23 February 2026, Monday

തിരുപ്പതി ലഡു ഇനി ഇ‑ടങ്, ഇ‑നോസ് മെഷീനുകള്‍ രുചിച്ച് നോക്കും

Janayugom Webdesk
ഹൈദരാബാദ്
February 23, 2026 3:26 pm

തിരുപ്പതി തിരുമലയില്‍ ഭക്തര്‍ക്ക് നല്‍കുന്ന പ്രസാദത്തിന്റെയും ഭക്ഷണത്തിന്റെയും ഗുണനിലവാരവും സുരക്ഷയും ഉറപ്പാൻ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. ഉടന്‍ തന്നെ അത്യാധുനിക ഭക്ഷ്യ ലബോറട്ടറി ആരംഭിക്കുമെന്ന് അറിയിച്ചു. പ്രസാദം തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ഏകദേശം 60 അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി നവീന ഉപകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന 25 കോടി രൂപയുടെ ലാബാണ് സ്ഥാപിക്കുന്നത്. 

നെയ്യ്, കശുവണ്ടി, ഉണക്കമുന്തിരി, ബദാം, പയര്‍, പഞ്ചസാര, ഏലം, മഞ്ഞള്‍, മുളകുപൊടി അടക്കമുള്ള അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് പുതിയ ലാബ്. ഇതിനായി ഫ്രാന്‍സില്‍ നിന്ന് 3.5 കോടി രൂപയ്ക്ക് ഇ‑ടങ്, ഇ‑നോസ് (E‑Tongue, E‑Nose) മെഷീനുകള്‍ ഇറക്കുമതി ചെയ്യും. നെയ്യുടെ ഗുണനിലവാരത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും ഈ മെഷീനുകള്‍ക്ക് കണ്ടെത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. ലാബ് പ്രവര്‍ത്തനങ്ങള്‍ 90 ശതമാനം പൂര്‍ത്തിയായതായും അടുത്ത മാസം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.

2024 ഒക്ടോബര്‍ 8 ന് ഡല്‍ഹിയില്‍ സംസ്ഥാന ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി ഓഫ് ഇന്ത്യയും ഒപ്പുവച്ച കരാറിനെ തുടര്‍ന്നാണ് ലാബ് സ്ഥാപിക്കുന്നത്. ആരോഗ്യ വകുപ്പില്‍ നിന്നും തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളില്‍ നിന്നുമുള്ള ഏകദേശം 40 ജീവനക്കാര്‍ ലാബ് കൈകാര്യം ചെയ്യും. അടുത്തിടെ മായം ചേര്‍ത്ത നെയ്യ് ഉപയോഗിച്ചതായുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.