള നോട്ടുകളുടെ അളവ് കുറഞ്ഞിട്ടില്ല. ചെറുകിട ഇടപാടുകൾക്ക് യുപിഐ സൗകര്യപ്രദമാണെങ്കിലും വലിയ ഇടപാടുകൾക്കും സമ്പാദ്യത്തിനുമായി ഭൂരിഭാഗം ആളുകളും ഇപ്പോഴും കറൻസിയെയാണ് വിശ്വസിക്കുന്നത്. ഈ പ്രവണത തുടരുന്നിടത്തോളം കാലം ഇന്ത്യൻ വിപണിയിൽ കറൻസി തന്നെ രാജാവായി തുടരുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.